സമസ്ത കേരളത്തിന്റെയും ഉള്ളുലച്ച മഹാദുരന്തത്തിനാണ് രണ്ടുമാസംമുൻപ് വയനാട് സാക്ഷ്യം വഹിച്ചത്. ആർത്തലച്ചെത്തിയ മലയിടിച്ചിലിലും ഉരുൾപൊട്ടലിലും നൂറുകണക്കിനാളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങൾ ഏതാണ്ട് പൂർണമായും തുടച്ചുനീക്കപ്പെട്ടു. ഉറ്റവരെ നഷ്ടപ്പെട്ടവർ, സ്വത്തുക്കളും ജീവനോപാധികളും നഷ്ടപ്പെട്ടവർ, ഉടുതുണിക്ക് മറുതുണിയില്ലാതെ സകലതും നഷ്ടപ്പെട്ടവർ.... അങ്ങനെ ഉരുൾദുരന്തം കടുത്ത മുറിവേല്പിക്കാത്തവരായി ഈ പ്രദേശങ്ങളിൽ ഒരാൾ പോലുമുണ്ടാകില്ല. അത്രയേറെ മനസ്സുലച്ചതും ഓർക്കാനിഷ്ടപ്പെടാത്തതുമായ പ്രകൃതി ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിക്കേണ്ടിവന്നത്. സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ വയനാട്ടുകാരുടെ കണ്ണീരൊപ്പാൻ നാനാഭാഗങ്ങളിൽ നിന്ന് സഹായങ്ങളുമായി മനുഷ്യസ്നേഹികൾ പ്രവഹിക്കുകയായിരുന്നു.
ദുരന്തമുണ്ടായി ദിവസങ്ങൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട്ടിലെത്തി. ദിവസംമുഴുവൻ അദ്ദേഹം ദുരന്തമേഖലകളിൽ പര്യടനം നടത്തി. ജനപ്രതിനിധികളെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും നേരിൽക്കണ്ടു. സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനു മുൻപ് സംസ്ഥാന മന്ത്രിമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം വിളിച്ചുകൂട്ടി വയനാടിനെ വീണ്ടെടുക്കാൻ കേന്ദ്രം സകല സഹായവും നൽകുമെന്ന് പ്രഖ്യാപിച്ചു. പണം തടസമേയല്ലെന്നും വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചാൽ പണം അനുവദിക്കുമെന്നും ഉറപ്പു നൽകി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് 2000 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് സംസ്ഥാനം സമർപ്പിക്കുകയും ചെയ്തു. നിർഭാഗ്യകരമെന്നു പറയട്ടെ, കേരളം സമർപ്പിച്ച സഹായ പാക്കേജ് സംബന്ധിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കേരളത്തിന്റെ മെമ്മോറാണ്ടം ത്രിശങ്കുവിൽ കിടക്കുമ്പോഴാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിന് പ്രളയ സഹായമായി 600 കോടിരൂപ അനുവദിച്ചതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. നേരത്തെ ബീഹാർ പോലുള്ള ചില സംസ്ഥാനങ്ങൾക്കും ഇതുപോലെ അടിയന്തര സഹായം അനുവദിച്ചിരുന്നു.
എല്ലാ സംസ്ഥാനങ്ങളോടും ഒരേ പരിഗണന സ്വീകരിക്കേണ്ട കേന്ദ്ര സർക്കാർ ദുരന്തമുണ്ടായി രണ്ടുമാസമായിട്ടും കേരളത്തോടു പുലർത്തുന്ന ഈ അവഗണനയ്ക്കും വിവേചനത്തിനും എന്തു സമാധാനമാണ് നൽകാൻ പോകുന്നത്? ഫെഡറൽ സംവിധാനങ്ങളെ ഹനിക്കുന്ന സമീപനമാണിത്. ഗുജറാത്തിലും ബീഹാറിലും പ്രളയത്തിനിരയായവർക്ക് സഹായം നൽകാമെങ്കിൽ വയനാട് നേരിട്ട സമാനതകളില്ലാത്ത നാശനഷ്ടങ്ങൾക്ക് സഹായത്തിന് എല്ലാ അർഹതയുമുണ്ട്. ഗുജറാത്തിനൊപ്പം ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂരിനും ത്രിപുരയ്ക്കും പ്രളയ ദുരിതാശ്വാസ സഹായം അനുവദിച്ചത് ശ്രദ്ധേയമാണ്. വയനാട്ടിലെ ദുരന്തമേഖലകൾ സന്ദർശിച്ച് കേന്ദ്രസംഘം മടങ്ങിയിട്ട് ദിവസങ്ങളായി. ഇനിയും തീരുമാനമൊന്നുമുണ്ടാകാത്തതിന് എന്ത് ന്യായീകരണമാണുള്ളത്? കേരളം ആവശ്യപ്പെട്ട 2000 കോടി ഒറ്റയടിക്ക് നൽകാനിടയില്ലെങ്കിലും അതിൽ ഒരു ഭാഗമെങ്കിലും മുൻകൂർ അനുവദിക്കാവുന്നതേയുള്ളൂ.
2018- ലെ മഹാപ്രളയകാലത്തും ഇതുപോലുള്ള ദുരനുഭവമാണ് കേരളം നേരിടേണ്ടിവന്നത്. അന്നും പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സഹായ വാഗ്‌ദാനവും നൽകി മടങ്ങിയതല്ലാതെ കാര്യമായ സഹായമൊന്നും ലഭിച്ചില്ല. പ്രകൃതിദുരന്ത സഹായങ്ങൾ അനുവദിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടാകാം. എന്നാൽ മാനദണ്ഡങ്ങൾക്കുപരി അടിയന്തര സഹായം ആവശ്യമായ ഘട്ടങ്ങളിൽ അത് സത്വരമായി നൽകുന്ന പതിവുണ്ട്. പ്രധാനമന്ത്രി വയനാട് ജനതയ്ക്കുനൽകിയ വാഗ്‌ദാനങ്ങൾ പൊള്ളയായിരുന്നു എന്ന് പറയിപ്പിക്കാൻ ഇടവരുത്തുന്നത് ശരിയല്ല. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച്, ദുരന്തബാധിതരായ നൂറുകണക്കിന് കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് മറക്കരുത്. രാഷ്ട്രീയവും പ്രാദേശികവുമായ താത്പര്യങ്ങൾ ഇതുപോലുള്ള പ്രകൃതിദുരന്തങ്ങളിൽ ഒരുതരത്തിലും വിലങ്ങുതടിയാകാൻ പാടില്ല. കേന്ദ്രസഹായം എത്രയും പെട്ടെന്ന് അനുവദിപ്പിക്കാൻ സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമംകൂടി ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |