തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രിമാറ്റത്തിന് കുറച്ചുകൂടി കാത്തിരിക്കാൻ എൻ.സി.പി നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് ക്ലിഫ് ഹൗസിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ്.കെ തോമസ് എം.എൽ.എ എന്നിവരുമായി നടന്ന കൂടിക്കാഴ്ച്ചയിലാണിത്. ഇതോടെ നിയമസഭാ സമ്മേളനം വരെയെങ്കിലും ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും..
പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് പറഞ്ഞിരുന്നെങ്കിലും, മന്ത്രിമാറ്റം സംബന്ധിച്ച് എൻ.സി.പി.യിൽ ചേരിതിരിവ് രൂപപ്പെട്ടിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയും ചില നേതാക്കളും മന്ത്രിമാറ്റത്തെ അനുകൂലിക്കുമ്പോൾ ശശീീന്ദ്രൻ പക്ഷ നേതാക്കൾ മന്ത്രി മാറ്റത്തെ എതിർത്ത് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് കത്ത് നൽകിയിരുന്നു.മന്ത്രിയെ മാറ്റണമെന്ന് പാർട്ടി പാർലമെന്റ് ബോർഡിന്റെ തീരുമാനമാണെന്നും എപ്പോഴായാലും അത് നടപ്പാകുമെന്നുമാണ് ഔദ്യോഗിക പക്ഷം പറയുന്നത്. എന്നാൽ ശശീന്ദ്രനെ മാറ്റാനുള്ള ആവശ്യവുമായി ചാക്കോ മുഖ്യമന്ത്രിയെ ആദ്യം കാണുമ്പോൾ മുതൽ മാറ്റത്തിന് പിണറായി അനുകൂലമല്ലെന്ന് ശശീന്ദ്രൻ പക്ഷം . ചാക്കോ പാർട്ടിയെ യു.ഡി.എഫ് ക്യാമ്പിലെത്തിക്കാനുള്ള നീക്കം നടത്തുകയാണെന്നും അവർ ആരോപിക്കുന്നു.അതിനിടെ, ശശീന്ദ്രൻ പക്ഷം തലസ്ഥാനത്ത് രഹസ്യ യോഗം ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |