ഈ വർഷത്തെ വൈദ്യശാസ്‌ത്ര നോബൽ സമ്മാനത്തിന് അർഹമായ മൈക്രോ ആർ.എൻ.എയുടെ (മിർ എൻ.എ) കണ്ടുപിടിത്തം ജീവശാസ്‌ത്രത്തിലും മെഡിക്കൽ രംഗത്തും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. അമേരിക്കൻ ശാസ്‌ത്രജ്ഞരായ
വിക്ടർ അംബ്രോസും ഗാരി റുവ്കുനും 1993-ലാണ് മൈക്രോ ആർ.എൻ.എ കണ്ടുപിടിച്ചത്. മനുഷ്യൻ ഉൾപ്പെടെ സകല ജീവജാലങ്ങളിലെയും ജീനുകളുടെ പ്രവർത്തനം (ജീൻ എക്‌സ്‌പ്രഷൻ) നിയന്ത്രിക്കുന്ന അതിസൂക്ഷ്‌മ ആർ.എൻ.എ (റൈബോ ന്യൂക്ലിക് ആസിഡ്) തന്മാത്രകളാണ് മൈക്രോ ആർ.എൻ.എ. കോശത്തിന്റെ ന്യൂക്ലിയസിലാണ് ഇതുള്ളത്. ശരീരത്തിന്റെ മൊത്തം ആരോഗ്യകരമായ വികാസത്തിൽ ഇതിന് നിർണായക പങ്കുണ്ട്.
മനുഷ്യനിൽ രണ്ടായിരത്തിലേറെ മൈക്രോ ആർ.എൻ.എകൾ കണ്ടെത്തിയിട്ടുണ്ട്. കോശങ്ങളും കലകളും അവയവങ്ങളും സ്വാഭാവികമായി വളരുന്നത് ഉൾപ്പെടെ നിരവധി ശാരീരിക, ജൈവ പ്രക്രിയകളിൽ പങ്കു വഹിക്കുന്നു. കോശങ്ങളിലെ ജീനുകൾക്ക് കടിഞ്ഞാണിട്ട്, പ്രോട്ടീൻ ഉത്പാദനത്തെയാണ് മൈക്രോ ആർ.എൻ.എ നിയന്ത്രിക്കുന്നത്. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഒരേ ജീനുകളാണ്. എന്നാൽ വിവിധ കോശങ്ങൾ പ്രത്യേക ധർമ്മങ്ങളുള്ള അവയവങ്ങളാവും. ചിലത് മസ്തിഷ്‌ക കോശങ്ങളാവും, ചിലത് പേശീ കോശങ്ങളാവും. കോശങ്ങൾ അവയുടെ പ്രത്യേക ധർമ്മം നിശ്ചയിക്കുന്നത് ജീൻ റെഗുലേഷനിലൂടെയാണ്. ഇതിലാണ് മൈക്രോ ആർ.എൻ.എയുടെ പങ്ക്.
പ്രോട്ടീനുകളാണ് സകല ജൈവപ്രക്രിയകൾക്കും ആധാരം. ഓരോ അവയവത്തിന്റെയും ധർമ്മം നിറവേറ്റാനുള്ള പ്രോട്ടീനുകളാണ് അതത് അവയവങ്ങളിലെ കോശങ്ങൾ ഉത്പാദിപ്പിക്കുന്നത്. ഉദാഹരണത്തിന്, മനുഷ്യ ശരീരത്തിലെ ഹീമോഗ്ലാബിനും ഇൻസുലിനും പ്രോട്ടീനുകളാണ്. ചുവന്ന രക്തകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹീമോഗ്ലോബിൻ ഓക്സിജനെ ശരീരത്തിലെമ്പാടും എത്തിക്കുന്നു. പാൻക്രിയാസ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്നു. ഈ ധർമ്മങ്ങൾ നിറവേറ്റാൻ ഈ പ്രോട്ടീനുകളുടെ ഉത്പാദനം റെഗുലേറ്റ് ചെയ്യുന്നത് മൈക്രോ ആർ.എൻ.എയാണ്. ഈ പ്രക്രിയ താളം തെറ്റിയാൽ ആരോഗ്യത്തെ ബാധിക്കും. രോഗങ്ങൾ ഉണ്ടാവും.
പ്രവർത്തനം
ഇങ്ങനെ
പ്രോട്ടീൻ സിന്തസിസിൽ നിർണായക പങ്കുള്ള റൈബോ ന്യൂക്ലിക് ആസിഡ് (ആർ.എൻ.എ ) തന്മാത്രയായ മെസഞ്ചർ ആർ.എൻ. എയുമായി ചേർന്നാണ് മൈക്രോ ആർ.എൻ.എയുടെ പ്രവർത്തനം. മെസഞ്ചർ ആർ.എൻ.എ, പേര് പോലെതന്നെ സന്ദേശ വാഹകരാണ്. പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ കോശത്തിന്റെ ന്യൂക്ലിയസിലെ ജീനുകളിൽ നിന്ന് റൈബോസോമുകൾക്കുള്ള സന്ദേശം ഈ തന്മാത്രയിലാണ്. ഇതുമായി മൈക്രോ ആർ.എൻ.എ സംയോജിച്ച് ആ മെസഞ്ചർ ആർ.എൻ.എയെ നശിപ്പിക്കുന്നു. അതുമല്ലെങ്കിൽ ആവശ്യമുള്ള സമയത്തേക്ക് നീട്ടിവയ്ക്കുന്നു. ഇതെല്ലാം മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന കോശത്തിനുള്ളിലാണ് സംഭവിക്കുന്നത്.
നിയന്ത്രണം
വിട്ടാൽ
മൈക്രോ ആർ.എൻ.എയ്ക്ക് ജീനുകളുടെ നിയന്ത്രണം കൈവിട്ടാൽ ക്യാൻസർ, പ്രമേഹം, കാഴ്ച - കേൾവി തകരാറുകൾ,
അസ്ഥിരോഗങ്ങൾ, അൽഷിമേഴ്സ്, പാർക്കിൻസൺസ്, വൈറൽ, ബാക്ടീരിയൽ രോഗങ്ങൾ തുടങ്ങിയവ വരാം. ക്യാൻസർ ചികിത്സയിൽ മൈക്രോ ആർ.എൻ.എ വലിയ പ്രതീക്ഷയാണ്. ഇതിന്റെ ചില തന്മാത്രകൾ കോശങ്ങളുടെ അനിയന്ത്രിതവും ഭ്രാന്തവുമായ വിഭജനം തടയും. ഇത് ട്യൂമറുകളുടെ വളർച്ച ചെറുക്കും. അതേസമയം, ചില മൈക്രോ ആർ.എൻ.എ തന്മാത്രകൾ കോശവിഭജനത്തെ ഉത്തേജിപ്പിച്ച് ക്യാൻസറിലേക്ക് നയിക്കും.
ചില ക്യാൻസർ രോഗികളിൽ അസാധാരണമായി പ്രകടമാവുന്ന മൈ ആർ.എൻ.എകളെ രോഗ നിർണയത്തിനും രോഗം പ്രവചിക്കാനും സഹായിക്കുന്ന ബയോമാർക്കറുകളായി ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത ചികിത്സകളുമായി മൈക്രോ ആർ.എൻ.എകളെ സംയോജിപ്പിക്കാം. കൃത്രിമ മൈക്രോ ആർ.എൻ.എകളെ ഉപയോഗിച്ച് പ്രത്യേക ജീനുകളുടെ പ്രവർത്തനവും വൈറസുകളെയും നിയന്ത്രിക്കാം. ജീൻ തെറാപ്പി, റീജനറേറ്റിവ് മെഡിസിൻ മേഖലകളിലും പ്രയോജനപ്പെടും. സസ്യങ്ങളിലെ വരൾച്ച, മണ്ണിലെ വിഷാംശം, കാലാവസ്ഥാ വ്യതിയാനം, പ്രാണികൾ, രോഗാണുക്കൾ തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളിലും ഇതിനു പങ്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |