കൊച്ചിയിൽ സിനിമ സ്വപ്നം കണ്ട ഈ പെൺകുട്ടിയുടെ പേര് മീനാക്ഷി ഉണ്ണിക്കൃഷ്ണൻ. വാഴ സിനിമയിൽ മായ എന്ന ബോൾഡ് പെൺകുട്ടിയായി ജീവിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മീനാക്ഷി, ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സിൽ മമ്മൂട്ടിയോടൊപ്പം. ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസിന്റെ നായിക വേഷമാണ് ഇനി കാത്തിരിക്കുന്നത്. പിന്നാലെ വേറെയും പ്രോജക്ടുകൾ. സിനിമയിൽ പുത്തൻ പ്രതീക്ഷയായി മാറുന്ന മീനാക്ഷി ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു.
വാങ്ക്, വടക്കൻ, വാഴ
സിനിമ എന്നും ഉള്ളിലുണ്ടായിരുന്നു. അച്ഛൻ ഉണ്ണി രൂപവാണി, ദൂരദർശനുവേണ്ടി സീരിയലുകൾ നിർമ്മിച്ചിട്ടുണ്ട്.
അച്ഛൻ പ്രൊഡക്ഷൻ എക്സിക്യുട്ടീവായ തൊമ്മനും മക്കളും, സി.ഐ.ഡി മൂസ എന്നീ സിനിമകളുടെ ലൊക്കേഷനിൽ പോയത് ഓർമ്മയുണ്ട്. ക്യാമറയുടെ മുൻപിൽ ഞാൻ കാണുന്ന ആദ്യ സിനിമ നടൻ മമ്മുക്കയാണ്. ഞാൻ മൂന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. ഒരു ദിവസം അനീഷ് ഉപാസനയുടെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ അമ്മയോടൊപ്പം പോയി. അച്ഛന്റെ പഴയ ഫോട്ടോ എഡിറ്റ് ചെയ്യാനും കൊടുത്തു. ഫോട്ടോ കണ്ട് 'ഉണ്ണി ചേട്ടന്റെ മോളാണോ" എന്ന് ചോദിച്ച് അനീഷേട്ടൻ അടുത്ത ദിവസം വിളിച്ചു. മോഡലിംഗും ആക്ടിങും താത്പര്യമുണ്ടോയെന്നും ചോദിച്ചു. അഭിനയം ഇഷ്ടമാണെന്ന് പറഞ്ഞു. വാങ്കിന്റെ തിരക്കഥാകൃത്ത് ശബ്ന മുഹമ്മദ് ഫോട്ടോകൾ കണ്ടതോടെയാണ് ഞാൻ ഇൻ ആകുന്നത്. വാങ്ക് കഴിഞ്ഞപ്പോഴാണ് പാഷൻ തിരിച്ചറിയുന്നത്. ആ സമയത്ത് കുസാറ്റിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എൽ.എൽ. ബി ചെയ്യുകയാണ്.വാങ്കിനുശേഷം ഉണ്ണി ആറിന്റെ വടക്കൻ.
ടോം ബോയ്
വാഴ സിനിമയിലെ മായ എന്ന കഥാപാത്രത്തിലൂടെ ആളുകൾ തിരിച്ചറിയുന്നു. ഹെയർ സ്റ്റൈൽ അനുകരിച്ച് ഫോട്ടോ അയയ്ക്കുന്നവരുണ്ട്. വലിയ വിജയം വാഴ നേടി. ഒ.ടി.ടിയിലും സൂപ്പർ ഹിറ്ര്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നും മെസേജ് വരുന്നതിന്റെ സന്തോഷത്തിലാണ് മായയും വാഴ ടീമും .അച്ഛന്റെ ഇഷ്ടപ്രകാരം ജീവിക്കുന്ന പെൺകുട്ടിയാണ് മായ. മായയെപോലെ ജീവിക്കുന്നവരാണെന്ന് നേരിട്ട് വന്നു പറഞ്ഞവരുണ്ട്. കഥാപാത്രമാകാൻ ബൈക്ക് ഒാടിക്കാൻ പഠിച്ചു. മുടി മുറിച്ച് ടോം ബോയ് ലുക്ക് വരുത്തി.
ഇതാണ് വഴി
വാഴയുടെ ഡബിംഗ് സമയത്താണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സിൽ ഇൻ ആകുന്നത്. മമ്മുക്കയെ അടുത്തു കണ്ടപ്പോൾ ആദ്യം പേടി ഉണ്ടായിരുന്നു.ലൊക്കേഷനിൽവച്ച് വാഴയുടെ പോസ്റ്റർ കാണിച്ചപ്പോൾ മമ്മുക്ക ആശംസ നേർന്നു.മമ്മുക്ക, ഗൗതം മേനോൻ എന്നീ പ്രതിഭാധനർക്കൊപ്പം തുടക്കത്തിൽ തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുകോഴ്സ് കഴിഞ്ഞ് ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ രണ്ടുമാസം ജോലി ചെയ്തപ്പോൾ ഇതല്ല എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.പാഷൻ ഫോളോ ചെയ്താണ് സിനിമയിൽ വന്നത്. സിനിമയിൽ തുടരാനാണ് തീരുമാനം.
അവസരങ്ങൾ തേടിവന്നത് ഭാഗ്യംതന്നെയാണ്.നല്ല ടീമിന്റെ ഭാഗമാകാനാണ് ആഗ്രഹം. അമ്മ ശ്രീലത ഉണ്ണിക്കൃഷ്ണൻ. എന്റെ തീരുമാനങ്ങൾക്ക് ഒപ്പമാണ് അമ്മ. നായക്കുട്ടി ചാർളി കൂടി ചേരുന്നതാണ് കുടുംബം. അച്ഛന്റെ ജോലി സ്ഥലത്ത് വന്ന തോന്നൽ അനുഭവപ്പെടുന്നു.ഈ യാത്ര ഒരുപാട് സന്തോഷം തരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |