വാർദ്ധക്യമെന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ്. എന്നിരുന്നാലും വാർദ്ധക്യം പിടിപെടാതിരിക്കാൻ പലവിധത്തിലുളള മാർഗങ്ങളും നമ്മൾ പരീക്ഷിക്കും. കുറച്ച് പേർ ചിട്ടയായ വ്യായാമം പിന്തുടരുമ്പോൾ മറ്റുളളവർ ഭക്ഷണത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ പാലിക്കും. എന്നാൽ ഇതൊന്നും പാലിക്കാതെ ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. തന്നെ വാർദ്ധക്യം ബാധിച്ചുവെന്ന് ഒരു മനുഷ്യൻ മനസിലാക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?അത്തരത്തിലുളള ഒരു പഠനമാണ് ആരോഗ്യലോകത്ത് ചർച്ചയാകുന്നത്.
ഒറ്റക്കാലിൽ എത്ര സമയം നിൽക്കാമെന്നതിനെ ആശ്രയിച്ചാണ് വാർദ്ധക്യം നമ്മളെ ബാധിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തപ്പെടുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. ഹെൽത്ത് കെയർ കമ്പനിയായ മയോ ക്ലിനികിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. പ്ലോസ് വൺ ജേണലിൽ ഗവേഷകർ നടത്തിയ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു. 52നും 83നും ഇടയിൽ പ്രായമുളള 1,410 പേരെയാണ് ഗവേഷകർ തിരഞ്ഞെടുത്തത്. ഇതിൽ 40 പേർ പൂർണ ആരോഗ്യവാൻമാരാണെന്നാണ് ഗവേഷകർ പറയുന്നത്. ഇവർക്ക് ഒരു നിശ്ചിത സമയ പരിധി വരെ ഒറ്റക്കാലിൽ നിൽക്കാൻ സാധിച്ചെന്നും സന്തുലിതമായ ആരോഗ്യവ്യവസ്ഥയുണ്ടെന്നും കണ്ടെത്തി.
ഒരു നിശ്ചിത പരിധിക്കുളളിൽ ഒറ്റക്കാലിൽ നിൽക്കുക എന്നത് നിങ്ങളുടെ മൊത്തത്തിലുളള ആരോഗ്യ വ്യവസ്ഥ നിർണയിക്കുന്ന ഒരു അളവുകോലാണെന്നാണ് മുതിർന്ന എഴുത്തുകാരനും മയോ ക്ലീനികിലെ ഡബ്ല്യൂ ഹാൾ വെൻഡൽ ജൂനിയർ മസ്കുലോസ്കലെറ്റൽ റിസർച്ച് പ്രൊഫസറുമായ ഡോക്ടർ റോച്ചസ്റ്റർ പറയുന്നത്. ഇതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നമുക്ക് മനസിലാക്കാൻ സാധിക്കും. ഇത് ആരോഗ്യത്തോടെ ജീവിക്കാനും പ്രവർത്തികളിലേർപ്പെടാനും മനുഷ്യരെ സഹായിക്കും. അങ്ങനെ ഒരു വ്യക്തിക്ക് ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പുതിയ പരീക്ഷണം ചെറുപ്പക്കാർക്കും ബാധകമാണെന്നാണ് മറ്റൊരുവിഭാഗത്തിന്റെ അഭിപ്രായം. ഒറ്റക്കാലിൽ നിൽക്കുന്ന പ്രവർത്തി ചെറുപ്പക്കാലം മുതൽക്കേ പരിശീലിക്കുന്നവർക്ക് ആരോഗ്യമുളള വാർദ്ധക്യകാലം കിട്ടുമെന്നാണ് അവർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പലവിധത്തിലുളള പഠനങ്ങൾ മുൻകാലങ്ങളിലും പുറത്തുവന്നിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ പഠനം
ഒറ്റക്കാലിൽ പത്ത് സെക്കൻഡ് പോലും നിൽക്കാൻ കഴിയാത്തത് മരണസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നത്. 51നും 75നും ഇടയിൽ പ്രായമുളള 1,702 പേരെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിൽ മൂന്നിൽ രണ്ട് പേരും പുരുഷൻമാരായിരുന്നു. ഇവരോട് ഗവേഷകർ പത്ത് സെക്കന്റ് ഒറ്റക്കാലിൽ നിൽക്കാൻ ആവശ്യപ്പെട്ടു. കൂടുതൽ ആളുകളും അവർക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് നിന്നത്. എന്നാൽ പങ്കെടുത്തവരിൽ 20 ശതമാനം ആളുകൾക്കും അവരുടെ ടാസ്‌ക് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.
പ്രധാന കണ്ടെത്തലുകൾ
51നും 55നും ഇടയിൽ പ്രായമുളള അഞ്ച് ശതമാനം ആളുകളും പരാജയപ്പെട്ടു.
56നും 60നും ഇടയിൽ പ്രായമുളള എട്ട് ശതമാനം ആളുകളും പരാജയപ്പെട്ടു.
61നും 65നും ഇടയിൽ പ്രായമുളള 18 ശതമാനം ആളുകളും പരാജയപ്പെട്ടു.
66നും 70നും ഇടയിൽ പ്രായമുളള 37 ശതമാനം ആളുകളും പരാജയപ്പെട്ടു.
71നും 75നും ഇടയിൽ പ്രായമുളള 54 ശതമാനം ആളുകളും പരാജയപ്പെട്ടു.
പങ്കെടുത്തവരുടെ പ്രായം,ലിംഗം, നിലവിലുളള ആരോഗ്യാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി കുറഞ്ഞത് പത്ത് സെക്കന്റിൽ ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കാത്തവർക്ക് വരുന്ന ഏഴ് വർഷത്തിനിടയിൽ 84 ശതമാനം വരെ മരണ സാദ്ധ്യത ഉണ്ടെന്നാണ് കണ്ടെത്തൽ.
സാധാരണയായി പൂർണ ആരോഗ്യവാൻമാരായ 50 വയസുളളവർക്ക് കുറഞ്ഞത് 40 സെക്കന്റ് സമയമെങ്കിലും ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കണമെന്നാണ് ന്യൂയോർക്ക് സർവകലാശാലയിലെ ഫിസിക്കൽ തെറാപ്പി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറായ അനറ്റ് ലുബെറ്റ്സ്കി പറയുന്നത്. 60 വയസുളളവർക്ക് 20 സെക്കന്റെങ്കിലും നിൽക്കാൻ സാധിക്കണം. 70 വയസുളളവർക്ക് പത്ത് സെക്കന്റെങ്കിലും നിൽക്കാൻ സാധിക്കണം. ഇതിൽ പരാജയപ്പെടുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. ചിലർക്ക് അമിതവണ്ണമോ, ഹൃദയ സംബന്ധമായ അസുഖങ്ങളോ ഉയർന്ന രക്ത സമ്മർദ്ദമോ പ്രമേഹ രോഗമോ ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |