നാടകത്തിൽ അഭിനയിക്കുന്ന കലാകാരോട് പലർക്ക് പുച്ഛമാണെന്ന് തുറന്നുപറഞ്ഞ് സിനിമ സീരിയൽ നടിയായ സിനി പ്രസാദ്. നാടകത്തിൽ അഭിനയിച്ച് സിനിമയിലെത്തി വലിയ നടൻമാരായ ഒരുപാട് ആളുകൾ മലയാളത്തിലുണ്ടെന്നും താരം പറഞ്ഞു. അഭിനയ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലുമായി പങ്കുവയ്ക്കുകയായിരുന്നു സിനി പ്രസാദ്.
'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം ഹോട്ടലിൽ താമസിക്കുകയായിരുന്നു. രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി. വാതിൽ തുറന്ന് ഞാൻ എന്താണെന്ന് ചോദിച്ചു. അപ്പോൾ അയാൾ മുറി മാറി പോയി എന്ന് പറഞ്ഞിട്ട് പോകുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ എന്നെ ഫോണിൽ വിളിച്ചു. ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. പിന്നെ ലാൻഫോണിൽ വിളിച്ചു. ഞാൻ റിസീവർ മാറ്റിവച്ചു. ഹോട്ടൽ മുറികളിൽ താമസിച്ചിട്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുന്ന അഭിനേതാക്കളെ തെറ്റായ അർത്ഥത്തിൽ കളിയാക്കുന്ന ഒരു പ്രവണത വർഷങ്ങൾക്ക് മുൻപുണ്ടായിരുന്നു. ഇപ്പോൾ ആ അവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി.
വർഷങ്ങൾക്ക് മുൻപ് പളളിക്കൂടം എന്ന ഒരു മണിക്കൂർ നീളുന്ന സിനിമയിൽ ഒരു അദ്ധ്യാപികയുടെ വേഷം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഒരു ചാനലിലെ പരിപാടി കഴിഞ്ഞ് ഞാൻ രാത്രിയിലാണ് സിനിമയുടെ ലൊക്കേഷനിൽ എത്തിയത്. ഒരു സീനിൽ അഭിനയിച്ചു. ബാക്കി സീനുകൾ അടുത്ത ദിവസമാണ് എടുക്കാൻ ഉദ്ദേശിച്ചത്. അഭിനേതാക്കളെ ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചത്. ഞാനും അവിടെ എത്തി. എന്റെ മുറിയിൽ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളുടെ മുറിയിലേക്ക് സിനിമയുടെ
നിർമാതാവ് കടന്നുവന്നു. കുറച്ച് നേരം സംസാരിച്ചു. എനിക്ക് ഉറങ്ങണമെന്ന് പറഞ്ഞപ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആ സ്ത്രീയും മുറിയിൽ നിന്നും പോയി.
ഞാൻ ഉറങ്ങാനായി കിടന്നപ്പോൾ മറ്റൊരാൾ വാതിലിൽ തട്ടി. ഞാൻ വാതിൽ തുറന്നു. അത് സിനിമയുടെ സംവിധായകനായിരുന്നു. എനിക്ക് അയാളെ അറിയില്ല. എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല. എന്റെ കട്ടിലിലേക്ക് വന്നുകിടന്നു. ഇത് കണ്ടതോടെ ഞാൻ കരഞ്ഞു. അഭിനയിക്കാനാണ് വന്നതെന്ന് അയാളോട് പറഞ്ഞു. അതുകേട്ടപാടെ സംവിധായകൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. പിറ്റേദിവസം സഹപ്രവർത്തകരെ ലൊക്കേഷനിലേക്ക് കൊണ്ടുപോയി. ഞാൻ മുറിയിൽ ഒറ്റയ്ക്കിരുന്നു. ഭക്ഷണമോ വെളളമോ കിട്ടിയില്ല, ഒടുവിൽ തിരക്കിയപ്പോഴാണ് എന്റെ സീനുകൾ കട്ട് ചെയ്തതെന്ന് അറിഞ്ഞത്. അങ്ങനെ സിനിമയിൽ നിന്നും പുറത്താക്കി' - സിനി പ്രസാദ് പറഞ്ഞു.
മോഹൻലാലിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം പങ്കുവച്ചു. '32 സിനിമകളിൽ അഭിനയിച്ചെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഭ്രമരം എന്ന ചിത്രത്തിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ചപ്പോഴാണ്. മൂന്ന് മിനിട്ട് അദ്ദേഹത്തോടൊപ്പം അഭിനയിച്ചു.സിനിമ റിലീസ് ചെയ്തുകഴിഞ്ഞ് പുറത്തോട്ട് പോയപ്പോൾ പലരും ശ്രദ്ധിക്കാൻ തുടങ്ങി. ചിലയാളുകൾ എന്റെ കൈയിൽ വന്നുപിടിച്ചു. ലാലേട്ടന്റെ കൈ പിടിച്ച എന്റെ കൈയിൽ പിടിക്കണമെന്ന് പറഞ്ഞവരുണ്ട്. അത് കണ്ട് ഞാൻ അതിശയിച്ചുപോയി'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |