ലോക കാഴ്ച ദിനാചരണത്തിന് നേതൃത്വം നല്കുന്നത് 'ഇന്റർനാഷണൽ ഏജൻസി ഫോർ ദ പ്രിവൻഷൻ ഒഫ് ബ്ലൈൻഡ്നെസ്" (IAPB) ആണ് ലോകത്താകെ ഏകദേശം 220 കോടി ജനങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള കാഴ്ച വൈകല്യങ്ങൾ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ നൂറു കോടി ആളുകളിലും രോഗം പ്രതിരോധിക്കാവുന്നതോ, ഇപ്പോഴും ചികിത്സ തേടാത്തതോ ആയ അവസ്ഥയിലാണ്. തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ നേത്രാവസ്ഥകൾ നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതോ പ്രതിരോധിക്കാവുന്നതോ ആണ്. കൃത്യമായ നേത്രപരിശോധനയിലൂടെയും ചികിത്സയിലൂടെയും അന്ധതയും കാഴ്ചമങ്ങലുമൊക്കെ ഒഴിവാക്കാൻ കഴിയും.
നേത്ര സംരക്ഷണത്തിൽ നമ്മൾ പൊതുവെ അലസരാണ്. ജീവിതകാലത്ത് പലതരം ശാരീരിക പരിശോധനകൾ നമ്മൾ നടത്താറുണ്ടെങ്കിലും കാഴ്ച മങ്ങിത്തുടങ്ങുമ്പോൾ മാത്രമായിരിക്കും കണ്ണിനെക്കുറിച്ച് ആലോചിക്കുന്നത്. ഒരു കാഴ്ചപ്രശ്നവും അനുഭവപ്പെടുന്നില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ഡയബറ്റിക് റെറ്റിനോപ്പതി , ഗ്ലോക്കോമ തുടങ്ങിയ ചില നേത്രരോഗങ്ങൾ ആരംഭദശയിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാൻ പ്രയാസമാകും.
കുട്ടികളുടെ
നേത്രരക്ഷ
കുട്ടികളുടെ നേത്രാരോഗത്തിന് മുൻഗണന നൽകുക എന്നതാണ് ഈ വർഷത്തെ ലോക കാഴ്ചദിനത്തിന്റെ പ്രചാരണ സന്ദേശം. കുട്ടികളുടെ വികസനത്തിൽ നിർണായക പങ്കാണ് കാഴ്ചശക്തിക്കുള്ളത്. കുട്ടികളുടെ പഠനത്തിന്റെ 80 ശതമാനവും കാഴ്ചയിൽ അധിഷ്ഠിതമാണ്. സ്കൂളിൽ നന്നായി പഠിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും കാഴ്ചവൈകല്യം തടസമാകും.എന്നാൽ ദശലക്ഷക്കണക്കിന് കുട്ടികൾ ലോകത്താകെ ശരിയായ ചികിത്സ ലഭിക്കാതെ കാഴ്ച വൈകല്യങ്ങൾ നേരിടുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 19 ദശലക്ഷം കുട്ടികളാണ് കാഴ്ചവൈകല്യങ്ങൾ നേരിടുന്നത്. ഇതിൽ ഭൂരിപക്ഷം പേരിലും ഇവ പ്രതിരോധിക്കാവുന്നതോ യഥാസമയം ചികിത്സിച്ചാൽ ഭേദപ്പെടുത്താവുന്നതോ ആണ്.
ദീർഘദൃഷ്ടി, ഹ്രസ്വദൃഷ്ടി, കാഴ്ച മങ്ങൽ (അസ്റ്റിഗ്മാറ്റിസം), അലസമായ കണ്ണ് (ആംബ്ലിയോപിയ), ജന്മനായുള്ള തിമിരം എന്നിവ ആരംഭദശയിൽ കണ്ടെത്തി ചികിത്സിച്ചാൽ കുട്ടികളുടെ പഠനശേഷിയേയും ജീവിതനിലവാരത്തെയും വളരെയധികം മെച്ചപ്പെടുത്താൻ കഴിയും.
ചികിത്സിച്ചു ഭേദമാക്കാത്ത കാഴ്ചവൈകല്യങ്ങൾ കുട്ടികളെ ജീവിതകാലം മുഴുവൻ വേട്ടയാടും. സ്കൂളിൽ ബ്ലാക്ക് ബോർഡിലെ അക്ഷരങ്ങളും പുസ്തകങ്ങളും ഡിജിറ്റൽ സ്ക്രീനുകളും വായിക്കുന്നതിന് കാഴ്ചക്കുറവ് പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ഇത് അവരുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സ്വാഭാവികമായും ഈ അവസ്ഥ അവരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും തകർക്കും.
കാഴ്ചവൈകല്യങ്ങളുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിലും മറ്റ് ഭൗതിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിന് പ്രയാസമുണ്ടാകും. സമപ്രായക്കാരിൽ നിന്ന് ഒറ്റപ്പെട്ട് ഏകാന്തത അനുഭവിക്കുന്ന നിലയിലേക്ക് അവർ എത്തിച്ചേരാം. കാലക്രമേണ പഠനമേഖലയിൽ നിന്ന് കൊഴിഞ്ഞുപോകാനും, തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനുമൊക്കെ കാരണമാകും. കാഴ്ചവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് മെഡിക്കൽ ചെലവ് വലിയ ബാദ്ധ്യതയാകും എന്നതാണ് ഈ അവസ്ഥയുടെ സാമ്പത്തികവശം. അതിനാൽ കുട്ടികളുടെ നേത്രാരോഗ്യം എന്നത് കേവലം ആരോഗ്യപ്രശ്നം മാത്രമല്ല; അത് വിദ്യാഭ്യാസം, ജീവിതസൗഖ്യം, ദീർഘകാല സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏഴാം വയസിൽ
ആദ്യ പരിശോധന
കുട്ടികളിലെ മിക്ക കാഴ്ച പ്രശ്നങ്ങളും പ്രതിരോധിക്കാവുന്നതും നേരത്തേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. അപവർത്തന ദോഷങ്ങൾ (Refractive Errors) ഉചിതമായ കണ്ണടകൾ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. ആംബ്ലിയോപിയ (ലേസി ഐ) ചികിത്സ വൈകിയാൽ സ്ഥിരമായി കാഴ്ച നഷ്ടപ്പെടുന്നതിന് ഇടയാക്കും. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ (പ്രത്യേകിച്ച് ഏഴു വയസിനു മുമ്പ്) ഈ അവസ്ഥ പരിഹരിക്കാവുന്നതാണ്. അതുപോലെ, കോങ്കണ്ണ് (Strabismus/crossed eyes) ശസ്ത്രക്രിയയിലൂടെയോ മറ്റു തെറാപ്പികളിലൂടെയോ പരിഹരിക്കാനാകും. കുട്ടികളുടെ കാഴ്ചശേഷിക്കുറവ് അവർക്കുതന്നെ എളുപ്പത്തിൽ മനസിലായെന്നു വരില്ല. അതുകൊണ്ട് അവർക്ക് കൃത്യമായി നേത്രപരിശോധന നടത്തുക എന്നതാണ് നമ്മുടെ ദൗത്യം. സ്ഥിരമായി ചരിഞ്ഞു നോക്കുക, വസ്തുക്കൾ കാണാനായി മുഖത്തോട് അടുത്ത് പിടിക്കുക, കൂടെക്കൂടെയുള്ള തലവേദന തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കാഴ്ചപ്രശ്നങ്ങളാണെന്ന് മനസിലാക്കാം.
കാഴ്ചപ്രശ്നങ്ങൾ നേത്തേ കണ്ടെത്തുക എന്നതാണ്, അവ സ്ഥിരമായ കാഴ്ചവൈകല്യമായി മാറാതിരിക്കുന്നതിനുള്ള ഏകമാർഗം. കാഴ്ചപ്രശ്നങ്ങളൊന്നുമില്ലെങ്കിൽപ്പോലും കുട്ടികൾക്ക് നാലാം വയസിൽ ആദ്യ നേത്രപരിശോധന നടത്തണം. സ്കൂൾ കാലഘട്ടത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തിയാലേ, വളർച്ചയുടെ ഘട്ടങ്ങളിൽ കാഴ്ചപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് അറിയാൻ കഴിയൂ. ഇക്കാര്യത്തിൽ സ്കൂളുകൾക്കും പ്രധാന പങ്കു വഹിക്കാനുണ്ട്. കുട്ടികൾക്ക് കാഴ്ചപ്രശ്നങ്ങളുണ്ടോ എന്ന് ആദ്യം മനസിലാക്കുന്നത് അദ്ധ്യാപകരും സ്കൂൾ ജീവനക്കാരുമായിരിക്കും. സ്കൂളുകളിലെ ആരോഗ്യപ്രവർത്തനങ്ങളിൽ കുട്ടികളുടെ കാഴ്ച സ്ക്രീനിംഗ് കൂടി ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
നിങ്ങളുടെ കുട്ടിക്ക് കൃത്യമായി നേത്രപരിശോധനകൾ നടത്തുക.
കാഴ്ചപ്രശ്നങ്ങളുടെ സൂചനകൾ സ്വയം മനസിലാക്കുകയും മറ്റു രക്ഷിതാക്കളും അദ്ധ്യാപകരും ആരോഗ്യപ്രവർത്തകരുമായി പങ്കുവയ്ക്കുകയും ചെയ്യുക.
തദ്ദേശീയമായി കുട്ടികൾക്ക് നേത്രപരിപാലന സേവനങ്ങൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുക.
സ്കൂളുകളിൽ കുട്ടികളുടെ നേത്രപരിശോധനാ ക്യാമ്പുകൾ നടത്താനുള്ള ശ്രമങ്ങളിലൂടെ സ്കൂളുകളും ഗവൺമെന്റും കുട്ടികളുടെ നേത്രാരോഗ്യത്തിന് മുൻഗണന നൽകണമെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാൻ മുൻകൈയെടുക്കുക.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും വികസനത്തിനും അവരുടെ സമഗ്ര സൗഖ്യത്തിനും നല്ല കാഴ്ചശക്തി അത്യന്താപേക്ഷിതമാണ്. കാഴ്ചപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുകയും നേത്രപരിപാലനം പ്രാപ്യമാക്കുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്ക് പൂർണവികാസം പ്രാപിക്കാനുള്ള അവസരമാണ് നാം ഒരുക്കുന്നത്.
(തിരുവനന്തപുരം കുമാരപുരം ദിവ്യപ്രഭാ ഐ ഹോസ്പിറ്റൽ ഡയറക്ടർ ആണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |