മകനെ വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു
കോഴിക്കോട്: 'പൊതു സമൂഹത്തിനു മുമ്പിൽ ഞങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കരുത്. അർജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ നിലവിൽ ബുദ്ധിമുട്ടുകളില്ല."- അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് വീടിനും നാടിനും തീരാനൊമ്പരമായി മാറിയ അർജുൻ ഓടിച്ചിരുന്ന ട്രക്കിന്റെ ചുമതലക്കാരനായ മനാഫിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഇന്നലെ ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുന്നതായി ജിതിൻ പറഞ്ഞു. മനാഫിന്റെ അനുജൻ മുബീൻ ആണ് ലോറി ഉടമ. എന്നാൽ, മറ്റു ചില വ്യക്തികൾ വൈകാരികമായി അർജുനെ മാർക്കറ്റ് ചെയ്യുന്നു. ഫണ്ട് പിരിവ് നടത്തുന്നു. ഇപ്പോൾ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ് കുടുംബമെന്നും ജിതിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുടുംബത്തിനായി പല കോണുകളിൽ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ആ പണം ആവശ്യമില്ല. അർജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞുപരത്തുന്നു. ഇതിന്റെ പേരിൽ കുടുംബത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് മനാഫ് പറഞ്ഞതും വേദനിപ്പിച്ചു. മനാഫും ഈശ്വർ മാൽപെയും ചേർന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാൻ നാടകം കളിക്കുകയായിരുന്നു.
കർണാടക എസ്.പിയും എം.എൽ.എയും മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,
യഥാർത്ഥ ലോറി ഉടമയായ മുബീൻ ആത്മാർത്ഥമായി കൂടെ നിന്നതോർത്താണ് അത് ചെയ്യാതിരുന്നത്.
അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു.
''അർജുന്റെ പേരു പറഞ്ഞ് പണം വാങ്ങിയെന്ന് തെളിഞ്ഞാൽ മാനാഞ്ചിറ സ്ക്വയറിന് നടുവിൽ വന്ന് നിൽക്കാം. എന്നെ കല്ലെറിഞ്ഞ് കൊല്ലട്ടെ. പുതുതായി വാങ്ങുന്ന ലോറിക്ക് അർജുന്റെ പേര് തന്നെയിടും. യൂട്യൂബ് ചാനൽ നിർമ്മിച്ചത് അർജുന്റെ വിവരങ്ങൾ കൃത്യമായി അറിയിക്കാനാണ്.
-മനാഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |