കലയ്ക്കും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയ ചില എഴുത്തുകാരെ നാം മറന്നു പോകുന്നു. അവരുടെ സംഭാവനകൾ വിമർശകരും ചരിത്രകാരന്മാരും മാധ്യമങ്ങളും വേണ്ടതുപോലെ പരിഗണിക്കാതെ പോകുന്നു. ഇത് പലപ്പോഴും സംഭവിക്കാറുണ്ട്.കെ.സുരേന്ദ്രന്റെ കാര്യത്തിൽ ഇതു സംഭവിച്ചു.അദ്ദേഹം മലയാളനോവലിനും മലയാള ചിന്തക്കും നൽകിയ പുതിയ പാരമ്പര്യവും സംസ്‌കാരവും വളരെ വലുതാണ്. നോവലിസ്റ്റ് മാത്രമായിരുന്നില്ല അദ്ദേഹം. സാമൂഹികചിന്തകനും സാഹിത്യ നിരൂപകനും ജീവചരിത്രകാരനുമായിരുന്നു .അദ്ദേഹത്തിന്റെ സാഹിത്യ സേവനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. അദ്ദേഹം മലയാളികൾക്ക് പകർന്നു കൊടുത്ത ആശയങ്ങളും സൗന്ദര്യ ലോകവും പുനർമൂല്യനിർണ്ണയം ആവശ്യപ്പെടുന്നുണ്ട്.
ദേവിന്റെയും തകഴിയുടെയും ബഷീറിന്റെയും തലമുറക്കു ശേഷം മലയാളനോവലിനെ മുന്നോട്ട് നയിച്ച എഴുത്തുകാരിൽ പ്രമുഖനാണ് കെ.സുരേന്ദ്രൻ .എം ടി, മലയാറ്റൂർ, പാറപ്പുറത്ത് തുടങ്ങിയ എഴുത്തുകാരോടൊപ്പം മലയാളനോവലിന്റെ ദിശ തിരിച്ചുവിട്ട എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യന് വയറു മാത്രമല്ല ഹൃദയവുമുണ്ടെന്ന് എഴുത്തുകളിലൂടെ ലോകത്തെ അറിയിച്ചു ഈ എഴുത്തുകാരനും.
വ്യക്തി മനസ്സിന്റെ ആഴവും അതിലെ സങ്കീർണ്ണതകളും മന:ശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ മലയാളനോവലിൽ ചിത്രീകരിച്ച എഴുത്തുകാരനാണ് അദ്ദേഹം. എന്നാൽ സമൂഹത്തെയും ചരിത്രത്തെയും മറന്നു കൊണ്ടല്ല അദ്ദേഹം വ്യക്തി മനസ്സിന്റെ ഉള്ളിലേക്ക് പോയത്. അദ്ദേഹത്തിന്റെ ചില രചനകളിൽ കാലഘട്ടത്തിന്റെ സങ്കീർണതകളും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും നിറഞ്ഞു നിൽക്കുന്നതു കാണാം. വലിയൊരു കാലഘട്ടത്തെ തന്നെ നോവലിലേക്ക് കൊണ്ടുവരുവാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ചരിത്ര പുരുഷന്മാരെ നോവലിൽ പ്രതിഷ്ഠിക്കുവാനും അദ്ദേഹം ശ്രമിച്ചു.
എന്റെ വായനയുടെ തുടക്കത്തിൽ എന്നെ ആകർഷിച്ച എഴുത്തുകാരിൽ ഒരാളാണു സുരേന്ദ്രൻ . തീരെ ചെറുപ്പത്തിൽ തന്നെ 'താള'വും 'കാട്ടുകുരങ്ങും' വായിച്ചു.കുടുംബ ബന്ധങ്ങളുടെ താളവും താളക്കേടുകളും നിറഞ്ഞ ആ നോവലുകൾ എന്നെ മാത്രമല്ല അന്നത്തെ വായക്കാരെയെല്ലാം ആകർഷിച്ചു.മനുഷ്യ മനസ്സിന്റെ നിഗൂഢ ചലനങ്ങൾ ഹൃദ്യമായി ആവിഷ്‌ക്കരിച്ച നോവലുകൾ മലയാളി മനസ്സ് വേഗത്തിൽ സ്വീകരിച്ചു എന്നു തന്നെ പറയാം.തുടർന്നു വന്ന നോവലുകളല്ലാം പലപ്പോഴും ഖണ്ഡശ്ശ തന്നെ വായിക്കുവാൻ എനിക്ക് കഴിഞ്ഞു..ശക്തിയും മരണം ദുർബ്ബലവും പതാകയും ഗുരുവുമെല്ലാം അങ്ങിനെ വായിച്ചവയാണ്.ശക്തമായ വികാരങ്ങൾ പ്രകാശിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം എല്ലാ വായനക്കാരെയും വശീകരിച്ചു എന്നു പറയാം.
ശക്തിയിലെ നാരായണൻ സാറും മരണം ദുർബ്ബലത്തിലെ കവിയും വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിലുണ്ട്. ആ നോവലിലെ കവി കുമാരനാശാനാണ്. ഇത്രയുമൊക്കെ ആശാൻ സംസാരിക്കുമോ എന്ന് സംശയം തോന്നിയിട്ടുണ്ട്.ധാരാളം സംസാരിക്കുന്നവരാണ് കെ.സുരേന്ദ്രന്റെ കഥാപാത്രങ്ങളെന്ന് പല വായനക്കാരും പറഞ്ഞിട്ടുണ്ട്.ശരി തന്നെ അത്. ആ സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ മനസ്സും ഹൃദയവുംപുറത്ത് വരുന്നു എന്നതാണ് സത്യം . സംഭാഷണങ്ങളിലൂടെയാണ് ഇതിവൃത്തം ഇതൾ വിടരുന്നത്.
കെ.സുരേന്ദ്രൻ പിന്നീട് നിരവധി നോവലുകളെഴുതി. മായ, ജ്വാല, ദേവി, പതാക, ഗുരു, സീതായനം എന്നിങ്ങനെ ഭിന്ന സ്വഭാവങ്ങൾ പുലർത്തുന്ന നോവലുകൾ. വലിയൊരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സമര ചരിത്രമാണ് പതാക .അതിൽ തിരുവിതാംകൂറിലെ ആധുനിക ഘട്ടത്തിലെ രാഷ്ട്രീയ ചരിത്രമാണുള്ളത്...തിരുവിതാംകൂറിലെ രാഷ്ട്രീയ നേതാക്കന്മാർ ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകളും സംഘർഷങ്ങളും പതാക .'യിൽ നിറഞ്ഞു നില്പുണ്ട്.ഗുരു'വിൽ ശ്രീ നാരായണ ഗുരുവിന്റെ ചരിത്രവും ദർശനവുമാണ് നോവൽ എന്ന കലയിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുന്നത്. ഗുരുവിനെയും ഗുരുവിന്റെ കാലത്തെയും കലയിലേക്ക് ആവാഹിക്കുവാനുള്ള കഠിനശ്രമമാണ് ആ നോവൽ രചനയിൽ സുരേന്ദ്രൻ പ്രകടിപ്പിക്കുന്നത്.ആത്മീയാനുഭൂതികൾ ആവിഷ്‌ക്കരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ കാവ്യാത്മകമാകുന്നുണ്ട്.
വളരെ നാളത്തെ ധ്യാനവും അന്വേഷണവും ആ നോവലിന്റെ പിന്നിലുണ്ട്.സുരേന്ദ്രന്റെ മാസ്റ്റർ പീസ് 'ഗുരു' ആണെന്നു തോന്നുന്നു. വേറെയും ശ്രദ്ധേയമായ നോവലുകൾ അദ്ദേഹത്തിന്റേതായുണ്ട്.
സൃഷ്ടിയോടൊപ്പം നിരൂപണവും അദ്ദേഹമെഴുതി. വലിയൊരു വായനക്കാരനായ അദ്ദേഹം സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചം ലോക സാഹിത്യത്തിലെ പ്രമുഖരെക്കുറിച്ചും എഴുതിയിട്ടുണ്ട്. കുമാരനാശാനെക്കുറിച്ചും ഡോസ്റ്റോവ്സ്‌ക്കിയെക്കുറിച്ചും എഴുതിയ പഠനങ്ങൾ മികച്ചതാണ്.സാഹിത്യം അക്കാദമിക് തലത്തിൽ പഠിച്ചയാളല്ല അദ്ദേഹം.സാഹിത്യത്തോടുള്ള സവിശേഷമായ താല്പര്യം കൊണ്ട് ടെലഫോൺ വകുപ്പിലുണ്ടായിരുന്ന ജോലി രാജി വച്ച് മുഴുവൻ സമയവും സാഹിത്യത്തിനു വേണ്ടി മാറ്റിവച്ചു അദ്ദേഹം. അദ്ദേഹം സാഹിത്യ സദസ്സുകളിൽ പങ്കെടുത്തില്ല. ഒരു കൂട്ടായ്മയിലും ചേർന്നില്ല. ഒരു രാഷ്ടീയകക്ഷിയുടേയും ആളായില്ല' . എന്നും ഒറ്റക്ക് നിന്നു. അതിന്റെ ശക്തിയും സൗന്ദര്യവും അദ്ദേഹത്തിന്റെ രചനകൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |