തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊമ്പുകോർത്തതിനു പിന്നാലെ സ്‌പീക്കറുടെ ഡയസിലേക്ക് കടന്നുകയറിയ പ്രതിപക്ഷാംഗങ്ങൾ വാച്ച് ആൻഡ് വാർഡുമായി ഏറ്റുമുട്ടി. അടിയന്തര പ്രമേയ ചർച്ച തീരുമാനിച്ചെങ്കിലും അതിനു മുമ്പേ സഭ പിരിഞ്ഞു.
മലപ്പുറത്ത് സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലൂടെയെത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് സണ്ണിജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ഉച്ചയ്‌ക്ക് 12 മുതൽ ചർച്ച ആവാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
സഭയിൽ നേരിട്ട് മറുപടി പറയാതിരിക്കാൻവേണ്ടി നക്ഷത്ര ചിഹ്നമിട്ട 49 ചോദ്യങ്ങൾ നക്ഷത്രചിഹ്നമിടാത്തവയാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അവർ പുറത്തായിരിക്കവേ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പക്വതയില്ലാത്തയാളാണെന്ന് മുഖ്യമന്ത്രിയും മന്ത്രി എം.ബി. രാജേഷും വിമർശിച്ചു. തിരിച്ചെത്തിയ സതീശൻ,മുഖ്യമന്ത്രിയെപ്പോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആവരുതെന്നാണ് നിത്യേന പ്രാർത്ഥിക്കുന്നതെന്ന് തിരിച്ചടിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി, പിണറായി വിജയൻ അഴിമതിക്കാരനെന്ന് പറഞ്ഞാൽ സമൂഹം അംഗീകരിക്കുമെന്ന് കരുതേണ്ടെന്ന് മറുപടി നൽകി. നിലവാരമില്ലാത്തതാരാണെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നും ചെകുത്താൻ വേദമോതുന്നത് പോലെയാണ് പിണറായി അഴിമതിവിരുദ്ധ പ്രഭാഷണം നടത്തിയതെന്നും സതീശൻ തിരിച്ചടിച്ചു. കാപട്യത്തിന്റെ മൂർത്തീകരണമാണ് സതീശൻ എന്ന് മുഖ്യമന്ത്രി ആരോപിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കടുപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ സഭാ ടി.വി ഒഴിവാക്കി. പ്രതിപക്ഷനേതാവിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ കാട്ടുകയും ചെയ്തു.
കൈയാങ്കളി സ്‌പീക്കർക്ക് സമീപം
'ആർ.എസ്.എസ് അജൻഡ, പി.വിയുടെ സ്ക്രിപ്‌റ്റ്" എന്നെഴുതിയ ബാനർ ഉയർത്തി സ്പീക്കറുടെ കാഴ്ച മറച്ചു. ബാനർ മാറ്റണമെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു. ശക്തമായ നടപടിയെടുക്കുമെന്ന് സ്‌പീക്കറുടെ മുന്നറിയിപ്പ്. യു.ഡി.എഫ് അംഗങ്ങൾ ഡയസിലേക്ക്. മാത്യു കുഴൽനാടൻ, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, സി.ആർ. മഹേഷ്, ടി. സിദ്ദിഖ്, സജീവ് ജോസഫ്, നജീബ്കാന്തപുരം എന്നിവരായിരുന്നു മുൻനിരയിൽ.
ഇവർ സ്‌പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് ഇരച്ചെത്തിയതോടെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. സ്‌പീക്കറുടെ കസേരയ്‌ക്ക് തൊട്ടരികിൽ ഉന്തുംതള്ളും. കുഴൽനാടനും ഐ.സി ബാലകൃഷ്ണനും വാച്ച് ആൻഡ് വാർഡുമായി ഏറ്റുമുട്ടി. കുഴൽനാടനും രണ്ട് വാച്ച് ആൻഡ് വാർഡുമാരും വീണു. കുഴൽനാടനെ തൂക്കിയെടുത്ത് മാറ്റാൻ ശ്രമം. സ്‌പീക്കർ സഭാനടപടികൾ വേഗത്തിലാക്കി.
ഉമാതോമസും കെ.കെ. രമയും ഡയസിലേക്ക് കയറാനെത്തിയതോടെ തടയാൻ വനിതാ വാച്ച് ആൻഡ് വാർഡുമാരുമെത്തി. ഡയസിന്റെ രണ്ടുവശത്തും കൂടുതൽ വാച്ച് ആൻഡ് വാർഡുമാർ നിരന്നു. ഭരണപക്ഷവും എഴുന്നേറ്റതോടെ കൈയാങ്കളി എം.എൽ.എമാർ തമ്മിലാവുമെന്ന പ്രതീതി. ഇരുപക്ഷവും മുദ്രാവാക്യം മുഴക്കി. 10.39ന് സഭ പിരിഞ്ഞതായി സ്പീക്കറുടെ പ്രഖ്യാപനം. മുതുക് വേദനയെ തുടർന്ന് കുഴൽനാടനും അൻവർ സാദത്തും ചികിത്സതേടി.
പ്രതിപക്ഷനേതാവ് അതൊക്കെ മനസിൽ വച്ചാൽ മതി. അതൊന്നും എന്റടുത്ത് ഏശില്ല കേട്ടോ.
- പിണറായി വിജയൻ
മുഖ്യമന്ത്രിയെപ്പോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആവരുതേയെന്നാണ് എന്നും എന്റെ പ്രാർത്ഥന.
- വി.ഡി. സതീശൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |