അടുത്തിടെയാണ് താൻ വിവാഹമോചിതനാകുന്നുവെന്ന വിവരം നടൻ ജയംരവി ആരാധകരുമായി പങ്കുവച്ചത്. ഇതിന് പിന്നാലെ വേർപിരിയലിന്റെ കാരണം എന്ന തരത്തിൽ പല അഭ്യൂഹങ്ങളും നടനെയും ഭാര്യ ആർതിയെയും കുറിച്ച് പ്രചരിച്ചിരുന്നു. അതിനിടെ ഗായിക കെനിഷയുമായി ജയംരവി റിലേഷൻഷിപ്പിലാണെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ.ആവശ്യമില്ലാതെ കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് ജയംരവി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ, ജീവിക്കു ജീവിക്കാൻ അനുവദിക്കു. ആരെയും ഈ പ്രശ്നത്തിൽ വലിച്ചിഴയ്‌ക്കരുത്. ആരുടെയൊക്കെയോ പേര് പറയുന്നത് കേൾക്കുന്നുണ്ട്. അങ്ങനെ ചെയ്യരുത്. വ്യക്തി ജീവിതത്തിനെ അങ്ങനെ വിടൂ. കെനിഷ 600 സ്റ്റേജുകളിൽ പാടിയ ഗായികയാണ്. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉയരത്തിലെത്തിയ വ്യക്തിയാണ്. പല ജീവിതങ്ങളെ രക്ഷിച്ച ഒരു ഹീലറുമാണ്. ലെെസൻസുള്ള ഒരു സെെക്കോളജിസ്റ്റ് ആണവർ. അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഒന്നിച്ച് ഒരു ഹീലിംഗ് സെന്റർ ആരംഭിക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്. ഇതിലൂടെ നിരവധി പേരെ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ദയവുചെയ്ത് അത് തകർക്കരുത്. ഈ ലക്ഷ്യം ആർക്കും തകർക്കാനും സാധിക്കില്ല. നന്ദി',- ജയംരവി പറഞ്ഞു.
തനിക്കും ആർതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നെങ്കിലും ഏറെ ആലോചിച്ചശേഷമാണ് പിരിയാൻ തീരുമാനിച്ചതെന്നായിരുന്നു ജയംരവി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയംരവി വേർപിരിയൽ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് ആർതി രംഗത്ത് എത്തിയിരുന്നു.ഇതാണ് കൂടുതൽ അഭ്യൂഹങ്ങൾക്ക് കാരണമായത്. 2009ലാണ് നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആർതിയും ജയം രവിയും വിവാഹിതരാകുന്നത്. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |