ആഗോളതലത്തിൽ ബിസിനസ് വിജയം കൈവരിച്ചപ്പോഴും ജനിച്ച രാജ്യത്തെയും സാധാരണക്കാരായ ജനങ്ങളെയും മറക്കാതെ ചേർത്തുപിടിച്ച അപൂർവ വ്യക്തിത്വമാണ് രത്തൻ ടാറ്റ. തന്നെ വളർത്തിയ നാടിനോടും സമൂഹത്തോടും അദ്ദേഹം പുലർത്തിയ ആത്മാർത്ഥതയും ആഭിമുഖ്യവും പുതുതലമുറയ്ക്ക് മാതൃകയും പാഠവുമാണ്.
രത്തൻ ടാറ്റയുടെ കൈയൊപ്പ് കേരളത്തിലും പതിഞ്ഞു. മൂന്നാറിലെ തേയിലത്തോട്ടവും ടാജ് ഹോട്ടലുകളും ചില്ലറ വില്പനശാലകളും ഉൾപ്പെടെ കേരളത്തിൽ വൻ മുതൽമുടക്കിന് അദ്ദേഹം തയ്യാറായി. ആയിരങ്ങളാണ് കേരളത്തിൽ അദ്ദേഹം വളർത്തിയ ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ബിസിനസുകൾ ലാഭം കൊയ്യാൻ മാത്രമാണെന്ന വിശ്വാസവും ചിന്തയും അദ്ദേഹം തകർത്തെറിഞ്ഞു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് നിയമപരമായി ആരംഭിക്കുന്നതിനും മുമ്പേ ലാഭവിഹിതം സമൂഹത്തിനായി മാറ്റിവച്ചു.
ബിസിനസിൽ കൃത്യമായ വഴികളിലൂടെ സഞ്ചരിച്ച കാർക്കശ്യക്കാരനാണ് അദ്ദേഹം. എന്നാൽ, ചുമതലകൾ വിശ്വസ്തതയോടെ സഹപ്രവർത്തകരെ ഏല്പിക്കുന്നതിൽ അദ്ദേഹം മടി കാണിച്ചിട്ടില്ല. മലയാളിയായ ആർ.കെ.കൃഷ്ണകുമാറിനെ ഗ്രൂപ്പിന്റെ ഉന്നത സ്ഥാനത്ത് അദ്ദേഹം പ്രതിഷ്ഠിച്ചത് ഉദാഹരണമാണ്. വിദേശത്തുൾപ്പെടെ ബിസിനസ് വ്യാപിപ്പിക്കാനും ഏറ്റെടുക്കലിനും വരെ കൃഷ്ണകുമാറിന് പിന്തുണ നൽകി. എത്ര ഉന്നതനായാലും വഴിമാറി പോകാനും അദ്ദേഹം അനുവദിച്ചിട്ടില്ല. ഞാനുൾപ്പെടെ ബിസിനസ് മേഖലയിലുള്ളവർക്ക് എക്കാലത്തും മാർഗദർശിയും പ്രചോദനവും ഊർജവുമാണ് രത്തൻ ടാറ്റ.
ബിസിനസ് മേഖലയുടെ പാഠപുസ്തകം പോലെ അദ്ദേഹത്തിന്റെ കർമ്മവീഥി നമുക്ക് മുന്നിലുണ്ടാകും. അദ്ദേഹത്തിന്റെ സ്‌മരണകൾക്ക് മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
(സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ്
ഡയറക്ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |