മാഡ്രിഡ് : സ്പാനിഷ് ഫുട്ബാൾ ടീമിന്റെ ലോകകപ്പ്, യൂറോ കപ്പ് കിരീടനേട്ടങ്ങളിലും ബാഴ്സലോണ ക്ളബിന്റെ നിരവധി കിരീടനേട്ടങ്ങളിലും നിർണായകപങ്കുവഹിച്ച മിഡ്ഫീൽഡ് മാന്ത്രികൻ ആന്ദ്രേ ഇനിയെസ്റ്റ പ്രൊഫഷണൽ ഫുട്ബാളിൽനിന്ന് ഔദ്യോഗികമായി വിരമിച്ചു. 2000ത്തിൽ ബാഴ്സലോണയുടെ ബി ടീമിനായി പന്തുതട്ടിത്തുടങ്ങിയ ഇനിയെസ്റ്റ യു.എ.ഇ ക്ളബ് എമിറേറ്റ്സിനായാണ് ഈ സീസണിൽ കളിച്ചിരുന്നത്.40-ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം.
2008ലും 2012ലും യൂറോകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ നെടുംതൂണായിരുന്നു ഇനിയെസ്റ്റ.2010 ലോകകപ്പ് ഫൈനലിൽ ഹോളണ്ടിനെതിരെ എക്സ്ട്രാടൈമിൽ സ്പെയ്നിന്റെ വിജയഗോൾ നേടിയത് ഇനിയെസ്റ്റയാണ്.2012 യൂറോകപ്പ് ഫൈനലിലെ മാൻ ഒഫ് ദ മാച്ചും പ്ളേയർ ഒഫ് ദ ടൂർണമെന്റും ഇനിയെസ്റ്റയായിരുന്നു.
2002ൽ ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് എത്തിയ ഇദ്ദേഹം ക്ളബിന്റെ കുപ്പായത്തിൽ 674 മത്സരങ്ങൾ കളിക്കുകയും 57 ഗോളുകൾ നേടുകയും ചെയ്തു. അതിലുപരി 135 ഗോളുകൾക്ക് വഴിയൊരുക്കി. ബാഴ്സയുടെ ഒൻപത് ലാ ലിഗ,നാല് ചാമ്പ്യൻസ് ലീഗ്,മൂന്ന് വീതം ഫിഫ ക്ളബ് ലോകകപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ്, ആറ് കോപ്പ ഡെൽറേയ്, ഏഴ് സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും സുവാരേസിനും നെയ്മർക്കുമൊപ്പം പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ ബാഴ്സയുടെ സുവർണകാലം സൃഷ്ടിച്ചതിലും ഇനിയെസ്റ്റ സുപ്രധാന പങ്കുവഹിച്ചു.
2018ലാണ് ബാഴ്സലോണ വിട്ട് ജാപ്പനീസ് ക്ളബ് വിസൽ കോബിലേക്ക് കുടിയേറിയത്.അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷമാണ് ജെ ലീഗിലേക്ക് പോയത്. 2023വരെ 114 മത്സരങ്ങൾ വിസൽ കോബിന് കളിച്ച ഇനിയെസ്റ്റ 21 ഗോളുകളും നേടി. കഴിഞ്ഞ വർഷമാണ് റാസൽഖൈമയിലെ എമിറേറ്റ്സ് ക്ളബിലെത്തിയത്.
തന്റെ പ്രിയപ്പെട്ട ക്ളബ് ബാഴ്സലോണയിൽ പരിശീലകനായി ചേരുകയാണ് ഇനിയെസ്റ്റയുടെ ഭാവി തീരുമാനം എന്ന് സൂചനയുണ്ട്. വിരമിച്ച മുൻ സഹതാരത്തിന് സോഷ്യൽ മീഡിയയിലൂടെ മെസി അഭിവാദ്യങ്ങൾ നേർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |