തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിന്റെ വ്യാപ്തി കൂടുന്നു. ഇപ്പോൾ പ്രതിചേർക്കപ്പെട്ട ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരെ കൂടാതെ കൂടുതൽപേർക്കും ഉത്തരങ്ങൾ പരീക്ഷാഹാളിൽ എസ്.എം.എസ് ആയി എത്തിയതായി സംശയം ബലപ്പെടുന്നു. പി.എസ്.സി നടത്തിയ അന്വേഷണത്തിൽതന്നെ ഇക്കാര്യത്തിലുള്ള ചില സൂചനകൾ ലഭിച്ചതായുള്ള വിവരം പുറത്തുവന്നു. എല്ലാ ജില്ലകളിലും തട്ടിപ്പിന് സാദ്ധ്യതയുള്ളതായി പി.എസ്.സി വിജിലൻസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ബറ്റാലിയനുൾപ്പെടെ എട്ട് ബറ്റാലിയനുകളിലേക്കും നടന്ന പി.എസ്.സി പരീക്ഷകളെപ്പറ്റി ക്രൈംബ്രാഞ്ചിന് അന്വേഷിക്കേണ്ടിവരും. ഇന്നലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പൊലീസ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികൾക്ക് ഉത്തരം കൈമാറിയ മൂന്നുപേരെ ഫോൺ സന്ദേശം അയച്ച ഫോൺനമ്പരുകളുടെ അടിസ്ഥാനത്തിൽ പി.എസ്.സി വിജിലൻസ് കണ്ടെത്തിയിരുന്നു. എസ്.എ.പി കോൺസ്റ്റബിൾ വി.എം ഗോകുൽ, വി.എസ്.എസ്.സിയിലെ കരാർ ജീവനക്കാരൻ സഫീർ എന്നിവരും ഒരുയുവതിയുമാണ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഫോൺ വഴി കൈമാറിയതായി പ്രാഥമികമായി പി.എസ്.സി വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. പതിനാല് പൊലീസ് ജില്ലകൾക്കായി ഏഴ് ബറ്റാലിയനുകളാണ് സംസ്ഥാനത്തുളളത്. വനിതാ ബറ്റാലിയൻ കൂടി ചേരുമ്പോൾ എട്ടാകും. ചെലവ് ചുരുക്കലും സൗകര്യവും പരിഗണിച്ച് എട്ട് ബറ്റാലിയനുകൾക്കുമായി നാല് സീരീസുകളിലായി ഒരേ ചോദ്യപേപ്പറാണ് പി.എസ്.സി ഉപയോഗിച്ചത്. എട്ട് റാങ്ക് ലിസ്റ്റിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി സംശയം ബലപ്പെടുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് റാങ്കുകളിലും ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ നമ്പരുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടെ മാത്രമേ തട്ടിപ്പിന്റെ ആഴം പുറത്തുവരൂ. ഹൈദരബാദിലെ ഹൈ സെക്യൂരിറ്റി പ്രസിലാണ് ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിംഗിനുശേഷം ചോദ്യക്കടലാസുകൾ പി.എസ്.സി ആസ്ഥാനത്ത് എത്തിക്കേണ്ട ചുമതലയും ഹൈസെക്യൂരിറ്റി പ്രസിനാണ്. പി.എസ്.സി ആസ്ഥാനത്ത് കാമറകൾക്ക് നടുവിലുള്ള മുറിയിലാണ് ഇവ സൂക്ഷിക്കുന്നത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പാണ് ചോദ്യപേപ്പർ ജില്ലാ പി.എസ്.സി ഓഫീസുകളിലെത്തിക്കുക. പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് ഇവ സെന്ററുകളിലെത്തും. സ്‌കൂളുകളിൽ എച്ച്.എമ്മുമാരും കോളേജുകളിൽ പ്രിൻസിപ്പൽമാരുമാണ് ചീഫ് സൂപ്രണ്ട്. ഇത് കൂടാതെ എല്ലാ സെന്ററുകളിലും പി.എസ്.സി നിയോഗിക്കുന്ന അഡീഷണൽ സൂപ്രണ്ടുമാരുമുണ്ട്. ഇവരിൽ നിന്ന് ചോദ്യപേപ്പർ ചോർന്നോ എന്നതും അന്വേഷിക്കും.
പരീക്ഷാർത്ഥികളുടെ എണ്ണമനുസരിച്ച് ഒറ്റക്കെട്ടായ പായ്ക്കറ്റിൽ സെന്ററുകളിലെത്തുന്ന ചോദ്യപേപ്പർ സെന്ററിൽ വച്ച് 20 വീതമുള്ള ചെറിയ പായ്ക്കറ്റുകളാക്കി തരംതിരിക്കും . പരീക്ഷയ്ക്ക് പത്ത് മിനിട്ട് മുമ്പ് പരീക്ഷ നടക്കുന്ന ക്ലാസ് റൂമുകളിൽ എത്തുന്ന ചോദ്യപേപ്പർ പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് പരീക്ഷാർത്ഥികളെ സാക്ഷിയാക്കി അവരുടെ സാന്നിദ്ധ്യത്തിലാണ് പൊട്ടിക്കുന്നത്. ഇതിനിടയിൽ ചോദ്യപേപ്പർ ചോർത്താനുള്ള സാദ്ധ്യത വിരളമാണെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെങ്കിൽ സാദ്ധ്യത തള്ളാനാകില്ല. പരീക്ഷയെഴുതാൻ 20 മുതൽ 30 ശതമാനം വരെ ഉദ്യോഗാർത്ഥികൾ പലപ്പോഴും ആബ്സന്റാകാറുണ്ട്. ഇത്തരത്തിൽ അധികം വരുന്ന ചോദ്യപേപ്പറുകൾ പി.എസ്.സി നിയോഗിക്കുന്ന അഡീഷണൽ സൂപ്രണ്ടുമാരാണ് ശേഖരിക്കുന്നത്.
പൊലീസ് ബറ്റാലിയൻ പരീക്ഷയിൽ നാല് സീരീസിലെ ചോദ്യപേപ്പറുകളും പുറത്തപോയെങ്കിലും യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നീ മൂന്നപേർക്കും ബി സിരീസിലെ ചോദ്യപേപ്പറുകളാണ് ലഭിച്ചത്. നാല് സീരീസിലെ ചോദ്യപേപ്പറുകൾക്കും ഉത്തരം നൽകാൻ ഇവർ നാലുപേരെ നിയോഗിച്ചിരുന്നെങ്കിലും വി.എസ്.എസ്.സി യിലെ കരാർ ജീവനക്കാരനായ സഫീറാണ് പരീക്ഷ തുടങ്ങി പതിനഞ്ച് മിനിട്ടുകൾക്കകം 90 സന്ദേശങ്ങൾ അയച്ചത്. പൊലീസുകാരനായ ഗോകുൽ പരീക്ഷതുടങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് മുതൽ സന്ദേശം അയച്ച് തുടങ്ങിയെങ്കിലും 29 എസ്.എം.എസുകളേ അയക്കാൻ കഴിഞ്ഞുള്ളൂവെന്നാണ് പി.എസ്.സി വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കെ ഗോകുലിനും സഫീറിനും പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി. കല്ലറയിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിൽ പ്രണവിനൊപ്പം ഒരുമിച്ച് പരിശീലനത്തിലേർപ്പെട്ടവരാണ് ഗോകുലും സഫീറും. 2015ലെ പി.എസ്.സി പരീക്ഷയിൽ 199 ാം റാങ്കുകാരനായ ഗോകുലിന്റെ റാങ്കും അന്വേഷണ വിധേയമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |