'പാലക്കാട് ' വിനോദ സഞ്ചാരത്തിന്റെ കാര്യത്തിൽ ഒരുതരി പോലും നിരാശപ്പെടുത്താത്ത ഭൂമികയാണ്. കരിമ്പനകളും നെൽപ്പാടങ്ങളും വനങ്ങളും ഗ്രാമങ്ങളും ചേർത്തൊരുക്കിയ സുന്ദരഭൂമിയിലെ പലയിടങ്ങളും നമുക്ക് പരിചയമുണ്ട്. കൽപ്പാത്തിയും മലമ്പുഴയും നെല്ലിയാമ്പതിയും ധോണി വെള്ളച്ചാട്ടവും ആഭ്യന്തര സഞ്ചാരികളെ ക്ഷണിച്ചുവരുത്തുന്ന കൊല്ലങ്കോടും ജില്ലയുടെ ടൂറിസം തന്നെ മാറ്റിമറിച്ചു.
പച്ചവിരിച്ച നെൽപ്പാടത്തിന്റെ കരയിലെ കരിമ്പനക്കൂട്ടങ്ങളുടെ നെറുകയിൽ ചെന്തമഴിന്റെ ഈണമുള്ള പാലക്കാടൻ കാറ്റ് താളം പിടിക്കുന്നു... അങ്ങകലെ മലമ്പുഴയുടെ വിഹായസിലേക്ക് മുടിയഴിച്ചിട്ടിരിക്കുന്നൊരു യക്ഷി. അളവറ്റ സംസ്‌കൃതിയിലേക്ക് നിഴൽ പരത്തി വളർന്നൊരു നാട്. ചുട്ടുപൊള്ളുന്ന വെയിലിൽ കുരുത്തുമുളച്ച ഈ നാടിന്റെ തനിമകൾക്ക് ഇന്ന് കാലമേറെ കഴിഞ്ഞപ്പോഴും ഒരുമാറ്റവുമില്ല. ഗതകാലത്തിന്റെ വശ്യതകൾ ഓരോന്നും വിട്ടുപോകാതെ മനസിലെത്തിക്കുന്ന നാട്ടുവഴികളിൽ പാലക്കാടൻ ഗ്രാമങ്ങൾ വീണ്ടെടുക്കുന്നത് പ്രൗഢമായൊരു ഭൂതകാലത്തെയാണ്. വാളയാറിന്റെ അതിരുകൾ കടന്നെത്തിയ മറുനാഗരികതെയെയും ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഈ നാടിന് പങ്കുവെക്കാൻ വിശേഷങ്ങൾ ഏറെയുണ്ട്. അരിമാവു കൊണ്ട് വീടിന്റെ പൂമുഖത്ത് കോലമെഴുതി നാരായണീയത്തിൽ മുഖരിതമായ പ്രഭാതങ്ങളെ വരവേൽക്കുന്ന കൽപ്പാത്തിയിലെ അഗ്രഹാരങ്ങൾ. ചുട്ടുപൊള്ളുന്ന തട്ടിൽ നിന്നും ആവി പറക്കുന്ന രാമശ്ശേരി ഇഡ്ഡലി. കൈതയോലകളിൽ പൊതിഞ്ഞ കട്ടിമധുരമായ കരിപ്പെട്ടി. ചുടുകാറ്റ് തുപ്പി കൂവി കിതച്ചു പോകുന്ന തീവണ്ടികൾ നെടുകെ മുറിക്കുന്ന ഊഷരമായ കൃഷിയിടങ്ങൾ. ഇതെല്ലാം കാഴ്ചകളിലേക്ക് കൂട്ടിയോജിപ്പിച്ചാൽ പാലക്കാട് എന്ന നാട് തെളിയുകയായി. എന്നാൽ എത്രയൊക്കെ പാലക്കാടൻ ഇടങ്ങൾ അറിയാമെന്നു പറഞ്ഞാലും ഇനിയും സഞ്ചാരികൾ എത്തിയിട്ടില്ലാത്ത, പ്രദേശവാസികൾക്കു മാത്രം പരിചിതമായ കുറേയധികം സ്ഥലങ്ങളുണ്ട്.
ലിറ്റററി ടൂറിസത്തിന്റെ
അനന്ത സാദ്ധ്യതകൾ
സാഹിത്യ ടൂറിസത്തിനു കേരളത്തിൽ ഏറ്റവും നല്ല ഭൂമികയാണു പാലക്കാട്. തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങി ഒ.വി.വിജയനും എം.ടി.വാസുദേവൻ നായരുമെല്ലാം സഞ്ചരിച്ച മണ്ണിലൂടെയുള്ള ഒരു യാത്രയ്ക്ക് തയ്യാറെടുത്താൽ അതൊരു പുതു അനുഭവമാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സുപ്രധാന സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 'മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട്' പദ്ധതിയിൽ പാലക്കാട്ടു നിന്ന് 6 കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എം.ടിയുടെയും അക്കിത്തത്തിന്റെയും മണ്ണായ കൂടല്ലൂർ – കുമരനല്ലൂർ, വി.ടി.ഭട്ടതിരിപ്പാടിന്റെ മേഴത്തൂർ, കുഞ്ചൻ നമ്പ്യാരുടെ ലക്കിടി കിള്ളിക്കുറിശ്ശി മംഗലം, പി.കുഞ്ഞിരാമൻ നായരുടെ കൊല്ലങ്കോട്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അവസാനനാളുകൾ ചെലവഴിച്ച ചിറ്റൂർ, ഒ.വി.വിജയന്റെ തസ്രാക്ക് എന്നിവിടങ്ങളാണു പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇതല്ലാതെയും പാലക്കാട് കേന്ദ്രമാക്കി പ്രത്യേക സാഹിത്യ – സാംസ്‌കാരിക യാത്ര ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ആസൂത്രണം ചെയ്യാം. കെ.എസ്.ആർ.ടി.സിയുടെ കൂടി സഹകരണത്തോടെ ബജറ്റ് ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താം. സ്‌കൂൾ, കോളജ്, സർവകലാശാല പഠനയാത്രകൾക്ക് ഏറ്റവും യോജ്യമായ ഇടമായി പാലക്കാടു മാറും. ജില്ലയിലെ സാഹിത്യ – സാംസ്‌കാരികപ്രവർത്തകരെ ഉൾപ്പെടുത്തി ഇത്തരം കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത യാത്രാ പദ്ധതി ടൂറിസം വകുപ്പിന് ആസൂത്രണം ചെയ്യണം.
ഉൾക്കൊള്ളിക്കാവുന്ന
സ്ഥലങ്ങൾ
എം.ടിയെ വായിച്ചവർ ഒരിക്കലെങ്കിലും കൂടല്ലൂരിലെത്തണം. വായനയിലൂടെ മനസിൽ കയറിയ പല കാഴ്ചകളും മങ്ങാതെ ഇവിടെയുണ്ട്. കുമരനല്ലൂരിലെ 'ദേവായന'ത്തിൽ നിന്നു മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി യാത്രയായെങ്കിലും കാഴ്ചകളുടെ മാധുര്യം മാഞ്ഞുപോയിട്ടില്ല. വി.ടി.ഭട്ടതിരിപ്പാടെന്ന നവോത്ഥാന പുരുഷന്റെ നാടാണു മേഴത്തൂർ. മേഴത്തൂരിനു പറയാൻ ഒട്ടേറെ സാംസ്‌കാരിക പ്രത്യേകതകളുമുണ്ട്.
ഒറ്റപ്പാലത്തിനടുത്തു ലക്കിടി കിള്ളിക്കുറിശ്ശി മംഗലത്ത് കുഞ്ചൻ നമ്പ്യാരുടെ വീട് കുഞ്ചൻ സ്മാരകമായി നവീകരിച്ചു സംരക്ഷിച്ചു വരുന്നുണ്ട്. കുന്തിപ്പുഴയുടെ തീരത്തെ വെള്ളിനേഴി ഗ്രാമം നാൽപതിലേറെ കലയുടെ വ്യത്യസ്ത രൂപങ്ങളും ആയിരത്തിലേറെ കലാകാരൻമാരും വെള്ളിനേഴിയിലുണ്ട്. കേരള സർക്കാരിന്റെ വെള്ളിനേഴി കലാഗ്രാമം ഇവിടെയാണ്. കഥകളിൽ കല്ലുവഴി സമ്പ്രദായത്തിന്റെ കളരിയായാണ് ഒളപ്പമണ്ണ മന അറിയപ്പെടുന്നത്. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ ഓർമകളുള്ള ഗ്രാമമാണ് മുണ്ടൂർ. യുവപ്രഭാത് വായനശാലയിൽ അദ്ദേഹത്തിന്റെ പുരസ്‌കാരങ്ങളും മറ്റു വസ്തുക്കളും പ്രത്യേകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ വീടായ 'ഹരിശ്രീ' പാലക്കാട് നഗരത്തിനടുത്തു ജൈനിമേട്ടിലാണ്. കുമാരനാശാന്റെ 'വീണപൂവ്' പിറന്നതു പാലക്കാട് ജൈനിമേട്ടിലാണ്. പുരാതനമായ ജൈനക്ഷേത്രം ഇവിടെയുണ്ട്. വി.ടി. ഭട്ടതിരിപ്പാടിന്റെ ഓർമയ്ക്കായി പാലക്കാട് മെഡിക്കൽ കോളജിനടുത്തു സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ബൃഹത്തായ സാംസ്‌കാരിക പദ്ധതി പൂർത്തിയായി വരികയാണ്. ചിറ്റൂരിലെ ശോകനാശിനിയുടെ തീരത്താണു ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ അവസാന കാലഘട്ടം ചെലവഴിച്ചത്. അദ്ദേഹം ജപിക്കാൻ ഇരുന്ന ശില പിന്നീട് ജപപ്പാറയായെന്നു വിശ്വാസം. ആചാര്യന്റേത് എന്നു വിശ്വസിക്കുന്ന എഴുത്താണിയും താളിയോലയും ഇവിടെയുണ്ട്. കവി പി.കുഞ്ഞിരാമൻ നായരുടെ കാൽപാടുകൾ പതിഞ്ഞ കൊല്ലങ്കോട് അരുവന്നൂർ പറമ്പിലാണ് അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്. മഹാകവി പി.സ്മാരക കലാ സാംസ്‌കാരിക കേന്ദ്രം ഒരു ഗ്രന്ഥശാലയാണ്. വെങ്ങുനാട് എന്ന നാട്ടുരാജ്യത്തിന്റെ ചരിത്രരേഖകളും അപൂർവ താളിയോല ഗ്രന്ഥങ്ങളും കവിയുടെ ശിൽപവും ഇവിടെയുണ്ട്.
ഒ.വി.വിജയന്റെ മണ്ണായ തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമം എഴുത്തുകാരുടെ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. വിപുലമായ എഴുത്തുഗ്രാമം പദ്ധതി ഇവിടെ പൂർത്തിയായി വരികയാണ്. സ്മാരക മന്ദിരത്തിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ, സ്‌കെച്ചുകൾ, ഓർമച്ചിത്രങ്ങൾ എന്നിവ ഒരുക്കിയ ഞാറ്റുപുര, വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി, ചലച്ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ലിവിംഗ് തിയേറ്റർ, ശിൽപങ്ങൾ, കത്തുകളുടെ ശേഖരം എന്നിവയുണ്ട്.
പൊറാട്ടുനാടകത്തിന്റെ
സാദ്ധ്യത
പാർട്ടി ഏതുമായിക്കൊള്ളട്ടെ 'പൊറാട്ടുനാടകം' എന്ന വാക്ക് പ്രസംഗത്തിൽ ചേർക്കാത്ത രാഷ്ട്രീയക്കാരില്ല. പക്ഷേ, ആ പൊറാട്ട് നാടകം കാണണമെങ്കിൽ പാലക്കാട് തന്നെ വരണം. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ മാത്രമുള്ള ഈ കലാരൂപമാണ് കേരളക്കരയാകെ പ്രസംഗകലയിൽ വിലയേറിയ വാക്കായത്. പക്ഷേ, കൊയ്ത്തു കഴിഞ്ഞ് ഒഴിഞ്ഞ പാടങ്ങളിൽ മാത്രമാണ് കലാരൂപം അരങ്ങേറുന്നത്. പൊറാട്ടുനാടകം കാണണമെന്ന് ആഗ്രഹമുള്ള ആളുകൾക്കായി ഒരു ഷോ നടത്തുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. ഇതു മാത്രമല്ല പാലക്കാട്ടെ ഒട്ടേറെ കലാരൂപങ്ങൾക്ക് വലിയ ടൂറിസം സാദ്ധ്യതയുണ്ട്.
സാംസ്‌കാരിക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ മാസവും പാലക്കാട്ടെ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്ന് സംഘടിപ്പിച്ച് പ്രചാരണം നടത്തിയാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വലിയ പ്രതികരണം ലഭിക്കും. നിലവിൽ വെള്ളിനേഴിയിലും മറ്റും നടക്കുന്ന മേജർസെറ്റ് കഥകളി കാണാൻ വിദേശികൾ ഉൾപ്പെടെ വരുന്നുണ്ട്. പാവക്കൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കണ്യാർകളി തുടങ്ങിയ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചുള്ള സാംസ്‌കാരിക പരിപാടി ആസൂത്രണം ചെയ്തു ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി കാമ്പെയിൻ നടത്താം.
സാദ്ധ്യകൾ
ഇങ്ങനെ
പ്രധാന ടൂറിസം കേന്ദ്രങ്ങളായ മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ഓരോ മാസത്തെയും സാംസ്‌കാരിക പരിപാടികളുടെ അരങ്ങുകളാക്കാം. വെള്ളിനേഴി കലാഗ്രാമത്തിൽ ആഗോളതലത്തിൽ ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ച് പ്രത്യേക കഥകളി പരിപാടികൾ നടത്താം. കിള്ളിക്കുറിശ്ശി മംഗലത്ത് കുഞ്ചൻ സ്മാരകത്തിൽ ഓട്ടൻതുള്ളലിനും സാദ്ധ്യതയുണ്ട്. കണ്യാർകളിയും ഇത്തരത്തിൽ പ്രദർശിപ്പിക്കാം. വെള്ളിനേഴിയിലെ കഥകളിക്കോപ്പ് നിർമാണം പോലെയുള്ളവ വിദേശികളെ ആകർഷിക്കും. പാവക്കൂത്ത് മേഖലയിൽ പരീക്ഷണം നടത്തുന്ന ഏറെ പേർ ഒറ്റപ്പാലം താലൂക്ക് കേന്ദ്രീകരിച്ചുണ്ട്. തുടർച്ചയായി ദിവസങ്ങളോളം പാവക്കൂത്ത് അരങ്ങേറുന്ന ക്ഷേത്രങ്ങളുണ്ട്. ഈ കാലം കണക്കാക്കി സഞ്ചാരികളെ ആകർഷിക്കാം. ഇത്തരം പദ്ധതികൾ കലാകാരൻമാർക്ക് ഏറെ വരുമാനമുണ്ടാക്കും. ഗ്രാമങ്ങളിൽ ഹോംസ്റ്റേകൾ ഒരുക്കിയാൽ പലർക്കും വരുമാനമാകും. വിദേശത്ത് കലാരൂപങ്ങൾ അവതരിപ്പിക്കാനും കലാകാരൻമാർക്ക് അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |