തിരുവനന്തപുരം: കുറഞ്ഞത് 10 വർഷം ആയുർദൈർഘ്യമുള്ള എല്ലാവിളകളെയും തോട്ടവിളകളെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കോഴിക്കോടിന്റെ പഠനം. സംസ്ഥാനത്തെ തോട്ടങ്ങളിൽ കൃഷി ചെയ്യുന്ന വിളകൾ വൈവിദ്ധ്യവത്കരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവത്കരണവും നവീകരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ പഠനറിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. വ്യവസായ മന്ത്രി പി.രാജീവും പങ്കെടുത്തു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് രാജീവ് പറഞ്ഞു.
രാജ്യത്ത് ആദ്യമായി പ്ലാന്റേഷൻ മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് വ്യവസായ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തോട്ടം മേഖലയെ കുറിച്ച് പഠനം നടത്താൻ ഐ.ഐ.എം.കെയെ ചുമതലപ്പെടുത്തിയത്. പ്രൊഫസർമാരായ എസ്. വെങ്കട്ടരാമൻ,അശുതോഷ് സർക്കാർ എന്നിവരാണ് പഠനം നടത്തിയത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസർ എസ്. ഹരികിഷോർ,വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ എന്നിവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
തോട്ടവിളകളിലും അനുബന്ധ ഉത്പന്നങ്ങളിലും കേരള ബ്രാൻഡ് കൊണ്ടുവരാൻ പി.പി.പി മോഡൽ പ്രോത്സാഹിപ്പിക്കണം.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് തോട്ടം മേഖലയിലും പ്രവർത്തികമാക്കണം.
തോട്ടം മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിലവിലുള്ള അഞ്ച് ശതമാനം ഇളവിനുള്ള നിബന്ധനകൾ ഒഴിവാക്കണം.
ഇ.എസ്.ഐ സംവിധാനം എല്ലാ തൊഴിലാളികൾക്കും ബാധകമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |