ആലപ്പുഴ: ഇക്കൊല്ലത്തെ വിഷുബമ്പർ കൈപ്പിടിയിലാക്കിയ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ ഓണം ബമ്പറിലും ഭാഗ്യം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്നെ കോടീശ്വരനാക്കിയ പഴവീട്ടിലെ അതേ ലോട്ടറിക്കടയിൽ ഓണം ബംബർ ടിക്കറ്റും ബുക്ക് ചെയ്തുകഴിഞ്ഞു.
കോടീശ്വരനായെങ്കിലും ലോട്ടറിയെടുക്കുന്ന പതിവ് ഉപേക്ഷിച്ചിട്ടില്ലെന്നും ഓണം ബമ്പറിനായി തിരഞ്ഞെടുത്ത ടിക്കറ്റ് കൈപ്പറ്റാൻ അധികം വൈകാതെ ആലപ്പുഴയിലെത്തുമെന്നും വിശ്വംഭരൻ പറയുന്നു. ബുധനാഴ്ചയാണ് ഓണം ബമ്പർ നറുക്കെടുപ്പ്.
സഹായം തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം പഴവീട്ടിലെ കുടുംബവീട്ടിൽ നിന്ന് മാറി, ഹരിപ്പാട് താമല്ലാക്കലിൽ നേരത്തെ പണിതിട്ടിരുന്ന വീട്ടിലാണ് വിശ്വംഭരൻ ഇപ്പോൾ കുടുംബസമേതം താമസം.
വിഷു ബമ്പറടിച്ചതോടെ വീട്ടിലേക്ക് സഹായം തേടിയെത്തുന്നവരുടെ പ്രവാഹമായിരുന്നു. നൂറ് കണക്കിന് കത്തുകൾ, ഫോൺ കോളുകൾ, സന്ദർശകർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തുന്നവരിൽ നിന്ന് രക്ഷ തേടിയാണ് വിശ്വംഭരൻ ആലപ്പുഴ നഗരം വിട്ടത്.
വ്യക്തിത്വം വിനയായി
12 കോടിയുടെ ഭാഗ്യവാൻ താനാണെന്ന വെളിപ്പെടുത്തലും, നിമിഷങ്ങൾക്കകം മാദ്ധ്യമങ്ങളടക്കം വളഞ്ഞതും ഭാവിയിൽ വിനയാകുമെന്ന് കരുതിയില്ലെന്ന് വിശ്വംഭരൻ പറയുന്നു.തന്റെ വ്യക്തിത്വം പുറത്തറിയാതെ സൂക്ഷിച്ചിരുന്നെങ്കിൽ ആദ്യ മാസങ്ങളിൽ അത്രത്തോളം സമാധാനക്കേടുണ്ടാവില്ലായിരുന്നു. ദിവസവും വാതിൽ തുറക്കുമ്പോൾ സഹായം തേടിയെത്തുന്നവരുടെ നിരയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വിഷുഭാഗ്യം സുരക്ഷിതം
മക്കളുടെ വിവാഹം നടത്തി കടബാദ്ധ്യതരായവരാണ് സഹായം തേടിയെത്തിയവരിൽ അധികവും. അഞ്ച് ലക്ഷം മുതലാണ് പലർക്കും വേണ്ടിയിരുന്നത്. ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ മുൻ സി.ആർ.പി.എഫ് ലാൻസായിക്കായ വിശ്വംഭരൻ, യാതൊരു പരിചയവുമില്ലാത്തവർക്ക് ലക്ഷങ്ങൾ നൽകാനാവില്ലെന്ന് തറപ്പിച്ചു പറഞ്ഞു. അതേ സമയം, ചെറിയ സഹായങ്ങൾ തേടിയെത്തിയവരെ സഹായിക്കാൻ കഴിഞ്ഞെന്നും വിശ്വംഭരൻ പറയുന്നു. എന്തായാലും രണ്ട് പെൺമക്കൾക്കും വീട് വാങ്ങി നൽകി. ബാക്കി പണം സുരക്ഷിതമായി ബാങ്ക് അക്കൗണ്ടിൽ തന്നെ നിക്ഷേപിച്ചിരിക്കുകയാണ് വിശ്വംഭരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |