കൊച്ചി: പീഡനക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാലജാമ്യം നേടി ഒരു ദിവസത്തിനു ശേഷം ഒളിവുജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്
അഭിഭാഷകനെ കാണാനെത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഒളിവിൽപ്പോയ സിദ്ദിഖിനായി അഞ്ചു ദിവസമായി പ്രത്യേക അന്വേഷണസംഘം വ്യാപക തെരച്ചിലിലായിരുന്നു. നടനെ അറസ്റ്റ് ചെയ്യുന്നതിലടക്കം നിയമോപദേശം തേടിയിരിക്കെയാണ് ഇന്നലെ വൈകിട്ട് സിദ്ദിഖ് അഡ്വ. ബി. രാമൻപിള്ളയുടെ എറണാകുളം നോർത്തിലെ ഓഫീസിലെത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മകൻ ഷഹീനും ഒപ്പമുണ്ടായിരുന്നു.
പുറത്തിറങ്ങിയ സിദ്ദിഖ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തിയെങ്കിലും അകത്ത് കയറി പരിശോധിച്ചില്ല. നോട്ടീസ് ലഭിക്കാതെ സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകില്ലെന്നാണ് സൂചന. ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിട്ടുമില്ല. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. ജാമ്യവ്യവസ്ഥകൾ സെഷൻസ് കോടതിക്ക് തീരുമാനിക്കാം. മുൻകൂർ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |