ജനമനസുകളെ അളക്കാനുള്ള ഫലപ്രവചന പണ്ഡിതന്മാരുടെ കഴിവ് ഒരിക്കൽക്കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് കാട്ടിത്തരുന്നത്. എക്‌സിറ്റ്പോൾ ഒന്നടങ്കം കോൺഗ്രസിന്റെ തിരിച്ചുവരവാണ് ഹരിയാനയിൽ പ്രവചിച്ചിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ സൂചനകളും അത്തരത്തിലായിരുന്നു. എന്നാൽ ചിത്രം കീഴ്മേൽ മറിയുകയും തുടർച്ചയായി മൂന്നാംവട്ടവും ബി.ജെ.പി അധികാരത്തിലേക്ക് കുതിക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഒരുപക്ഷേ ബി.ജെ.പി പോലും ഇത്തരത്തിലൊരു നേട്ടം പ്രതീക്ഷിച്ചിരുന്നിരിക്കില്ല. 90 അംഗ നിയമസഭയിൽ ആരുടെയും പിന്തുണ കൂടാതെ തന്നെ ഭരണം നിലനിറുത്താനായത് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ രാഷ്ട്രീയ വിജയം തന്നെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുള്ള പരിഹാരം കൂടിയായിവേണം ഈ വിജയത്തെ വിലയിരുത്താൻ.
ജമ്മു-കാശ്മീരിനുണ്ടായിരുന്ന പ്രത്യേകാധികാരങ്ങളും പദവിയും റദ്ദാക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കുശേഷം അവിടെ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതുപോലെ നാഷണൽ കോൺഫറൻസും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യാസഖ്യം തന്നെയാണ് അധികാരത്തിലേറാൻ പോകുന്നത്. സഖ്യം അൻപതിലേറെ സീറ്റുകൾ നേടിയപ്പോൾത്തന്നെ മന്ത്രിസഭാ രൂപീകരണത്തിന് നാഷണൽ കോൺഫറൻസ് ശ്രമം തുടങ്ങിയിരുന്നു. കോൺഗ്രസ്, സഖ്യത്തിൽ പങ്കാളിയാണെങ്കിലും സീറ്റുനില വച്ചു നോക്കിയാൽ ജൂനിയർ പങ്കാളിയേ ആകുന്നുള്ളൂ. 32 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് പത്തു സീറ്റിൽപോലും വിജയിക്കാനായില്ലെന്നത് പാർട്ടിയുടെ ക്ഷീണത്തെയാണ് തുറന്നുകാട്ടുന്നത്. പ്രതാപത്തോടെ ഒരുകാലത്ത് കാശ്മീർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പി.ഡി.പിയും തകർന്നടിഞ്ഞിരിക്കുകയാണ്. നാല് സീറ്റിലൊതുങ്ങി, അവരുടെ വിജയം. മുഫ്തി കുടുംബത്തിന്റെ ഇളമുറക്കാരിയായി രംഗത്തുണ്ടായിരുന്ന ഇൽതിജ മുഫ്തി പരാജയപ്പെട്ടത് ഏറ്റവും വലിയ തിരിച്ചടിയുമായി.
90 അംഗ ജമ്മു-കാശ്മീർ നിയമസഭയിൽ ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിന് വേണമെങ്കിൽ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാൽ സഖ്യമായി മത്സരിച്ച പാർട്ടികളെയെല്ലാം ഉൾപ്പെടുത്തിയാകും പുതിയ മന്ത്രിസഭയെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിക്കഴിഞ്ഞു. രാഷ്ട്രീയ മര്യാദയും അതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഭരണത്തിൽനിന്ന് ഇപ്പോഴും ഏറെ അകലെയാണ്. ബി.ജെ.പി. സീറ്റുകളെല്ലാം ജമ്മു മേഖലയിൽ നിന്നാണ്. കാശ്മീർ താഴ്‌വരയിലേക്ക് എത്തിനോക്കാൻ പോലും പാർട്ടിക്ക് കഴിഞ്ഞതുമില്ല. ഹരിയാനയിൽ ബി.ജെ.പിക്ക് ധാരാളം പ്രതികൂല സാഹചര്യങ്ങൾ നിലനിന്നിരുന്നു. പത്തുവർഷത്തെ ഭരണം ജനങ്ങളിൽ നല്ലൊരു വിഭാഗത്തെ സർക്കാരിന് എതിരാക്കിയിരുന്നു. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ, സേനാ റിക്രൂട്ട്മെന്റിലെ മാറ്റങ്ങൾ തുടങ്ങി സർക്കാരിനെ താഴെയിറക്കാൻ വേണ്ടുവോളം വിഷയങ്ങളുണ്ടായിരുന്നു. ജാട്ട് വിഭാഗത്തെ പൂർണമായി ഒപ്പം നിറുത്തുന്നതിലും കോൺഗ്രസ് വിജയം കണ്ടു. എന്നാൽ ജാട്ട് വിരുദ്ധശക്തികളെ അപ്പാടെ തങ്ങളുടെ പക്ഷം നിറുത്തിയാണ് ബി.ജെ.പി ഇതിനെ നേരിട്ടത്.
വോട്ടിംഗ് ശതമാനം വച്ചുനോക്കുമ്പോൾ കോൺഗ്രസാണ് മുന്നിൽ. എന്നാൽ സീറ്റുകളുടെ കാര്യമെടുത്താൽ മേൽക്കൈ നേടാനായത് ബി.ജെ.പിക്കാണ്. ഹരിയാനയിൽ പ്രത്യേകിച്ച് തരംഗമോ ഏതെങ്കിലും വ്യക്തിപ്രഭാവമോ ഫലങ്ങളെ സ്വാധീനിച്ചതായി കരുതാനാവില്ല. ശ്രദ്ധേയമായ ഒരുകാര്യം, കോൺഗ്രസിന് വിചാരിച്ചത്ര മുന്നേറാൻ ഈ തിരഞ്ഞെടുപ്പിലും കഴിഞ്ഞില്ലെന്നതാണ്. ഹരിയാനയിൽ അതിഗംഭീരമായൊരു തിരിച്ചുവരവ് സ്വപ്നംകണ്ടിരുന്ന പാർട്ടി നേതാക്കൾക്ക് നിരാശപ്പെടേണ്ടിവന്നു. തോൽവിക്ക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്താൻ ഏതായാലും ഇത്തവണ ആരും മുന്നോട്ടു വന്നില്ലെന്നത് ശ്രദ്ധേയമായി. ഹരിയാനയിലും കാശ്മീരിലും സി.പി.എം ഓരോ സീറ്റിൽ മത്സരിച്ചിരുന്നു. കാശ്മീരിൽ തരിയാമിയിലൂടെ സീറ്റ് നിലനിറുത്തിയെങ്കിലും ഹരിയാനയിൽ പിന്തള്ളപ്പെട്ടു. ഒളിമ്പിക്സിൽ സ്വർണം നഷ്ടപ്പെട്ട് മടങ്ങേണ്ടിവന്ന വിനേഷ് ഫോഗട്ട് ഹരിയാനയിൽ കോൺഗ്രസിന് കീർത്തി പകർന്നു എന്നതും ഈ തിരഞ്ഞെടുപ്പിലെ സവിശേഷതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |