കാസര്‍കോട്: അമ്പലത്തറ പാറപ്പള്ളി കണ്ണോത്തിനടുത്ത് കക്കാട് സ്വദേശിയായ ബീനയുടെ (40) കൊലപാതക വാര്‍ത്ത വിശ്വസിക്കാനാകാതെ നാട്ടുകാര്‍. ദാമോദരനും ഭാര്യ ബീനയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ പരിസരവാസികള്‍ക്കോ അറിവില്ല. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ബീന കൊല്ലപ്പെട്ടുവെന്ന് നാട്ടുകാര്‍ അറിയുന്നത്. താനാണ് കൊലപ്പെടുത്തിയതെന്ന് ദാമോദരന്‍ തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. ബന്ധുക്കളേയും ഇക്കാര്യം ഇയാള്‍ തന്നെയാണ് അറിയിച്ചത്.
സംഭവത്തിന് തലേദിവസമായ ശനിയാഴ്ചയും ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല. ശനിയാഴ്ച സമീപത്തെ ഒരു വീട്ടില്‍ വിവാഹസത്കാരത്തിന് ഇരുവരും വളരെ സന്തോഷത്തോടെയാണ് ഒരുമിച്ച് പങ്കെടുത്തത്. മടങ്ങുന്ന വഴി അയല്‍വാസിയായ അംബുജാക്ഷിയുടെ വീട്ടിലെത്തി സുഖവിവരങ്ങളും ദാമോദരനും ബീനയും തിരക്കിയിരുന്നു. എന്നിട്ടും ദാമോദരന്‍ ഭാര്യയോട് ഈ കൊടുംക്രൂരത ചെയ്തതെന്തിനെന്നാണ് ആര്‍ക്കും മനസ്സിലാകാത്തത്.
ഞായറാഴ്ച രാവിലെ ആറരയോടെ അമ്പലത്തറ ടൗണില്‍നിന്നാണ് ദാമോദരനെ കസ്റ്റഡിയിലെടുത്തത്. താന്‍ പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാംമൈലിലെ ചകിരിക്കമ്പനിയിലെ തൊഴിലാളിയാണ് ബീന. പരേതനായ രാമന്റെയും ചിറ്റയുടെയും മകളാണ്.
ബീനയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ടെന്നും താക്കോല്‍ ജനലിന്‍മേല്‍ ഉണ്ടെന്നും ദാമോദരന്‍ പറഞ്ഞതായി ബന്ധുവായ പ്രഭാകരന്‍ പറയുന്നു. മരിച്ച ബീന പ്രഭാകരന്റെ അമ്മായിയാണ്. കൊലപാതകം നടത്തിയെന്നും ഇപ്പോള്‍ പൊലീസില്‍ കീഴടങ്ങാന്‍ പോകുകയാണെന്നും അമ്മാവനായ ദാമോദരന്‍ തന്നെയാണ് പ്രഭാകരനോട് പറഞ്ഞത്. പൊലീസിലേക്ക് കീഴടങ്ങാനായി അങ്ങോട്ട് വരുന്നുണ്ടെന്ന് സ്‌റ്റേഷനില്‍ വിളിച്ച് അറിയിച്ചത് പ്രഭാകരനാണ്. ഇതോടെയാണ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |