ബീജിംഗ്: ആകാശത്തോളം ഉയരമുള്ള ഭീമൻ കെട്ടിടങ്ങൾക്ക് മുകളിലൂടെ അനായാസം ചാടി ആരാധാകരെ ഞെട്ടിക്കുന്ന കഥാപാത്രമാണ് സ്‌പൈഡർമാൻ. ഉയരങ്ങൾ കീഴടക്കുക എന്നത് സ്‌പൈഡർമാന്റെ സൂപ്പർ പവറിന് മുന്നിൽ നിഷ്പ്രയാസം സാദ്ധ്യമാകുന്ന ഒന്നാണ്. സ്‌പൈഡർമാൻ സാങ്കല്പിക കഥാപാത്രമാണെങ്കിലും അതുപോലെ ആളുകളെ ഞെട്ടിച്ച നിരവധി സാഹസികർ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അതിൽ ഒരാളാണ് ചൈനയിലെ ഗിഷൂ പ്രവിശ്യയിൽ നിന്നുള്ള ലുവോ ഡെംഗ്പിൻ എന്ന 43കാരി.
'ചൈനീസ് സ്‌പൈഡർ വുമൺ" എന്നാണ് ഇവർ അറിയപ്പെടുന്നത്. 30 നില കെട്ടിടത്തോളം ഉയരമുള്ള പാറക്കെട്ടുകളിൽ നിഷ്‌പ്രയാസമാണ് ഇവർ കയറുന്നത്. അതും സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ. ചൈനയിൽ വെറും കൈകൾ കൊണ്ട് പാറക്കെട്ടുകൾ കയറുന്ന പരമ്പരാഗത മിയാവോ രീതി പിന്തുടരുന്ന ഒരേയൊരു സ്ത്രീയാണിവർ. 108 മീറ്റർ ഉയരമുള്ള പാറക്കെട്ടുകൾക്ക് മുകളിലെത്താൻ ലുവോയ്ക്ക് യാതൊരു സഹായവും ആവശ്യമില്ല.
പിതാവാണ് ലുവോയെ പാറക്കെട്ടുകൾ കയറാൻ പഠിപ്പിച്ചത്. 15 ാം വയസ് മുതൽ ലുവോ പാറക്കെട്ടുകളിൽ കയറുന്നുണ്ട്. ആൺകുട്ടികളോട് മത്സരിക്കുക എന്നതും ഉപജീവനം കണ്ടെത്താനുള്ള ആഗ്രഹവും ആദ്യകാലങ്ങളിൽ പാറക്കെട്ടുകൾ കയറാൻ ലുവോയ്ക്ക് പ്രചോദനമേകി. ഉയരമേറിയ കുന്നുകളിൽ നിന്ന് ഔഷധസസ്യങ്ങൾ ശേഖരിക്കുന്നത് ഇപ്പോൾ ലുവോയ്ക്ക് ശീലമാണ്.
വിദൂര പ്രദേശങ്ങളിലെ പർവ്വത മേഖലകളിലാണ് മിയാവോ വിഭാഗത്തിലുള്ളവർ ജീവിക്കുന്നത്. ഉയരമേറിയ കുന്നുകൾക്ക് മുകളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലൂടെ പരേതർക്ക് അവരുടെ മദ്ധ്യ ചൈനയിലുള്ള ജന്മനാട് കാണാൻ സാധിക്കുമെന്ന വിശ്വാസം ഇവർക്കിടെയിൽ നിലനിന്നിരുന്നു. അതിനായി കൈകൾ ഉപയോഗിച്ച് പാറക്കെട്ടുകളിലൂടെ കയറാൻ അവർ പഠിച്ചു. തങ്ങളുടെ കഴിവുകൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും മിയാവോ വിഭാഗക്കാർ ശ്രദ്ധിച്ചു.
പൂർവ്വികരിൽ നിന്ന് ലഭിച്ച കഴിവുകൾ ലുവോ ടൂറിസ്റ്റുകൾക്ക് മുന്നിലും അവതരിപ്പിക്കാറുണ്ട്. വളരെ ചെറിയ വരുമാനം മാത്രമാണ് ലഭിക്കുന്നതെങ്കിലും സ്‌പൈഡർ വുമൺ എന്ന് അറിയപ്പെടുന്നത് ഏറെ അഭിമാനം നൽകുന്നതാണെന്ന് ലുവോ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |