
പത്തനംതിട്ട: ഇരയെകാണുമ്പോൾ പുലി പതുങ്ങിയിരുന്നാക്രമിക്കുന്നതുപോലെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യുവിന്റെ പ്രതിഷേധമെന്ന് മന്ത്രി വീണാ ജോർജ്. പൊലീസൊരുക്കിയ സുരക്ഷാ വലയത്തിന് ഉള്ളിലേക്ക് കടന്ന പ്രതിഷേധക്കാരിലൊരാളിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധപോയ സമയത്ത് മറ്റൊരാൾ തനിക്ക് നേരെ വന്നെന്നും പിന്നീടവിടെ പിടിവലി ഉണ്ടായെന്നും വീണാ ജോർജ് പറഞ്ഞു. കരിങ്കൊടി പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാൽ തനിക്കുനേരെ പ്രതിഷേധക്കാർ കുതിച്ചെത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. അതിൽ നിന്ന് തന്നെ അവരുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്‌യു പ്രതിഷേധത്തിന് പിന്നാലെ കഴുത്തിന് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
കണ്ണൂരിൽ രാജ്യാന്തര ഗവേഷണകേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാപ്പിഴവിനെതിരെ പല സ്ഥലങ്ങളിലും തനിക്ക് നേരെ കരിങ്കൊടിപ്രയോഗവും പ്രതിഷേധപ്രകടനവും നടത്തിയതായി മന്ത്രി പറയുന്നു. എന്നാൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചുണ്ടായത് ഒളിഞ്ഞിരുന്നുള്ള ആക്രമണമാണെന്നും മന്ത്രി പറയുന്നു. റെയിൽവേ സ്റ്റേഷനിൽ വരുമ്പോൾ മൂന്നുനാലുപേർ ഫോണുകളുമായി ചിത്രീകരിക്കാൻ നിൽക്കുന്നതാണ് കണ്ടതെന്നും അക്കൂട്ടത്തിൽ ഏതോ ഒരു ലോക്കൽ ചാനലിന്റെ കാമറയുണ്ടായിരുന്നെന്നും മന്ത്രി ഓർത്തെടുത്തു.
'റെയിൽവേ സ്റ്റേഷൻ കയറി പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊടുക്കുന്ന ഇടം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ, മുന്നിലേക്ക് ചാടി വരുന്നത്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്നിട്ട് ആക്രമണം നടത്തുന്നതുപോലെ. പിന്നീട് അതിന്റെ ദൃശ്യങ്ങൾ കണ്ടു. എത്തി നോക്കുന്നു, വരുന്നുണ്ടോയെന്ന് നോക്കുന്നു, അതിനുശേഷം ചാടിവീഴുന്നു. ആ സമയം പൊലീസിന്റെ വലയത്തിനുള്ളിലേക്ക് ഒരാൾ കടന്നുവന്നു. എന്റെ അടുത്ത് ഒരു വനിതാ പൊലീസും ഉണ്ടായിരുന്നു. ആദ്യം ഒരാൾ കരിങ്കൊടിയുമായി വന്നു. സ്വാഭാവികമായും അയാളിലേക്ക് പൊലീസിന്റെ ശ്രദ്ധ പോയി. കരിങ്കൊടിയുമായി വന്നാൽ അവിടെ നിന്ന് കാണിക്കാമല്ലോ. ഇതങ്ങനെയല്ല. കുതിച്ചെത്തുകയാണ്. ഒരു ജനപ്രതിനിധി, എംഎൽഎ, മന്ത്രി സ്‌ത്രീയും കൂടിയാണല്ലോ. പക്ഷേ അവർ എന്റെ നേർക്ക് കുതിച്ചെത്തുകയാണ് ചെയ്‌തത്. അപ്പോൾ അവരുടെ ഉദ്ദേശം വളരെ വ്യക്തമാണ്. പൊലീസിന്റെ ശ്രദ്ധ ആദ്യത്തെ ആളിലേക്ക് പോയി. അപ്പോൾ രണ്ടാമത്തെയാൾ സുരക്ഷാ വലയത്തിനുള്ളിലൂടെ അകത്തേക്കെത്തി' - വീണാ ജോർജ് വിശദീകരിച്ചു.
അവിടെയുണ്ടായിരുന്നത് പ്രതിഷേധക്കാർ കൊണ്ടുവന്ന ക്യാമറകളാണെന്നും അതിൽ കാണിക്കുന്നത് അവരുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. എന്നിരുന്നാലും ആ ദൃശ്യങ്ങിലും ഒരാൾ തന്റെയും പൊലീസുകാരുടെയും അടുത്തേക്ക് വരുന്നത് കാണാമെന്നും അവിടെയുണ്ടായ പ്രശ്‌നത്തിൽ തന്റെ ശരീരം നന്നായി വേദനിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |