തിരുവനന്തപുരം: വരുന്ന നാല് ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ മഴയിൽ വർദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്നാണിത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതച്ചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ട്.
തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഇന്ന് 13 ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിയാണ് ഓറഞ്ച് അലർട്ട്. കാസർകോട് ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |