തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എ.ഡി.ജിപി എം.ആർ.അജിത് കുമാറാണെങ്കിലും അത് പിണറായി സർക്കാരിന് വരുത്തിവച്ച തലവേദന ചെറുതല്ല. സർക്കാരിനും ആർ.എസ്.എസിനും ഇടയിലെ പാലമായി അജിത് കുമാറിനെ പിണറായി നിയോഗിച്ചു എന്നത് അടക്കമുള്ള രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വല്ലാതെ ബുദ്ധിമുട്ടി. കൂടിക്കാഴ്ചകളുടെ ലക്ഷ്യം പരിചയപ്പെടൽ മാത്രമായിരുന്നെന്നും നേരത്തേ രാഹുൽഗാന്ധിയെയും വ്യക്തിപരമായി പരിചയപ്പെട്ടിട്ടുണ്ടെന്നും അജിത് കുമാർ വിശദീകരിച്ചെങ്കിലും
ഡി.ജി.പി മുഖവിലയ്ക്കെടുത്തില്ല.പൊതുസമൂഹവും വിശ്വസിച്ചില്ല.സി.പി.എം വാദങ്ങളും വിലപ്പോയില്ല.
അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ട ആവശ്യം എ.ഡി.ജി.പിയ്ക്കില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തിനാൽ ക്രമസമാധാനചുമതലയിൽ നിന്നൊഴിവാക്കണമെന്ന് ശുപാർശ നൽകിയതോടെയാണ് അജിത്തിന്റെ സ്ഥാനചലനം ഉറപ്പായത്. തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെയും കോവളത്ത് റാംമാധവിനെയുമാണ് അജിത് കണ്ടത്.
പ്രതിപക്ഷ നേതാവിനും നേട്ടം
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് വെളിപ്പെടുത്തിയത്. പൊലീസുദ്യോഗസ്ഥരെ രാഷ്ട്രീയ ചർച്ചയ്ക്ക് അയയ്ക്കുന്ന പതിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞൊഴിഞ്ഞെങ്കിലും 20 ദിവസത്തിനുശേഷം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഡി.ജി.പിയെ വിളിച്ചുവരുത്തി ആർ.എസ്.എസ് കൂടിക്കാഴ്ചയും അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൂടിക്കാഴ്ചകൾക്ക് രാഷ്ട്രീയ, വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് പുറമെ ഇടനില സ്വഭാവവുമുണ്ടെന്ന ഇന്റലിജൻസിന്റെ കണ്ടെത്തലുമായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങളൊരുക്കുന്ന യു.പി ആസ്ഥാനമായ ഏജൻസിക്ക് വിവരങ്ങൾ നൽകാനാണ് തൃശൂരിലെ കൂടിക്കാഴ്ചയെന്നും ആരോപണം ഉയർന്നിരുന്നു. ആറുവട്ടം ശുപാർശയുണ്ടായിട്ടും കിട്ടിയിട്ടില്ലാത്ത രാഷ്ട്രപതിയുടെ പൊലീസ്‌മെഡൽ, പൊലീസ് മേധാവിയാവാനുള്ള അവസരം എന്നിവയ്ക്കായി എ.ഡി.ജി.പി ശ്രമിച്ചെന്നും ആക്ഷേപം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |