ലോകപ്രശസ്ത ചിത്രകാരന്റെ ചിത്രങ്ങളെ ആധാരമാക്കി ഒരു വീഡിയോ ചെയ്യുക, അതിന് ആ ചിത്രകാരന്റെ പിൻഗാമികൾ നേരിട്ട് വിളിച്ച് അഭിനന്ദിക്കുക. ആ വിശ്വകലാകാരന്റെ അനുസ്മരണ ചടങ്ങിൽ ആദരിക്കുക. ആ അവിശ്വസനീയമായ അനുഭവത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂർ സ്വദേശിയായ യുഹാബ് ഇസ്മായിൽ. ഇന്ത്യൻ ചിത്രകലയുടെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാരവിവർമ്മയുടെ 118ാം ചരമദിനത്തിനോട് അനുബന്ധിച്ച് അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായി ക്രിയേറ്റീവ് ഡിസൈനറായ യുഹാബ് ചെയ്തതായിരുന്നു രവിവർമ്മചിത്രങ്ങളുടെ എ.ഐ വേർഷനുകളടങ്ങിയ റീൽ. രവി വർമ്മയുടെ ക്ലാസിക്കുകളായ ശകുന്തള, ഹംസവും ദമയന്തിയും, പാൽക്കാരി, മഹാരാഷ്ട്രക്കാരി, അതാവരുന്നുഅച്ഛൻ, ജഡായു വധം തുടങ്ങി 19 ചിത്രങ്ങളാണ് ജീവസുറ്റ ചലനചിത്രങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അദ്ഭുതം തീർത്തത്.
കഴിഞ്ഞ ഞായറാഴ്ച ഒരു പരീക്ഷണം എന്ന നിലയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോന്റെ ഋതുലീല എന്ന ആൽബത്തിലെ ഇവൾ താൻ ഇവൾ താൻ എൻ മനതാരിൽ മധുവായി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് റീലൊരുക്കിയിരുന്നത്. ഇത് ചെയ്തതാരെന്ന് അറിയാൻ കിളിമാനൂർ കൊട്ടാരത്തിലും പലരും വിളിച്ച് അന്വേഷിച്ചിരുന്നു. അവർ ശ്രീവത്സൻ ജെ. മേനോനെ ബന്ധപ്പെട്ടപ്പോഴാണ് യുഹാബ് ഇസ്മായിൽ ആണ് ഈ വിസ്മയത്തിന് പിന്നിലെന്ന് അറിയുകയും ചെയ്ത്തത്. അവർ നേരിട്ട് വിളിക്കുകയും ഇന്ന് കൊട്ടാരത്തിൽ നടന്ന രാജാരവിവർമ്മ അനുസ്മരണ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. പ്രിൻസ് രാമവർമ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്
സമീപകാലത്ത് ഡാവിഞ്ചി ചിത്രമായ മൊണാലിസയുടെ എ.ഐ ചിത്രങ്ങൾ ഇറങ്ങിയിരുന്നു. അവയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ ക്ലാസിക് ചിത്രങ്ങളെ അതിന്റെ തനിമ നഷ്ടപ്പെടാതെ എങ്ങനെ ചലനചിത്രങ്ങളാക്കാം എന്ന ചിന്തയാണ് ഈ വിഡിയോക്ക് പ്രേരണയായത്. അതിനായി രവിവർമ്മ ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. രവിവർമ്മയുടെ ചരമദിനമായ ഒക്ടോബർ രണ്ടിന് പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിന് മുൻപ് ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ ഒന്നു പോസ്റ്റ് ചെയ്ത് നോക്കിയതായിരുന്നു. എന്നാൽ അത് കേറിയങ്ങ് വൈറലായി. യുഹാബ് പറയുന്നു.
ഇമേജുകൾ വീഡിയോ ആക്കുന്ന നിരവധി എ.ഐ ടൂളുകൾ ഉണ്ട്. ഇമേജും അതിനൊപ്പം നിർദ്ദേശവും (പ്രോംപ്ട്) നൽകി ജനറേറ്റ് ചെയ്യുകയായിരുന്നു. എന്നാൽ വിചാരിച്ച പോലെ അത്ര സിമ്പിളല്ല കാര്യങ്ങൾ. ഇമേജ് കൊടുത്താൽ വിഡിയോ ഉടനെ കിട്ടും. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്ന ക്വാളിറ്റി സാധനം കിട്ടാൻ പാടാണ്. അതിനായി വീണ്ടും ചെയ്തു കൊണ്ടിരിക്കണം. എന്നാൽ മാത്രമേ നമ്മൾ ഉദ്ദേശിച്ചത് കിട്ടൂ, ഇതിൽ തന്നെ ഒരു പെയിന്റിംഗിന്റെ മോഷൻ ഉണ്ടാക്കാൻ 20 വീഡിയോയോളം ജനറേറ്റ് ചെയ്തു. അതിൽ നിന്നാണ് ഒന്നാണ് കണ്ടെത്തുന്നത്. ഫിന്നീട് ഇത് വീണ്ടും ഫോട്ടോ, വീഡിയോ എഡിറ്റിംഗിലൂടെ കറക്ട് ചെയ്താൻ് ഫൈനൽ രൂപത്തിലേക്ക് എത്തിച്ചത്. അതിനാലാണ് രണ്ടാഴ്ചയോളം എടുത്തത്. യുഹാബ് പറഞ്ഞു. ജഡായു വധത്തിന് കൂടുതൽ സമയമെടുത്തിരുന്നു. അതിൽ ഒരു ചെറിയ മിസ്റ്റേക്കും ഉണ്ട്. എന്നാൽ ആ മിസ്റ്റേക്കാണ് അതിന്റെ സൗന്ദര്യം, യുഹാബ് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രക്കാരിയുടെ ചിത്രമാണ് ആദ്യം ചെയ്തത്. അത് ചെയ്തു കഴിഞ്ഞപ്പോൾ നന്നായി വന്നു. അതിന്റെ ഒരു സന്തോഷത്തിൽ ബാക്കി ചെയ്ത് നോക്കിയതാണ്. ചെറിയ പാളിച്ചയൊക്കെ ഉണ്ടായി. പക്ഷേ കുഴപ്പമില്ലെന്ന് തോന്നുന്നു. യുഹാബ് വ്യക്തമാക്കി. മഹാറാണിയുടെ ചിത്രത്തിൽ കമ്മലിൽ പിടിക്കുന്നത് പല ആംഗിളുകളിലായിരുന്നു. പക്ഷേ നമ്മുടെ മനസിലൊരു ആംഗിൾ വേണം. അതിന് പല തവണ നിർദ്ദേശം നൽകേണ്ടിവരും. എ.ഐ ടൂളുകളിൽ കൂടുതൽ പേരും ഇമേജ് ജനറേറ്റ് ചെയ്യാനാണ് ശ്രമിക്കുക. വീഡിയോഅധികം ചെയ്യാറില്ലെന്നും യുഹാബ് പറഞ്ഞു.
കൂടുതൽ രസകരമായി വന്നത് ശ്രീവത്സൻ സാറിന്റെ പാട്ടുകൂടി വന്നപ്പോഴാണ്. നേരത്തെ ആ പാട്ട് മനസിലുണ്ടായിരുന്നു. ആ പാട്ട് കൊണ്ടുകൂടിയാവണം നല്ല റീച്ച് ആയത് വീഡിയോ എല്ലാവരും ഷെയർ ചെയ്തെങ്കിലും ഞാനാണ് ഇതിന് പിന്നിലെന്ന് ആർക്കും അറിയില്ലായിരുന്നു. മിക്ക ആളുകളും വീഡിയോ ഡൗൺലോഡ് ചെയ്തിട്ട് ചെയ്തത് ആരാണെന്ന് മെൻഷൻ ചെയ്തിട്ടില്ലായിരുന്നു,. അതിൽ കുറച്ച് വിഷമമുണ്ടെന്നും യുഹാബ് വ്യക്തമാക്കി,
മുൻപ് ഗാസയിലെ കുട്ടികളെ കുറിച്ച് യുഹാബ് ചെയ്ത എ.ഐ ചിത്രങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുൻകാല മലയാളതാരങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും ഇത്തരത്തിൽ ശ്രദ്ധ നേടിയ ഒന്നാണ്.
17 വർഷമായി ക്രിയേറ്റിവ് ഡിസൈൻ രംഗത്ത് പ്രവർത്തിക്കുകയാണ് 39 കാരനായ യുഹാബ്. ഏഴുവർഷത്തോളം ദുബായിൽ ക്രിയേറ്റീവ് ഡിസൈനറായി ജോലി നോക്കി. ടെക്നോപാർക്കിലും ഡിസൈനറായി പ്രവർത്തിച്ചിരുന്നു ഇപ്പോൾ ഫ്രീലാൻസായി ജോലി ചെയ്യുന്ന യുഹാബ് ജോലിയുടെ ഇടവേളകളിലാണ് ഇത്തരം പരീക്ഷണങ്ങൾ ചെയ്യുന്നത് . കുളത്തൂർ ഹൈസ്കൂളാലായിരുന്നു പഠനം. പഠനശേഷം വരയിലേക്ക് ഇറങ്ങുകയായിരുന്നു. ചെറിയചെറിയ സ്ഥാപനങ്ങളിലായിരുന്നു ചിത്രരചന പഠിച്ചത്. പിന്നീട് വിസ്മയാ മാക്സിൽ ആനിമേഷൻ പഠിച്ചു. അതിന് ശേഷമാണ് ടെക്നോപാർക്കിൽ എത്തിയത്. കുളത്തൂർ സുബൈദ മൻസിലിൽ ഇസ്മയിലിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ. ഷമിൻ.
രവിവർമ്മ ചിത്രങ്ങൾക്ക് ശേഷം പുതിയ ഐഡിയ ഒന്നും ഇതുവരെ മനസിൽ വന്നിട്ടില്ലെന്ന് യുഹാബ് പറയുന്നു. ആളുകൾ ഇനി തന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കും എന്നതും മനസിലുണ്ടെന്ന് യുഹാബ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |