കൊല്ലം: സംസ്ഥാനത്ത് തൊഴിൽ അന്വേഷിച്ച് സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 17 ലക്ഷം പേർ. രജിസ്റ്റർ ചെയ്തവരിൽ ഇഷ്ടമുള്ള തൊഴിൽ നേടിയത് 116016 പേരാണ്. സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് കേരള നോളജ് ഇക്കോണമി മിഷൻ ( കെ.കെ.ഇ.എം).
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലിൽ അവർക്കുള്ള നൈപുണ്യം വർദ്ധിപ്പിച്ച് ആഗോള തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുകയും അതിനുള്ള അവസരമൊരുക്കുകയുമാണ് കേരള നോളജ് ഇക്കണോമി മിഷൻ ചെയ്യുന്നത്.
2026നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനവും സ്വകാര്യമേഖലയിൽ 20 ലക്ഷം വിജ്ഞാന തൊഴിലവസരങ്ങളും ലഭ്യമാക്കുകയെന്ന ദൗത്യമാണ് മിഷൻ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ വർക്ക് ഫോഴ്‌സസ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് നോളജ് മിഷന്റെ സേവനങ്ങൾ.
1720900 പേരാണ് ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസിൽ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും തൊഴിൽ തയ്യാറെടുപ്പിനുള്ള പിന്തുണ നൽകും. തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ഒരേ പ്ലാറ്റ്‌ഫോമിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.
വിദഗ്ദ്ധ പരിശീലനം ഉറപ്പ്
കെ.കെ.ഇ.എമ്മിൽ രജിസ്റ്റർ ചെയ്തവർക്ക് വിദഗ്ദ്ധ പരിശീലനം
കരിയർ കൗൺസലിംഗ്
വ്യക്തിത്വ വികസന പരിശീലനം
ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്
റോബോട്ടിക് ഇന്റർവ്യു പരിശീലനം
വിവിധ പദ്ധതികൾ
എന്റെ തൊഴിൽ എന്റെ അഭിമാനം
തൊഴിലരങ്ങത്തേക്ക് (സ്ത്രീ തൊഴിലന്വേഷകർക്ക്)
ബാക്ക് ടു വർക്ക് (കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക്)
എസ്.സി -എസ്.ടി വിഭാഗത്തിന് ഉന്നതി
മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽതീരം
ട്രാൻസ്‌ജെൻഡർമാർക്ക് പ്രൈഡ്
ഭിന്നശേഷി വിഭാഗത്തിന് സമഗ്ര
ഗോത്ര വിഭാഗത്തിന് ഒപ്പറ
ആകെ രജിസ്റ്റർ ചെയ്തത് - 1720900
തൊഴിൽ നേടിയത് - 116016
പ്ലസ് ടു അല്ലെങ്കിൽ അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരാണ് പദ്ധതികളുടെ ഗുണഭോക്താക്കൾ. വിദേശത്തും നാട്ടിലുമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ കണ്ടെത്തി പരിശീലനം നൽകും.
കെ.കെ.ഇ.എം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |