SignIn
Kerala Kaumudi Online
Thursday, 10 October 2024 4.48 AM IST

ഇക്ക ഒരു തടവ് സൊന്നാൽ...

Increase Font Size Decrease Font Size Print Page
a

അൻവറിക്ക ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും. സകലരും കടന്നുചെല്ലാൻ മടിക്കുന്ന വഴികളിലൂടെ ഒറ്റയാനെപ്പോലെ അലയുന്നതാണ് മൂപ്പരുടെ ഹോബിയെന്ന് അടുപ്പക്കാർ പറയാറുണ്ടെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. സംഘികളുമായി രഹസ്യചർച്ച നടത്തി വിപ്ലവ കേരളത്തിന് മാനക്കേടുണ്ടാക്കിയ എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് തെറിപ്പിച്ച ഇക്ക പുലിയാണെന്ന് ലീഗുകാരടക്കം സമ്മതിച്ചു. 'അജിത്തിന്റെ തലയിൽ നിന്ന് തൊപ്പി ഊരിക്കും എന്നു പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ" എന്നു പറയാൻ വേറെയാർക്കുണ്ട് ധൈര്യം. മുഖ്യമന്ത്രി ആകെ പേടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 'നാൻ ഒരുതടവ് സൊന്നാൽ, നൂറ് തടവ് സൊന്നമാതിരി" എന്ന് അൻവറിക്ക പറഞ്ഞപ്പോൾ പലരും വിശ്വസിച്ചിരുന്നില്ല. ബാഷ സിനിമയിൽ രജനികാന്താണ് ഇതിനു മുമ്പ് ഈ ഡയലോഗ് അടിച്ചത്. തമിഴ്‌നാട്ടിൽവരെ പിടിപാടുണ്ടെന്നു തെളിയിച്ചതോടെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആരാണെന്ന് സകലർക്കും മനസിലായി. സി.പി.എമ്മിനേക്കാൾ വലിയ വിപ്ലവ പാർട്ടിയായ ഡി.എം.കെയിലൂടെ സംഘികളെ ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിക്കാനായിരുന്നു നീക്കമെങ്കിലും പൊളിഞ്ഞു പാളീസായി. ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ഇടങ്കോലിട്ടെന്നാണ് റിപ്പോർട്ട്. സി.പി.എമ്മുമായി സ്റ്റാലിൻ സഖാവിന്റെ ഡി.എം.കെ നല്ല ബന്ധത്തിലാണെന്നും ഇക്ക വന്നാൽ ഗോവിന്ദൻ മാഷിന് വിഷമമാകുമെന്നും അൻവറിനെ അറിയിക്കുകയായിരുന്നു. പക്ഷേ, ഡി.എം.കെ എന്ന പേരുവിട്ടൊരു കളിയില്ലെന്ന് അൻവറിക്ക ഇളങ്കോവനെ അറിയിച്ചു. ആ പോരാട്ടവീര്യത്തിനു മുന്നിൽ ഇളങ്കോവന്റെ കണ്ണുനിറഞ്ഞു പോയി. അങ്ങനെയാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡി.എം.കെ) എന്ന പ്രസ്ഥാനം രൂപംകൊണ്ടത്. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും സോഷ്യൽ മൂവ്‌മെന്റാണെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. മതേതര സമൂഹത്തിന്റെ പ്രതീക്ഷയായ എം.കെ. സ്റ്റാലിനെ പോലെ കേരള സ്റ്റാലിൻ ആകാനാണ് തീരുമാനം. വർഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വലിയ വിഭാഗം കൂടെയുണ്ടെന്ന് അൻവറിന് ഉറപ്പുണ്ട്. പിണറായി ഉൾപ്പെടെയുള്ള ഡ്യൂപ്ലിക്കേറ്റ് കമ്മ്യൂണിസ്റ്റുകാർ കളി കാണാനിരിക്കുന്നതേയുള്ളൂ. സത്യത്തിനായി നിലകൊള്ളുന്നവരെ കാലം തിരിച്ചറിയും. ഇക്കയെ രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ മുസ്ലിംലീഗ് തയ്യാറാണെങ്കിലും അവരുടെ പേരിൽ വർഗീയതയുള്ളതിനാൽ തത്കാലം വേണ്ടെന്നുവച്ചു. സ്‌നേഹത്തോടെ നിർബന്ധിച്ചാൽ ഭാവിയിൽ മാറ്റംവന്നേക്കാം. സ്‌നേഹമാണഖിലസാരമൂഴിയിൽ... എന്ന് മഹാകവി കുമാരനാശാൻ 'നളിനി"യിൽ എഴുതിയിട്ടുണ്ട്.
സമൂഹനന്മയ്ക്കായി നിലകൊള്ളുന്ന സ്വതന്ത്രപ്രസ്ഥാനമായിരിക്കും തന്റെ ഡി.എം.കെ എന്ന അൻവറിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. അൻവർ നല്ലൊരു മനുഷ്യനാണെന്ന് ഡി.എം.കെയുടെ എൻ.ആർ.ഐ വിഭാഗം സെക്രട്ടറി പുതുഗൈ എം.എം. അബ്ദുള്ള സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ പിന്തിരിപ്പൻ നയങ്ങളിൽ മനസ് തകർന്ന മനുഷ്യസ്‌നേഹികൾ ഇക്കയോടൊപ്പം അണിനിരന്നാൽ സംഗതി മാറും. മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുണ്ട്.

വൈകിട്ട് ആറുവരെ കമ്മ്യൂണിസ്റ്റും പിന്നീട് സംഘിയും ആകുന്നവരുടെ എണ്ണം കൂടിവരികയാണെന്ന സത്യം വിളിച്ചുപറഞ്ഞതാണ് കേസായത്. ഡി.എം.കെ എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ അൻവർ ആരാണെന്ന് രാഷ്ട്രീയ കേരളത്തിന് വൈകാതെ ബോദ്ധ്യമാകും. തമിഴകത്തെ ഡി.എം.കെയിൽ എടുത്തില്ലെങ്കിലും കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡി.എം.കെയുടെ ഷാളും അണിഞ്ഞാണ് സഖാവ് അൻവർ നിയമസഭയിൽ എത്തിയത്. യഥാർത്ഥ കമ്മ്യൂണിസ്റ്റായ കെ.ടി. ജലീലായിരുന്നു അകമ്പടി. മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം തുടങ്ങിയവർ 'കൊട് ഇക്കാ കൈ" എന്നുപറഞ്ഞ് സ്വീകരിച്ചു. തത്കാലം മാറിനിൽക്കുന്നതാണ് ബുദ്ധിയെന്ന് അടുപ്പക്കാർ ഉപദേശിച്ചതിനാൽ, പനിയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി മുങ്ങി.

ഖദറുകാർ

കൈയൊഴിഞ്ഞു
അൻവറിനെ യു.ഡി.എഫിൽ എടുക്കാമെന്ന് ഉറപ്പുനൽകിയിരുന്ന ഖദറുകാർ മാറിനിൽക്കുകയാണ്. ധാരാളം മാന്യൻമാരുള്ള കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിൽ പുതിയൊരു മാന്യൻ വേണ്ടെന്നാണ് വാർ റൂം മേധാവികളുടെ തീരുമാനമെങ്കിലും ഇക്ക വിഷമിക്കരുതെന്ന് ലീഗുകാർ പറഞ്ഞിട്ടുണ്ട്. ലീഗീനെ വലിയൊരു അപകടത്തിൽനിന്ന് രക്ഷിച്ചത് മൂപ്പരാണ്. മതനിരപേക്ഷ പാർട്ടിയാണെന്നു കരുതി സി.പി.എമ്മുമായി കൂട്ടുകൂടാനിരിക്കുകയായിരുന്നു. വിപ്ലവകേരളത്തെ സംഘിസ്ഥാൻ ആക്കാനായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ നീക്കമെന്ന് അറിഞ്ഞപ്പോൾ തകർന്നുപോയി. അടുത്ത കേരള നിയമസഭയിൽ ബി.ജെ.പി എം.എൽ.എ മാർ ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന്റെ ഗുട്ടൻസും പുറത്തുവിട്ടു. പണ്ടുമുതലേ സഖാക്കളും സംഘികളും ചങ്കൻമാരാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ തുടങ്ങിയ കൂട്ടുകെട്ടാണ്. കേരളത്തിലെ പല തിരഞ്ഞെടുപ്പുകളിലും ധാരണയുണ്ടായിരുന്നു.

അടുത്ത തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാരെ വിജയിപ്പിക്കാനാണ് സംഘികളുടെ പരിപാടി. ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണെന്ന് സഖാവ് ചെഗുവേര പറ‌ഞ്ഞിട്ടുണ്ട്. സത്യം വിളിച്ചു പറ‌ഞ്ഞ അൻവറിലൂടെ കേരളത്തിന് പുതിയ ചെഗുവേരയെ കിട്ടി.

സത്യത്തിനൊപ്പം നിലകൊണ്ടാൽ തുടക്കത്തിൽ കുറേ പ്രശ്നങ്ങളുണ്ടാകുമെങ്കിലും ഒടുവിൽ ലോകം തിരിച്ചറിയും. ഗാന്ധിജി,​ നെഹ്റുജി,​ ഇന്ദിരാജി,​ രാജീവ്ജി,​ രാഹുൽജി എന്നിവർ എന്തെല്ലാം അനുഭവിച്ചു. തെറ്റ് തെറ്റാണെന്ന് അംഗീകരിക്കാനും മാപ്പ് പറയാനും കഴിയുന്നവരാണ് മഹാന്മാർ. ഒരു ചെറിയ നാക്കുപിഴയുടെ പേരിൽ മുഖ്യമന്ത്രിയോട് മാപ്പിരന്ന അൻവർ അത് തെളിയിച്ചു. മുഖ്യന്റെ അപ്പന്റെ അപ്പനായാലും മറുപടി പറയുമെന്ന് ഒരാവേശത്തിനു പറഞ്ഞു പോയതിൽ മാപ്പും ക്ഷമയും പറഞ്ഞാണ് മാതൃകയായത്. ഗാന്ധിജിക്കു ശേഷം ഒരാളും ഈ നിലയിലേക്കു വളർന്നിട്ടില്ല. മാദ്ധ്യമപ്രവർത്തകരടക്കം പേടിച്ചിരുന്ന മുഖ്യമന്ത്രിയെ ഇത്രയൊക്കെ പറഞ്ഞിട്ടും പാർട്ടിപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും ബി.ജെ.പിയുടെ കെ. സുരേന്ദ്രൻജി കാര്യമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. പതിവുപോലെ എങ്ങും തൊടാതെ മുഖ്യമന്ത്രിയെ വിമർശിച്ച് തടിയൂരി. കോൺഗ്രസ് മുക്ത ഭാരതത്തിനായി കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. ലാവ്‌ലിൻ കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി പ്രസിഡന്റ് സുധാകരനും മുഖ്യമന്ത്രിക്കെതിരെ കത്തിക്കയറുമ്പോഴും ബി.ജെ.പിക്കാരുടെ പ്രതികരണത്തിന് പവറില്ല. ലാവ്‌ലിൻ ഇടപാടുകൊണ്ട് സംസ്ഥാന ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് വ്യംഗ്യമായി പറയുന്നുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PVANVAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.