തിരുവനന്തപുരം: ആർ എസ് എസ് - എ ഡി ജി പി ബന്ധവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയുമാണെന്ന് സ്പീക്കർ എ എൻ ഷംസീർ സഭയിൽ പറഞ്ഞിരുന്നു.
അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ എൻ ഷംസുദ്ദീൻ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തെപ്പറ്റി പരാമർശിച്ചു. ഇതോടെ ഭരണപക്ഷ എം എൽ എമാർ ബഹളം വച്ചു. ഇതുകേട്ട് സ്പീക്കർ ദേഷ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് യാദൃശ്ചികമായിട്ടാണ് അസുഖം വന്നതെന്നും ആർക്കും അസുഖം വരാമെന്നും അതിനാൽ ഇത്തരം സംസാരം വേണ്ടെന്നും സ്പീക്കർ താക്കീത് നൽകി.
മുഖ്യമന്ത്രിയുടെ അസുഖത്തെ കളിയാക്കിയതല്ലെന്നും ഇത്രയും പ്രധാനപ്പെട്ട ഒരു ചർച്ചയിൽ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസുദ്ദീൻ മറുപടി നൽകി.
നിയമസഭാ സമ്മേളനം ആരംഭിച്ച സമയത്ത് 12 മണിമുതൽ രണ്ട് മണിവരെ അടിയന്തര പ്രമേയ ചർച്ച നടത്താൻ മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. ഇന്നലത്തെ പോലെയാകരുതെന്ന് പ്രതിപക്ഷത്തെ പ്രത്യേകം ഓർമപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ 12 മണിക്ക് ചർച്ച ആരംഭിച്ചപ്പോൾ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കാത്ത കാര്യം സ്പീക്കർ പറഞ്ഞത്.
അതേസമയം, അജിത് കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സാധാരണ സ്ഥാനമാറ്റമല്ലാതെ എന്ത് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |