തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ സമാപന ദിവസങ്ങളായ ഇന്നും നാളെയും സഭാതലം ബഹളമയമായേക്കും. സർക്കാരിനെയും ഭരണപക്ഷത്തെയും ആക്രമിക്കാൻ വേണ്ടുവോളം വിഭവങ്ങളാണ് പ്രതിപക്ഷത്തിന് കിട്ടിയിട്ടുള്ളത്.
മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതാണ് ആയുധങ്ങളിൽ പ്രധാനം. കഴിഞ്ഞ സമ്മേളനത്തിൽ കോൺഗ്രസിലെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണത്തിന്റെ പേരിൽ ശക്തമായ ആക്രമണമാണ് സഭയിൽ അഴിച്ചുവിട്ടത്. പുതിയ അവസരം പരമാവധി ഉപയോഗപ്പെടുത്താനാവും പ്രതിപക്ഷം ശ്രമിക്കുക. മൊഴിയെടുപ്പ് തിരഞ്ഞെടുപ്പ്
സ്റ്റണ്ടാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൊഴിയെടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നില്ലെന്ന് മാത്യുകുഴൽനാടനും പ്രതികരിച്ചു. പ്രതികരണങ്ങളിലെ ഈ സമീപനമാണ് സഭയിലും പുലർത്തുന്നതെങ്കിൽ മാസപ്പടി പ്രശ്നം കത്തിക്കാനിടിയില്ല.
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനമാണ് മറ്റൊരു ചൂടൻ വിഷയം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 2018-ലെ തീർത്ഥാടന കാലം സംഘർഷഭരിതമായിരുന്നു. ഭക്തർക്ക് ഏർപ്പെടുത്താൻ പോകുന്ന നിയന്ത്രണത്തിൽ പരക്കെ പ്രതിഷേധമുയർന്നിട്ടുമുണ്ട്.
മദ്രസകൾ നിറുത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദ്ദേശമാണ് സഭയിൽ ഉയർന്നുവരാൻ സാദ്ധ്യതയുള്ള മറ്റൊരു വിഷയം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചാവും പ്രതിപക്ഷ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |