കൊല്ലം: എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ളൈകോയിലേക്ക് ഭക്ഷ്യധാന്യവുമായെത്തുന്ന ലോറികളുടെ കാലിത്തൂക്കം (സാധനം കയറ്റുന്നതിന് മുമ്പുള്ള ഭാരം) കുറച്ച് കാണിച്ച് തട്ടിപ്പ്. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യം കയറ്റും മുമ്പും ശേഷവും ലോറിയുടെ ഭാരം വേ ബ്രിഡ്ജിൽ അളന്ന് ട്രക്ക് ചിറ്റ് റിപ്പോർട്ട് തയ്യാറാക്കും. എന്നാൽ പല എഫ്.സി.ഐ ഗോഡൗണുകളിലും കാലിത്തൂക്കം കുറച്ച് രേഖപ്പെടുത്തും. ഇത്രയും ഭക്ഷ്യധാന്യം കുറച്ചു മാത്രമേ കയറ്റൂ. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഭക്ഷ്യധാന്യം വലിയ അളവിൽ നഷ്ടപ്പെടാനും ഇത് കാരണമാകുന്നുണ്ട്. കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ കാലിത്തൂക്കം 3.5 ക്വിന്റൽ (350 കിലോ) കുറച്ചു കാണിച്ച് അത്രയും ഭക്ഷ്യധാന്യം തട്ടിച്ചത് സപ്ലൈകോ ഉദ്യോഗസ്ഥർ അടുത്തിടെ പിടികൂടിയിരുന്നു. റേഷനിംഗ് ഇൻസ്പെക്ടർമാർ ട്രക്ക് ചിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നിടത്ത് പ്രവേശിക്കില്ല. സ്വകാര്യ വേ ബ്രിഡ്ജുകളിൽ സോഫ്ട്‌വെയറിലൂടെയാണ് ഭാരസർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. പല എഫ്.സി.ഐ ഗോഡൗണുകളിലും വേ ബ്രിഡ്ജിൽ നോക്കി കുറിക്കുകയാണ്.
എഫ്.സി.ഐയുടെ ട്രക്ക് ചിറ്റ് റിപ്പോർട്ട് പ്രകാരമാണ് സപ്ലൈകോ ഉദ്യോഗസ്ഥർ സ്റ്റോക്ക് കൈപ്പറ്റുന്നത്. എന്നാൽ പിന്നീട് സപ്ലൈകോ ഗോഡൗണുകളിൽ പരിശോധിക്കുമ്പോഴാണ് സ്റ്റോക്കിലെ കുറവ് കണ്ടെത്തുക. ഇതോടെ റേഷൻ കടത്തിയെന്ന കുറ്റം സപ്ലൈകോ ഗോഡൗണിലെ ഉദ്യോഗസ്ഥരുടെ തലയിലുമാകും. കുറവുള്ള ഓരോ കിലോയ്‌ക്കും 40 രൂപ വീതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടയ്ക്കണം.
കരുനാഗപ്പള്ളിയിൽ വെട്ടിച്ചത് 300 കിലോ
ആഗസ്റ്റ് 22ന് കെ.എൽ 02 പി 4050 നമ്പർ ലോറി ഭക്ഷ്യധാന്യവുമായി ഗോഡൗണിൽ
എഫ്.സി.ഐ ട്രക്ക് ചിറ്റ് റിപ്പോർട്ടിൽ കാലിത്തൂക്കം 61 ക്വിന്റൽ
ഭക്ഷ്യധാന്യം സഹിതം 168.05 ക്വിന്റൽ
സ്വകാര്യ വേ ബ്രിഡ്ജിൽ പരിശോധിച്ചപ്പോൾ കാലിത്തൂക്കം 64 ക്വിന്റൽ
വെട്ടിച്ചത് മൂന്ന് ക്വിന്റൽ അരി (300 കിലോ)
ഇതേ ലോറിക്ക് 23ന് നൽകിയ ട്രക്ക് ചിറ്റിൽ കാലിത്തൂക്കം 63.45 ക്വിന്റൽ
'കരുനാഗപ്പള്ളി ഗോഡൗണിൽ നിന്ന് കൈമാറിയ ഭക്ഷ്യധാന്യത്തിലെ കുറവ് സംബന്ധിച്ച ടി.എസ്.ഒയുടെ റിപ്പോർട്ട് പൊതുവിതരണ വകുപ്പ് കമ്മിഷണർക്കും എഫ്.സി.ഐ അധികൃതർക്കും കൈമാറും".
- എസ്. ബിന്ദു, ജില്ലാ സപ്ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |