ഗാനഗന്ധർവൻ യേശുദാസിന് പോലും തുടക്കകാലത്ത് ധാരാളം അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗായകൻ മാർക്കോസ്. തങ്ങൾക്ക് മാത്രമല്ല ദാസേട്ടനും കരിയറിന്റെ തുടക്കത്തിൽ വെല്ലുവിളികളും മാറ്റി നിറുത്തലും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മാർക്കോസ് പറയുന്നു. ഒരു പരിധി വരെ ഒതുക്കപ്പെടലിന് തനിക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രധാന പ്രശ്നം അന്നത്തെ നിർമ്മാതാക്കളും സംവിധായകരുമായിരുന്നു. അവർക്ക് താൽപര്യമുള്ളവരെ മാത്രമേ പാടിപ്പിക്കാൻ അവർ തയ്യാറായിരുന്നുള്ളുവെന്നും മാർക്കോസ് വെളിപ്പെടുത്തുന്നു.
ഗായകൻ മാർക്കോസിന്റെ വാക്കുകൾ-
''യേശുദാസ് പിന്നണി ഗായകനായി വരുന്ന സമയം. അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു വരുന്ന സമയം കൂടിയാണ്. അന്നത്തെ ഏറ്റവും വലിയ പാട്ടുകാർ പി.ബി ശ്രീനിവാസൻ, കമുകറ പുരുഷോത്തമൻ തുടങ്ങിയവരാണ്. അതിൽ നിന്ന് വേറിട്ട ശബ്‌ദമാണ് യേശുദാസിന്റേത്. പക്ഷേ പാടിക്കാൻ ആരും തയ്യാറല്ലായിരുന്നു. ദേവരാജൻ മാഷ് മാത്രമേ അന്ന് പുള്ളിക്ക് ഒരു സപ്പോർട്ട് ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ നിർമ്മാതാവ് കുഞ്ചോക്കോയോട് ദേവരാജൻ മാഷ് പറഞ്ഞു, എടോ നല്ലൊരു പയ്യൻ വന്നിട്ടുണ്ട്. നമ്മുടെ അടുത്ത പടത്തിൽ അയാൾക്കൊരു ചാൻസ് കൊടുക്ക്. അതൊന്നും വേണ്ട. നമുക്ക് സ്ഥിരമായിട്ട് പാടുന്നവർ തന്നെ മതി എന്നായിരുന്നു കുഞ്ചാക്കോയുടെ മറുപടി. രണ്ടുമൂന്ന് തവണ പറഞ്ഞിട്ടും കുഞ്ചാക്കോ കേൾക്കാതിരുന്നപ്പോൾ മാഷ് വർഗീയം കളിച്ചെന്നാണ് പറയുന്നത്. അയാളൊരു ക്രിസ്ത്യാനിയാണ്, അങ്ങനെങ്കിലും അയാൾക്കൊര് പാട്ട് കൊടുക്ക് എന്ന് പറഞ്ഞുവത്രേ. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |