ജിദ്ദ: ആയിരം മീറ്റര്‍ അതവാ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ ഒരു കെട്ടിടം. അതായത് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിതിയായ ബുര്‍ജ് ഖലീഫയെക്കാള്‍ വലിയ കെട്ടിടം. 830 മീറ്ററില്‍ 163 നിലകളിലായിട്ടാണ് ബുര്‍ജ് ഖലീഫ പണിതിരിക്കുന്നത്. എന്നാല്‍ സൗദിയിലെ ജിദ്ദയില്‍ നിര്‍മ്മിക്കുന്ന ജിദ്ദ ടവറിന്റെ ഉയരം ആയിരം മീറ്റര്‍ ആണ്. ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ 170 മീറ്റര്‍ അധികം വരും. 2028ല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിദ്ദ ടവറിന്റെ നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്. ജിദ്ദ ഇക്കണോമിക് കമ്പനി (ജെ.ഇ.സി)യാണ് കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്നത്. നേരത്തെ കെട്ടിട നിര്‍മാണം ആരംഭിച്ചിരുന്നുവെങ്കിലും സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ മുടങ്ങുകയായിരുന്നു. നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ടുപോകുന്നതിനിടെ 2017ലാണ് ജിദ്ദ ടവറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഏഴ് പേരെ സൗദി ഭരണകൂടം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത്.
അഴിമതി കേസില്‍ അറസ്റ്റ് നടപടിയുണ്ടായെങ്കിലും പിന്നെയും ഒരു വര്‍ഷത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുകയായിരുന്നു. തുടര്‍ന്ന് ,സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും കൊവിഡ് മഹാമാരിയും കാരണം നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവരികയായിരുന്നു. 157 നിലയുള്ള കെട്ടിടത്തിന്റെ 63 നിലകളും ഇതിനോടകം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 15,969 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍.
സൗദിയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ ലാദന്‍ ഗ്രൂപ്പിനാണ് ടവറിന്റെ നിര്‍മാണ ചുമതല. 2017ലെ അഴിമതി വിരുദ്ധ ക്യാംപയിനില്‍ ബിന്‍ ലാദന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദനും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. തീവ്രവാദ സംഘടനയായ അല്‍ ഖ്വയിദയുടെ നേതാവ് ഒസാമ ബിന്‍ ലാദന്റെ അര്‍ദ്ധ സഹോദരനാണ് ബക്കര്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |