തിരുവനന്തപുരം: കവി പ്രഭാവർമ്മയ്ക്ക് വ്യാഴാഴ്ച സരസ്വതി സമ്മാൻ സമർപ്പിക്കുന്നതിനോടനുബന്ധിച്ച് ഇന്നും നാളെയും കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 'ദൃശ്യപ്രഭ" ഫോട്ടോ എക്സിബിഷൻ നടക്കും. മാദ്ധ്യമപ്രവർത്തകരായ ലോകപ്രശസ്ത എഴുത്തുകാരുടെ സർഗാത്മക ജീവിതവും എഡിറ്റർ കൂടിയായിരുന്ന പ്രഭാവർമ്മയുടെ സർഗജീവിതമുഹൂർത്തങ്ങളും അനാവരണം ചെയ്യുന്നതാണ് പ്രദർശനം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകല അക്കാഡമിയുടെ ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം ഇന്നു രാവിലെ 11ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലിറ്റററി ജേർണലിസത്തെ ആസ്പദമാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ്, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, ഏഷ്യാനെറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ പി.ജി. സുരേഷ് കുമാർ, ദി ഹിന്ദു സീനിയർ ഡെപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജൻ, മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം, ജീവൻ ടി.വി എം.ഡി. ബേബി മാത്യു സോമതീരം, കൈരളി ടി.വി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് ആറിന് വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രഭാവർമ്മയ്ക്ക് സംഘാടകസമിതിയുടെ സ്‌നേഹോപഹാരം മുൻ മന്ത്രി എം.എ. ബേബി സമ്മാനിക്കും. നാളെരാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെ കാവ്യപ്രഭ എന്ന പേരിൽ പ്രഭാവർമ്മ കവിതകളെപ്പറ്റി സെമിനാറും ആശയസംവാദവും നടക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാവിലെ 10.30ന് നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കും. വൈകിട്ട് 4.30ന് സൗഹൃദസായാഹ്നവും പ്രഭാവർമ്മയ്‌ക്കൊപ്പം ചായസൽക്കാരവും നടക്കും. സൗഹൃദ കൂട്ടായ്മ തമിഴ് സാഹിത്യകാരൻ മാലൻ നാരായണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് പ്രഭാവർമ്മയുടെ ശാസ്ത്രീയ സംഗീത കൃതികൾ ഉൾക്കൊള്ളിച്ച് ഡോ. കെ. ആർ. ശ്യാമ നയിക്കുന്ന സംഗീതസദസ്സും ഉണ്ടാകും.
ഒക്ടോബർ മൂന്നിന് വൈകിട്ട് 5.30ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന പ്രഭാസന്ധ്യ ചടങ്ങിൽ ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗജോ പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാൻ സമർപ്പിക്കും. ഡോ. കെ. ജെ. യേശുദാസ് പ്രഭാസന്ധ്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാസന്ധ്യ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉണ്ണിമേനോൻ, സുദീപ്കുമാർ, രാജലക്ഷ്മി, നിത്യ മാമ്മൻ, അപർണ രാജീവ്, കല്ലറ ഗോപൻ, സിത്താര ബാലകൃഷ്ണൻ, അശ്വതി എന്നീ പ്രശസ്തഗായകരും നർത്തകരും കലാസന്ധ്യയിൽ അണിനിരക്കും. പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും.
വാർത്താസമ്മേളനത്തിൽ സ്വരലയ ചെയർമാൻ ഡോ. ജി. രാജ്‌മോഹൻ, ജി. എസ്. പ്രദീപ്, ആർ.എസ്. ബാബു, പ്രമോദ് പയ്യന്നൂർ, എ.ജി.ഒലീന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |