കാസർകോട്: മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓട്ടോ ഡ്രൈവർ അബ്ദുൾസത്താറിന്റെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന ആരോപണവിധേയനായ മുൻ കാസർകോട് ടൗൺ എസ്.ഐ പി.അനൂപിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.നേരത്തെ അബ്ദുൾസത്താറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഈയാളെ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു.
കാസർകോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോയാണ് ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഉത്തരമേഖല ഡി.ഐ.ജി ഈയാളെ സസ്പെൻഡ് ചെയ്തത്. കാസർകോട് അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായരാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് ചീഫ് ഡി.ശില്പയ്ക്ക് കൈമാറിയത്.
അബ്ദുൾസത്താറിന്റെ മരണം സംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എസ്.ഐ അനൂപ് പൊതുജനമദ്ധ്യേ ഓട്ടോറിക്ഷാ ഡ്രൈവറെ കൈയേറ്റം ചെയ്യുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാത്രക്കാരുടെ പരാതിയിൽ സ്റ്റേഷനിലേക്ക് നൗഷാദിനെ കൊണ്ടുപോകാൻ കഴുത്തിൽ കുത്തിപ്പിടിക്കുന്നതാണ് ദൃശ്യം.
എസ്.ഐയെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സി.പി.എം ,സി.ഐ.ടി.യു നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്,ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ടൗണുകളിൽ ഇന്നലെ ഓട്ടോഡ്രൈവർമാർ പ്രകടനം നടത്തി. എസ്.ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾ സത്താറിന്റെ മകൻ ഷെയ്ഖ് അബ്ദുൽ സാനിഖും സഹോദരൻ സലാമും പരസ്യമായി രംഗത്തുവന്നിരുന്നു.
നൗഷാദിനെ എസ്.ഐ മർദ്ദിച്ചത് ജൂണിൽ
എസ്.ഐ അനൂപ് ഓട്ടോ ഡ്രൈവർ നൗഷാദിനെ മർദ്ദിച്ചത് കഴിഞ്ഞ ജൂണിൽ. യാത്രക്കാരൻ നൽകിയ പരാതിയിൽ ഡ്രൈവറെ ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനാണ് എസ്.ഐ ശ്രമിക്കുന്നത്. സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ട ശേഷം ഫോൺ എടുക്കാനായി പുറത്ത് നിർത്തിയ ഓട്ടോറിക്ഷയിൽ എത്തിയപ്പോൾ ആയിരുന്നു പരാക്രമം. ഇങ്ങനെ പിടിച്ചു വലിക്കാൻ ഞാൻ കഞ്ചാവ് കേസിലെ പ്രതിയോ കൊലക്കേസ് പ്രതിയോ അല്ലല്ലോ എന്ന് ഡ്രൈവർ എസ് ഐയോട് ചോദിക്കുന്നുണ്ട്. എസ് ഐക്കെതിരെ നൗഷാദ് പൊലീസ് കംപ്ലയിന്റ് സെല്ലിൽ പരാതിയും നൽകിയിട്ടുണ്ട്.
ഡ്രൈവർമാരെ ദ്രോഹിക്കൽ ഹോബി
ഓട്ടോ ഡ്രൈവർമാരെയും ബൈക്ക് യാത്രികരെയും പിടികൂടി ദ്രോഹിക്കലാണ് എസ്.ഐ അനൂപിന്റെ പ്രധാന ഹോബിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. സർക്കാരിന്റെ ജനസൗഹൃദ പൊലീസ് നയത്തിന് നേർവിപരീതമാണ് എസ്.ഐയുടെ പതിവായുള്ള ഇടപെടലെന്നും ഇവർ പറയുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഓട്ടോഡ്രൈവർമാരിൽ നിന്ന് ചെറിയ നിയമലംഘനത്തിന് പോലും 3000 മുതൽ 4000 രൂപ വരെയാണ് പിഴ ചുമത്തുന്നതായിരുന്നു ഒരു പതിവ്. ഉന്നത ഉദ്യോഗസ്ഥർ പലതവണ ഓർമ്മിപ്പിച്ചിട്ടും എസ്.ഐ ഹോബി' തുടരുകയായിരുന്നു. നേരത്തെ ജോലി ചെയ്തിരുന്ന മഞ്ചേശ്വരം,ബദിയടുക്ക സ്റ്റേഷൻ പരിധികളിലും സമാനമായ അനൂപിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |