
ചുറ്റും യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങളും നിലവിളികളുമായിരിക്കുമ്പോൾ ഒരെഴുത്തുകാരിയെ സർഗാത്മകത സമാധാനിപ്പിക്കുമോ? കഥയും കവിതയും നോവലുമെല്ലാം എഴുതാനാകുമോ? അതെ, കാർഗിലിലും രാജ്യാതിർത്തികളിലുമെല്ലാം വെടിയൊച്ചകൾ മുഴങ്ങുമ്പോൾ ആർമി ക്വാർട്ടേഴ്‌സിലിരുന്ന് പുസ്തകങ്ങൾ എഴുതുകയായിരുന്നു ദീപ്തി മേനാേൻ!
അച്ഛൻ ലെഫ്റ്റനന്റ് കേണൽ ഈശ്വരചന്ദ്രൻ. ജീവിതപങ്കാളി കേണൽ ഗോപിനാഥ് മേനോൻ. ആർമി ക്വാർട്ടേഴ്‌സുകളിൽ കഴിഞ്ഞ ബാല്യകൗമാരങ്ങൾ. വിവാഹാനന്തരം ഭർത്താവിനൊപ്പം യുദ്ധമേഖലകളിൽ ജീവിച്ച നാളുകൾ. ഉറക്കത്തിൽപ്പോലും ഞെട്ടിയുണർന്നുപോകുന്ന സ്‌ഫോടനശബ്ദങ്ങൾ. ആ മനോസംഘർഷങ്ങളെയെല്ലാം ദീപ്തി മേനോൻ സർഗാത്മകവും ദീപ്തവുമാക്കി. അതുകൊണ്ടു തന്നെ എഴുതിയതിൽ ഏറെയും ത്രില്ലറുകളായി!
ദീപ്തിക്ക് പ്രിയപ്പെട്ടതും ത്രില്ലറുകൾ തന്നെ. പക്ഷേ, ബാലസാഹിത്യം, നോൺഫിക്ഷൻ, നാടോടിക്കഥകൾ, കവിത, ഹൊറർ, ക്ലാസിക് സാഹിത്യം, ജീവചരിത്രം, സാമൂഹികവിഷയം എന്നിവയിലെല്ലാം കെെവച്ചു. തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് മലയാളിയായ ഈ ഇംഗ്ളീഷ് എഴുത്തുകാരി. എഴുത്തുവഴികളും അദ്ധ്യാപനത്തിന്റെ സംതൃപ്തിയും ദീപ്തി മേനാേൻ പങ്കിടുന്നു:
അദ്ധ്യാപനവും
എഴുത്തും
വാക്കുകളുടെ മാന്ത്രികതയായിരുന്നു ഇഷ്ടം. പത്താം വയസ്സിൽ എഴുതാൻ തുടങ്ങി. രാജ്യമെമ്പാടും സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയത് എഴുത്തിനോടുള്ള അഭിരുചിക്കു കാരണമായി. കണ്ടുമുട്ടുന്നവരെ ശ്രദ്ധിച്ചു,കഥാപാത്രങ്ങളാക്കി. 2002- ൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം, ഒരു സൈനികന്റെ ഭാര്യയുടെ ജീവിതത്തെ വെളിപ്പെടുത്തുന്നതായിരുന്നു. അദ്ധ്യാപനവും എഴുത്തും ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന
കാര്യങ്ങളാണ്. കുട്ടികളോടൊപ്പം കഴിയാൻ സന്തോഷം. വിദ്യാർത്ഥികളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.
അങ്ങനെ 2013- 2014 കാലയളവിൽ, പല ചെറുകഥകളും കഥാസമാഹാരങ്ങളാക്കി. ട്വിസ്റ്റുകളുള്ള ചെറുകഥകൾ. ജീവിതവും പ്രണയവുമെല്ലാം ഉൾച്ചേർന്ന കവിതകളുടെ പുസ്തകം, 'കവിതകളുടെ ദീപാരാധന" അമ്മ നളിനി ചന്ദ്രനാണ് സമാഹരിച്ചത്. 2016-ൽ 'റീഡോമാനിയ" പ്രസിദ്ധീകരിച്ച സൈക്കോളജിക്കൽ ത്രില്ലറായ 'ഷാഡോ ഇൻ ദ മിററി"നു ശേഷം, 'വേർ ഷാഡോസ് ഫോളോ' (2020), 'ഷാഡോസ് നെവർ ലൈ" (2021) എന്നീ ത്രില്ലർ ചെറുകഥകളുടെ രണ്ട് സമാഹാരങ്ങളും പുറത്തിറക്കി.
രചനകളെല്ലാം അദ്ധ്യാപനത്തിന് ഊർജ്ജമായി. അദ്ധ്യാപനം എഴുത്തിനും കരുത്തായി. പഞ്ചതന്ത്രത്തിലെ ക്ലാസിക് കഥകൾ കുട്ടികൾക്കായി എഴുതി. അത് കൗമാരക്കാർക്കു കൂടിയുള്ളതായിരുന്നു. മകൾ പ്രിയങ്കയും അതിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഏഴു വർഷത്തിലേറെക്കാലം ഫ്രീലാൻസ് ജേണലിസ്റ്റായും പ്രവർത്തിച്ചു. 2022-ൽ, 'ഡിഫൈയിംഗ് ഡെസ്റ്റിനി' പുറത്തിറക്കി.
'നളിനി ചന്ദ്രൻ; എ ലൈഫ് സ്‌കെച്ച് " വിദ്യാഭ്യാസ വിദഗ്ദ്ധയായ അമ്മയുടെ ജീവചരിത്രമാണ്. 2023-ൽ ഷേക്‌സ്പിയറുടെ ക്ലാസിക് കഥകൾ, 'ദ ഡാൻസ് ആൻഡ് ദി ട്രാൻസ്", 2024-ൽ ഷാഡോ സീരീസിലെ നാലാമത്തെ പുസ്തകമായ 'ദി വെബ് ഒഫ് ഷാഡോസ്" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 'മറക്കാനാവാത്ത ക്ലാസിക് കഥകൾ"- മിസ്റ്ററി ആൻഡ് സസ്‌പെൻസ് ആണ് പതിനൊന്നാമത്തെ പുസ്തകം.
അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും സഹോദരിമാരുമെല്ലാം വായനക്കാരും എഴുത്തുകാരുമാണ്. അമ്മയിൽ നിന്നു കേട്ട കഥകൾ വായനയിലും എഴുത്തിലും ആഴത്തിൽ സ്വാധീനിച്ചു. ലളിതവും മനസിലാക്കാവുന്നതുമായ ഭാഷയിൽ അവതരിപ്പിക്കാനായിരുന്നു ശ്രമം. 'അൺഫൊർഗെറ്റബിൾ സ്റ്റോറീസ്" വായിച്ച്, ഇതിഹാസകഥകൾ യഥാർത്ഥ രൂപത്തിൽ വായിക്കാൻ ആരെയെങ്കിലും പ്രചോദിപ്പിക്കുകയാണെങ്കിൽ, ഏറെ സന്തോഷിക്കും.
അഗത ക്രിസ്റ്റി, വിക്ടോറിയ ഹോൾട്ട്, സോമർസെറ്റ് മൗം, ആർ.കെ നാരായൺ, റസ്‌കിൻ ബോണ്ട് തുടങ്ങിയ എഴുത്തുകാരാണ് പ്രചോദിപ്പിച്ചത്. ചാൾസ് ഡിക്കൻസ്, ജെയിൻ ഓസ്റ്റൻ, അലക്‌സാണ്ടർ ഡുമാസ്, ബ്രോണ്ടെ സഹോദരിമാർ തുടങ്ങിയ ക്ലാസിക് എഴുത്തുകാരെയും ആരാധിച്ചിരുന്നു. സ്റ്റീഫൻ കിംഗ്, പോള ഹോക്കിൻസ്, ജെഫ്രി ആർച്ചർ, മാർഗരറ്റ് അറ്റ്‌വുഡ്, എബ്രഹാം വർഗീസ്, ചിത്ര ബാനർജി തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിക്കുന്നതും ആസ്വദിക്കുന്നു. കസുവോ ഇഷിഗുറോയുടെയും, കീഗോ ഹിഗാഷിനോയുടെയും രചനകളും അതിശയിപ്പിച്ചിട്ടുണ്ട്.
കുട്ടികളോട്
പറയും:
ജീവിതം വളരെ ചെറുതാണ്. അതിനെ മൂല്യവത്താക്കാൻ കഴിയുന്നതെല്ലാം ചെയ്യുക. അഭിനിവേശവും തൊഴിലും ഒരുമിക്കുമ്പോൾ, അതാകുന്നു ഏറ്റവും വലിയ അനുഗ്രഹം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |