
തിരുവനന്തപുരം: വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ ലിറ്ററിന് 200 രൂപവരെയുള്ള, ആരോഗ്യത്തിന് ദോഷമല്ലാത്ത തവിടെണ്ണയിലേക്ക് പലരും മാറി. ഡിമാന്റ് കൂടിയതോടെ അതിലും കടന്നുകൂടി വ്യാജന്മാർ. തവിടിൽ രാസവസ്തുക്കൾ ചേർത്ത് തയ്യാറാക്കുന്ന വ്യാജൻ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഏറെയും വരുന്നത്. ലിറ്ററിന് 120-140 രൂപയ്ക്ക് ഇത് ലഭിക്കും.
ഈ വിലയ്ക്ക് ഗുണമേന്മയുള്ള തവിട് ശരിയായ രീതിയിൽ സംസ്കരിച്ച് എണ്ണയാക്കി നൽകാനാവില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തവിടെണ്ണയിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ കലരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വിലയിരുത്തുന്നു. എന്നാൽ, ഇവ കണ്ടെത്താൻ പരിശോധന തുടങ്ങിയിട്ടില്ല.
എണ്ണയുടെ അളവ് കൂട്ടാൻ ചേർക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണ്. മായം കലർന്നവ ഹൃദയാരോഗ്യത്തിന് ഭീഷണിയാകും. ഉയർന്ന രക്തസമ്മർദ്ദത്തിനും ഇടയാക്കും. കേടായതും പഴകിയതും ഗുണം കുറഞ്ഞതിനെയും നല്ല തവിടെണ്ണയെന്നു തോന്നിപ്പിക്കുന്ന രീതിയിലേക്ക് മാറ്റാൻ നടത്തുന്ന രാസപ്രക്രിയകളും ദോഷമാണ്. ഗുണമേന്മയേറിയ അരിയുടെ തവിടിൽ നിന്നാണ് നല്ല എണ്ണ കിട്ടുന്നത്. മികച്ച അരിയുടെ തവിടിനൊപ്പം മോശം അരിയുടെ തവിട് ചേർത്ത് എണ്ണയാക്കിയും വിൽപ്പനക്കെത്തിക്കാറുണ്ട്.
ശുദ്ധമായാൽ ഗുണം ഏറെ
ശുദ്ധമായ തവിടെണ്ണ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. 38 ശതമാനം മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 37% പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 25 ശതമാനം സാച്ചുറേറ്റഡ് ഫാറ്റി ആസിഡുമാണ് തവിടെണ്ണയിലുള്ളത്. മോണോ ഫാറ്റി ആസിഡുകൾ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നവയാണ്. പോളി ആസിഡുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും. ആന്റിഓക്സിഡന്റുകൾ ചർമ്മാരോഗ്യത്തിനും നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |