ആഗോള വ്യാവസായിക രംഗത്തെ പ്രഗത്ഭനും പ്രസക്തനുമായ നേതാവായിരുന്നു രത്തൻ ടാറ്റ. അദ്ദേഹവുമായി കാണാനും സംസാരിക്കാനും ഇടപെഴകാനും ഉപദേശം സ്വീകരിക്കാനും എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. സത്യസന്ധമായ ബിസിനസിനാണ് അദ്ദേഹം ഊന്നൽ നൽകിയത്. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് എന്നോടദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് കൂടിയതായാലും കുറഞ്ഞതായാലും കൃത്യമായി നൽകണം. ലോകത്തെമ്പാടും ബഹുമാനിക്കപ്പെടുന്ന കാരുണ്യം നിറഞ്ഞു തുളുമ്പുന്ന വ്യവസായിയാണ് രത്തൻ ടാറ്റ. എളിമയോടെ മാത്രമേ അദ്ദേഹം സംസാരിക്കൂ. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പുതിയ തലമുറയും പഴയ തലമുറയും വരും തലമുറയും പഠിക്കാനുണ്ട്. പാവപ്പെട്ടവർ,അശരണർ, നിരാലംബർ എന്നിവരുടെ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എല്ലാം ബിസിനസിലൂടെയല്ല കാണേണ്ടതെന്ന് ലോകത്തെ പഠിപ്പിച്ച മഹാനായ മനുഷ്യനാണ്. ആ പണം നല്ല രീതിയിൽ ഉപയോഗിക്കണമെന്ന് ലോകത്തോട് പറഞ്ഞയാളാണ്. ഇന്ന് റേഞ്ച് റോവർ എന്ന കാർ ലോകമെമ്പാടും ഓടുമ്പോഴും അതിലിരിക്കുമ്പോഴും നമുക്ക് അഭിമാനമാണ്. ഈജിപ്തിൽ പോയപ്പോഴും റേഞ്ച് റോവർ വണ്ടിയിലാണ് ഞാൻ യാത്ര ചെയ്തത്. ഇതിന്റെ ഉടമ ഒരു ഇന്ത്യക്കാരനാണെന്ന് അന്ന് ഞാൻ ഡ്രൈവറോട് അഭിമാനത്തോടെ പറഞ്ഞു. ഇന്ത്യൻ വ്യവസായികൾക്ക് ഒരു അഭിമാനമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ കുടുംബത്തോടും അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്നവരോടും അദ്ദേഹം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന രംഗങ്ങളിലുള്ളവരോടും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു.
(ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |