ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അഞ്ചു വർഷത്തിലൊരിക്കൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുന്നതിനാൽ ബില്ല് സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടേയ്ക്കും.
ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി നിയമസഭകൾക്കു വേണ്ടി പ്രത്യേക ബിൽ അവതരിപ്പിക്കുമെന്നും അറിയുന്നു. പാർലമെന്റ്, നിയമസഭകൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പും നടത്താനുള്ള വ്യവസ്ഥ ബില്ലിൽ ഉണ്ടാവില്ലെന്ന സൂചനയുണ്ട്. അതിനാൽ സംസ്ഥാന നിയമസഭകളുടെ അനുമതി ബില്ലിന് ആവശ്യമില്ല. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.
സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ സെപ്തംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. തുടർന്നാണ് ബില്ലിന് അന്തിമ രൂപം നൽകിയത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിന് അഞ്ച് ഭരണഘടനാ വകുപ്പുകളിൽ ഭേദഗതി വേണ്ടിവരും. ഈ വ്യവസ്ഥകളും ബില്ലിലുണ്ടാകും. ഭരണഘടനാ ദേദഗതി ഉള്ളതിനാൽ ബില്ല് പാസാകാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. നിലവിൽ അത്രയും പിന്തുണ കേന്ദ്ര സർക്കാരിന് ഉറപ്പാക്കുക ശ്രമകരമാണ്. ഇല്ലെങ്കിൽ പ്രതിപക്ഷ കക്ഷികൾ അനുകൂലിക്കണം. നിലവിലെ സാഹചര്യത്തിൽ സാദ്ധ്യത കുറവ്. ബില്ലിനെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ഇടതു കക്ഷികൾ അടക്കം എതിർക്കുന്നത് സർക്കാരിന് വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |