വിഴിഞ്ഞം: ഈ വർഷത്തെ വിഴിഞ്ഞം മത്സ്യബന്ധന തീരത്തെ സീസണിന് വിരാമം. കാലവർഷം തുണച്ചതോടെ ഇക്കുറി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് വള്ളം നിറയെ മത്സ്യം ലഭിച്ചു. ഒപ്പം പച്ചമത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ മീൻവാങ്ങാനെത്തിയവരും കൈനിറയെ മത്സ്യവുമായി മടങ്ങുന്ന കാഴ്ചകളായിരുന്നു. ചെറിയ കൊഴിയാളയും കല്ലൻകണവയും കേരച്ചൂരയും കൊണ്ട് തീരം സമൃദ്ധമായിരുന്നു. കണവ ഒരു കുട്ടയ്ക്ക് പതിനായിരത്തിലേറെ വില ലഭിച്ചു. ചെറുകൊഴിയാള മത്സ്യത്തിന് തുച്ഛമായ വിലയായിരുന്നു. രാവിലെ 800 രൂപ പോകുന്നവ വൈകിട്ടോടെ 300 ലെത്തും. കൂടാതെ നവരയും കൊഞ്ചും ധാരാളമായി ലഭിച്ചു. കൊഞ്ചും വലിയ ക്ലാത്തിയും ലഭിച്ചതോടെ കയറ്റുമതി കമ്പനിക്കാരും തീരത്ത് എത്തി. ഇക്കുറി ചെറു കൊഴിയാള വീട്ടാവശ്യത്തിനും കച്ചവടത്തിനും വാങ്ങിയ ശേഷമുള്ള ചെറുകൊഴിയാള കോഴിത്തീറ്റ നിർമ്മാണത്തിനായും കയറ്റിവിട്ടു. രാവിലെ മുതൽ തുടങ്ങുന്ന തിരക്ക് ഇപ്പോൾ രാത്രി വരെ നീളുന്ന കാഴ്ചയായിരുന്നു തീരത്ത്.
ഇനി ഒരുവർഷത്തെ കാത്തിരിപ്പ്
മത്സ്യബന്ധന സീസൺ ആകുമ്പോൾ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തേക്ക് എത്താറുണ്ട്. പിന്നെ വൻ തിരക്കാണ്. വള്ളം നിറയെ മത്സ്യം ലഭിച്ചതോടെ ഇടനിലക്കാരുടെയും തിരക്കുണ്ടായിരുന്നു. കയറ്റുമതിമേഖലയ്ക്കും നേട്ടമുണ്ടാക്കാനായി. സീസൺ ആരംഭിച്ചതോടെ തമിഴ്നാട് അതിർത്തി തീരങ്ങൾ, അഞ്ചുതെങ്ങ്, പൂവാർ, പെരുമാതുറ, പൂന്തുറ, ചിന്നതുറ,തുത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തേക്ക് എത്തിയിരുന്നു.
ഇക്കുറി പ്രധാന മത്സ്യങ്ങൾ
കൊഴിയാള, കല്ലൻകണവ, കേരച്ചൂര, നവര, കൊഞ്ച്, ക്ലാത്തി
ചാകരയും കപ്പലും കണ്ട് മടക്കം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ഭീമൻ കപ്പലുകളെ കാണാനെത്തുന്നവർക്ക് തീരത്തെ മത്സ്യസമ്പത്തും വലിയ ആവേശമാണ് നൽകിയത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നാൽ കപ്പലിനെയും കണ്ട് തീരത്തെ മത്സ്യവും വാങ്ങിയായിരുന്നു മടക്കം. സീസൺ ആരംഭത്തോടെതന്നെ മത്സ്യബന്ധന മേഖലയിലെ അനുബന്ധ കച്ചവടക്കാർക്കും നല്ലകാലമാണ്. ദൂരദേശത്തു നിന്ന് വരുന്നവർ ഉൾപ്പെടെയുള്ളവർക്കായി താത്കാലിക ലഘുഭക്ഷണശാലകൾ ഒരുങ്ങും. തീരത്തോട് ചേർന്ന വീടുകളിലാകും ഇത്. കൂടാതെ ചൂണ്ട മുതൽ മത്സ്യബന്ധന ഉപകരണങ്ങളുടെ കച്ചവടവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |