
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ 'വർഗീയ ധ്രുവീകരണ" പ്രയോഗം രാഷ്ട്രീയ കോളിള
ക്കത്തിന്റെ ദിശമാറ്റി. എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആക്രമിക്കുന്നതിനിടെയാണ് ചെറിയാന്റെ പ്രയോഗം വിഷയമായത്. പ്രതിപക്ഷ നേതാവിനെതിരെയുള്ള ആക്രമണത്തിൽ പ്രതിരോധം തീർക്കാനാവാതെ കോൺഗ്രസ് വിയർക്കുമ്പോഴാണ് ചെറിയാന്റെ പ്രയോഗം വഴിമരുന്നായത്.
പറഞ്ഞ കാര്യം ഇന്നലെ സജിചെറിയാൻ തിരുത്തിയെങ്കിലും കോൺഗ്രസും യു.ഡി.എഫും വിഷയം ചൂടുപിടിപ്പിച്ചു. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയാണ് പരാമർശമെന്ന വ്യാഖ്യാനവും വന്നു. മുസ്ലിം ലീഗും സമസ്തയും ഉൾപ്പെടെയുള്ള സംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തിയതോടെ വിവാദം കടുത്തു.
വർഗീയതയ്ക്കെതിരെ മൃദുസമീപനം പാടില്ലെന്ന് സമസ്തയുടെ യോഗത്തിലും വർഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അകറ്റി നിറുത്തണമെന്ന് കോട്ടയത്ത് ക്നാനായ സംഗമത്തിലും മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സജി ചെറിയാന്റെ പരാമർശം. കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പ്രസ്താവന വളച്ചൊടിച്ചെന്നാണ് ഇന്നലെ വിശദീകരിച്ചത്.
ആപത്കരവും വർഗീയ വിദ്വേഷമുണ്ടാക്കുന്നതുമായ പ്രസ്താവനയാണ് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി നടത്തിയതെന്നായിരുന്നു വി.ഡി.സതീശൻ പറഞ്ഞത്. സംഘപരിവാറിന്റെ വഴിയിലൂടെയാണ് സി.പി.എം യാത്രയെന്നും മുഖ്യമന്ത്രി അതിന് കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാല് വോട്ടുകൾക്കു വേണ്ടി വർഗീയ ധ്രുവീകരണം നടത്തുക ലീഗിന്റെ ലക്ഷ്യമല്ലെന്നും സജി ചെറിയാൻ ലീഗിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സർക്കാരിന്റെയും അതിൽ ഭാഗമായവരുടെയും ആത്മവിശ്വാസക്കുറവാണ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രകടമാവുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും പല മാറാടുകൾ ആവർത്തിക്കുമെന്നും സി.പി.എം നേതാവ് എ.കെ.ബാലൻ നേരത്തെ നടത്തിയ പ്രസ്താവനയുമായി സജിചെറിയാന്റെ വാക്കുകളെ കൂട്ടിവായിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. കേരളത്തിലേക്ക് വർഗീയ രാഷ്ട്രീയം കടത്തിവിടാനുള്ള ശ്രമം നടക്കുന്നുവെന്നതിന്റെ ആകെ തുകയാണ് മന്ത്രി പറഞ്ഞതെന്നായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.
ഓർത്തഡോക്സ് സഭ?
എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മുൻ അധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് രംഗത്തെത്തി. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസ്,എസ്.എൻ.ഡി.പി യോഗം ഐക്യത്തിന്റെ പേരിൽ അനാവശ്യ രാഷ്ട്രീയ പരിഗണന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആർക്കും നൽകരുതെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |