തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. വി.സിമാരെ ചാൻസലർക്ക് ഏകപക്ഷീയമായി നിയമിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റാണെന്നും ബിന്ദു പറഞ്ഞു. ഗവർണർ മുൻകൈയെടുത്ത് ഉണ്ടാക്കിയ ഭാരതാംബ വിവാദം പ്രശ്നങ്ങളുണ്ടാക്കി, വി,സിമാർ സർവകലാശാലകളിൽ സങ്കുചിത രാഷ്ട്രീയം നടപ്പാക്കരുതെന്നും ആർ.എസ്.എസ് താത്പര്യം നടപ്പാക്കുന്ന നടപടിയിൽ നിന്ന് പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ ഗിമിക്കുകളിൽ വി.സിമാർ അഭിരമിക്കരുതെന്നും അക്കാദമിക് പ്രവർത്തനങ്ങളിൽ വീഴ്ച വരുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് സർവകലാശാലകളിൽ താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. താത്ക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് തന്നെ വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചിരിക്കുന്നത്. താത്ക്കാലിക വി.സിമാരുടെ കാലാവധി പരമാവധി ആറ് മാസമാണെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.സ്ഥിര വി.സി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി.സി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും കോടതി നിർദേശിച്ചു. സാങ്കേതിക, ഡിജിറ്റൽ വി.സി നിയമനങ്ങളിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. താത്ക്കാലിക വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം, വിധിയിൽ സന്തോഷമാണെന്ന് എസ് എഫ് ഐ പ്രതികരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |