തിരുവനന്തപുരം: ഒരു ചെലാൻ നമ്പറുണ്ടെങ്കിൽ ഏത് പരീക്ഷയ്ക്കും എത്ര പേർക്കു വേണമെങ്കിലും പണമടയ്ക്കാമായിരുന്ന തട്ടിപ്പ് കേരള സർവകലാശാല തടഞ്ഞു.
ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിൽ പണമടയ്ക്കുന്നതിന്റെ വിവരങ്ങൾ ഒരു മാസം കഴിഞ്ഞേ സർവകലാശാലയ്ക്ക് ലഭിക്കൂ എന്ന സൗകര്യം മുതലെടുത്തായിരുന്നു തട്ടിപ്പ്. ദശലക്ഷക്കണക്കിന് രൂപയാണ് സർവകലാശാലയ്ക്ക് ഈ തട്ടിപ്പിലൂടെ നഷ്ടമാവുന്നതെന്ന് കേരളകൗമുദി ജൂലായ് 18ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് എല്ലാത്തരം ഫീസും ബാങ്ക്, സർവകലാശാലാ കാഷ് കൗണ്ടർ, ഓൺലൈൻ വഴി മാത്രം സ്വീകരിക്കാൻ തീരുമാനിച്ചത്.
പരീക്ഷാ ഫീസും മറ്റ് സേവനങ്ങൾക്കുള്ള ഫീസും അടയ്ക്കാൻ കേരള സർവകലാശാലയ്ക്ക് ഓൺലൈൻ പേയ്‌മെന്റ് സൗകര്യവും സർവകലാശാലാ ആസ്ഥാനത്ത് ഓൺലൈൻ പണമടപ്പ് കേന്ദ്രവുമുണ്ട്. എന്നാൽ ഐ.ടി മിഷനു കീഴിലുള്ള ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിൽ ഫീസടച്ച ശേഷം സർവകലാശാലാ വെബ്സൈറ്റിലെ പരീക്ഷാ അപേക്ഷയിൽ ചെലാൻ നമ്പർ നൽകിയാൽ മതി. യാതൊരു പരിശോധനയുമില്ലാതെ ചെലാൻ നമ്പർ സർവകലാശാലയിലെ കമ്പ്യൂട്ടർ സംവിധാനം സ്വീകരിക്കുന്നതാണ് തട്ടിപ്പിനിടയാക്കുന്നത്. ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലെയും സർവകലാശാലയിലെയും ഡാറ്റാബേസുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. വിവരങ്ങൾ തത്സമയം കൈമാറുന്ന രീതിയുമില്ല. 30ദിവസത്തിനു ശേഷം സി.ഡിയിലാക്കി ഫീസടച്ചവരുടെ വിവരങ്ങൾ സർവകലാശാലയ്ക്ക് കൈമാറുകയാണ് ഫ്രണ്ട്സ് ജനസേവന കേന്ദ്രം ചെയ്യുന്നത്.
ഒരു ചെലാൻ നമ്പറുപയോഗിച്ച് എത്ര പേർക്കു പണമടച്ചാലും സർവകലാശാലയിലെ സെർവർ അത് നിരസിക്കില്ല. വ്യാജ ചെലാൻ നമ്പറുകൾ സ്വീകരിക്കുന്നത് തടയണമെന്ന് പരീക്ഷാവിഭാഗം സർവകലാശാലാ കമ്പ്യൂട്ടർ സെന്ററിന് നിർദ്ദേശം നൽകിയെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. സർവകലാശാലയിലെ ഓൺലൈൻ കേന്ദ്രത്തിൽ പണമടച്ചാൽ പരിശോധനയ്ക്ക് ശേഷമേ സെർവർ വിവരങ്ങൾ സ്വീകരിക്കാറുള്ളൂ. സമാനമായി ഫ്രണ്ട്സ് കേന്ദ്രത്തിൽ അടയ്ക്കുന്ന പണത്തിന്റെ ചെലാൻ നമ്പറുകൾ പരിശോധിച്ച് 45മിനിറ്റിനു ശേഷമേ പണം സ്വീകരിക്കാവൂ എന്ന പരീക്ഷാ വിഭാഗത്തിന്റെ ശുപാർശ അംഗീകരിച്ചിട്ടില്ല. ഈ പഴുതുപയോഗിച്ച് കാലങ്ങളായി നടത്തിയിരുന്ന തട്ടിപ്പിനാണ് സർവകലാശാല തടയിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |