SignIn
Kerala Kaumudi Online
Friday, 25 July 2025 8.40 PM IST

നിശബ്ദ വിലാപങ്ങൾ അറിയിപ്പാകുമ്പോൾ

Increase Font Size Decrease Font Size Print Page
af

പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിന് പ്രശസ്തമാണ് കോന്നി ആനത്താവളം. ആനക്കാഴ്ചകൾ കൗതുകം പകരുന്നതാണ്. നാട്ടുകാരും അന്യസംസ്ഥാനക്കാരും വിദേശികളും ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ ആനത്താവളത്തിൽ ദിവസേന എത്താറുണ്ട്. ആനകളുടെ മുന്നിൽ എത്രനേരം നിന്നാലും ആർക്കും ബോറടിക്കില്ല. ഭൂമിയിലെ ബുദ്ധിയുള്ള ഈ മൃഗത്തെ മനുഷ്യർ സ്നേഹിക്കുന്നു. ആനകൾ മനുഷ്യനെയും. കാട്ടിൽ പിറന്ന ആനകൾ പല കാരണങ്ങളാൽ നാട്ടാനകളായി മാറിയിട്ടുണ്ട്. അമ്മയാനക്കൊപ്പം നടന്ന് കാടിന്റെ പ്രകൃതിയും മണവും രുചിയുമാണ് കുട്ടിയാനകളുടെ വളർച്ചയുടെ അടിസ്ഥാന ഘടകം. കാടുവിട്ട് നാട്ടിലെത്തുന്ന ആനകളുടെ ആവാസ വ്യവസ്ഥ പെട്ടന്നു മാറുന്നു. കാട്ടിൽ ഭക്ഷിച്ചതെല്ലാം നാട്ടിൽ കിട്ടണമെന്നില്ല. പക്ഷെ, കാടുമായിട്ടാണ് ആനകൾക്ക് പൊക്കിൾക്കൊടി ബന്ധം. അതിൽ നിന്ന് അകലുന്തോറും കുട്ടിയാനകൾക്ക് പലവിധ ശാരീരിക പ്രശ്നങ്ങളുമുണ്ടാകുമെന്ന് ആന പ്രേമികളും വിദഗ്ദ്ധരും ഒരുപോലെ പറയുന്നു. കുട്ടിയാനകൾ നാട്ടിലെത്തുമ്പോൾ അവയുടെ ഭക്ഷണ രീതികൾ മാറും. കോന്നി ആനത്താവളത്തിൽ എത്തുന്ന ആനകളുടെ ഭക്ഷണരീതി കാട്ടിൽ നിന്ന് വ്യത്യസ്തമാണ്. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഗുരുതര അസുഖം ബാധിച്ച് ആനകൾ ചരിയുന്ന സംഭവങ്ങൾ കോന്നി ആനത്താവളത്തിൽ ആവർത്തിക്കുകയാണ്.

കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ ഇവിടെ ചരിഞ്ഞത് നിരവധി ആനകളാണ്. കൽപ്പന, അമ്മു, ലക്ഷ്മി, ഇന്ദ്രജിത്ത്, ജൂനിയർ സുരേന്ദ്രൻ, പിഞ്ചു, മണിയൻ, കോടനാട് നീലകണ്ഠൻ, ഒടുവിൽ അടുത്തിടെ കൊച്ചയ്യപ്പനും.

കേന്ദ്ര പ്രോജക്ട് എലിഫെന്റ് ഡയറക്ടർ കോന്നിയിലെ ആനകളുടെ ദുരൂഹമരണത്തെക്കുറിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മുൻപ് വിശദീകരണം തേടിയിരുന്നു. 2016 ൽ ആറുമാസത്തിനിടയിൽ രണ്ട് ആനക്കുട്ടികളാണ് കോന്നിയിൽ ചരിഞ്ഞത്. ഡിസംബർ ആദ്യം അമ്മുവും ജൂലായിൽ ലക്ഷ്മിയും. ആനത്താവളത്തിലെ കൊമ്പൻ കൃഷ്ണ കഴിഞ്ഞ ദിവസം വ്യായാമത്തിനിടെ ഇടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. രാവിലെ എട്ടിന് വ്യായാമത്തെ തുടർന്നുള്ള നടത്തത്തിനിടെയാണ് ഇരുപത് വയസുളള കൊമ്പൻ ഇടഞ്ഞത്. ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് അറിയാനും പരിശോധിക്കാനുമുള്ള പ്രാഥമിക നടപടികൾപോലും ആനത്താവളത്തിൽ ലഭ്യമല്ലെന്ന് വേണം ഇതിൽ നിന്ന് അനുമാനിക്കാൻ. ആനകളുടെ പരിപാലനം നിസാര കാര്യമല്ലെന്ന് മൃഗസ്നേഹികൾക്കെല്ലാം അറിയാം. വേണ്ടത്ര പരിശീലനമില്ലാത്ത പാപ്പാൻമാരും വന്യമൃഗ ചികിത്സയിൽ പ്രാവീണ്യമില്ലാത്ത ഡോക്ടർമാരുമാണ് കോന്നി ആനത്താവളത്തിൽ ആനകളെ പരിപാലിക്കുന്നതും ചികിത്സക്കുന്നതും.

ഹെർപ്പിസ് രോഗം

ആനകൾ എന്ത് ആരോഗ്യപ്രശ്നങ്ങൾ കാട്ടിയാലും ഹെർപ്പിസ് രോഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 ൽ തൃശൂർ എലൈറ്റ് ഗ്രൂപ്പ് വനംവകുപ്പിന് കൈമാറിയ ഇന്ദ്രജിത്തും കോന്നി ഇക്കോ ടൂറിസം സെന്ററിൽ ചരിഞ്ഞു. ഹെർപ്പിസ് രോഗബാധയാണ് മരണകാരണമെന്ന് ബത്തേരിയിലെ വനംവകുപ്പിന്റെ ഫോറൻസിക് ലാബിൽ പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു. കുട്ടിയാനകൾക്കാണ് ഈ രോഗം പിടിപെടുന്നതായി കാണുന്നത്. ഹെർപ്പിസ് രോഗത്തിന് ചികിത്സയോ പ്രതിരോധ മരുന്നുകളോ ഇല്ലെന്നത് പ്രശ്നം സങ്കീർണമാക്കുന്നു.

പരിജ്ഞാനമുളള പാപ്പാൻമാരും വന്യജീവി ചികിത്സയിൽ വൈദഗ്ദ്ധ്യമുളള ഡോക്ടർമാരും കുറവാണെന്നതാണ് വനംവകുപ്പ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരാണ് വനംവകുപ്പിലെ വെറ്റിനറി ഡോക്ടർമാർ. ഇവർക്ക് വന്യജീവി പരിപാലനവുമായി അറിവുകൾ കുറവാണെന്ന് ആക്ഷേപമുണ്ട്. ഒരു വന്യജീവി വെറ്ററിനറി ഓഫീസറും രണ്ടു അസിസ്റ്റന്റ് ഓഫീസർമാരുമാണ് സംസ്ഥാനത്ത് ആകെയുള്ളത്.

കുട്ടിയാനകൾക്ക് വേഗത്തിൽ രോഗങ്ങൾ പിടിപെടുന്നത് രോഗപ്രതിരോധശേഷി കുറയുന്നത് മൂലവും അമ്മയുടെ മുലപ്പാൽ കിട്ടാതെ വരുമ്പോഴും ആണെന്ന് പഠന റിപ്പോർട്ടുകളുണ്ട്. ആനകൾക്ക് കാട്ടിലേതിന് തുല്ല്യമായ പരിചരണം ലഭിക്കാത്തതുകൊണ്ടാണ് രോഗ ബാധയേറുന്നതെന്ന് ആരോപണമുണ്ട്. വൈറസ് ബാധമൂലം കുട്ടിയാനകൾ ചരിയുന്നതിനെപ്പറ്റി പഠനം ആവശ്യമാണെന്ന് ആനപ്രേമികളും പരിസ്ഥിതി പ്രവർത്തകരും പറയുന്നു.

വനംവകുപ്പ് ഉണരണം

കോന്നി ആനത്താവളം വനംവകുപ്പിന് കീഴിലുള്ളതാണ്. ഉന്നത വനപാലകരാണ് അതിന്റെ നടത്തിപ്പിന് ചുമതലപ്പെട്ടവർ. പക്ഷെ, വനംവകുപ്പിന്റെ പതിവ് ഉദാസീന നിലപാടുകൾ ആനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയാണ്. കാട്ടാനകളും കാട്ടുപന്നികളും മനുഷ്യരെയും കൃഷിയിടങ്ങളെയും ആക്രമിക്കുമ്പോൾ പരിഹാരം കണ്ടെത്താൻ വകുപ്പിന് കഴിയുന്നില്ല. അണപൊട്ടുന്ന ജനരോഷത്തിന് മുന്നിൽ പിടി ച്ചുനിൽക്കാൻ പാടുപെടുകയാണ് വകുപ്പ് ഉദ്യോഗസ്ഥർ. അതിനിടെയിലാണ് ആനത്താവളത്തിലെ ആന ചരിയുന്ന തുടർസംഭവങ്ങൾ. വനംവകുപ്പ് ഇത് ഗൗരവമായി എടുക്കത്തതുകൊണ്ടാണ് ആനകൾ തുടർച്ചയായി ചരിയാൻ ഇടയാകുന്നത്.

ഏതെങ്കിലും ആന ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടാൽ ഡോക്ടറെത്താൻ വൈകും. വന്യമൃഗങ്ങളെ പരിപാലിക്കാൻ പരിശീലനം ലഭിച്ച ഡോക്ടറെ നിയമിച്ചാൽ മാത്രമേ മരണങ്ങൾ തടയാനാകൂ. കാട്ടിൽ കുട്ടിയാനകൾ ലക്ഷണക്കേട് തുടർന്നാൽ അമ്മയാന അതിനെ ഉപേക്ഷിച്ചുപോകുമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആനകളെ സംസ്ഥാനത്തെ ആനത്താവളങ്ങളിലാണ് സംരക്ഷിക്കുന്നത്. കാട്ടിൽ നിന്ന് ഒരു ദിവസം നാട്ടിലേക്ക് മാറ്റപ്പെടുന്ന ആനകൾക്ക്, കാട്ടിൽ ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണവും പരിസ്ഥിതിയും കുറേ നാളുകളെങ്കിലും തുടരേണ്ടതുണ്ട്. അതിനുള്ള പ്രായോഗിക പദ്ധതികൾ വനംവകുപ്പ് ആവിഷ്കരിക്കണം. അതിന് വിദഗ്ദ്ധ സമിതി രൂപീകരിച്ച് പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഇതുവരെ നടന്നു വന്നിട്ടുള്ള ആന പരിപാലനത്തിൽ നിന്ന് വ്യതസ്തമായി കാലാവസ്ഥയ്ക്ക് അനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണം.

TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.