കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സണ്ണി ജോസഫ് എംഎൽഎ. നവീൻ ബാബുവിന് കഴിഞ്ഞ ദിസം നൽകിയ യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എഡിഎമ്മിന് യാത്രയയപ്പ് നൽകിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീർത്തും അധിക്ഷേപകരമായ കാര്യങ്ങൾ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കിൽ അത് അതിന്റേതായ രീതിയിലാണ് പറയേണ്ടത്. ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആർക്കും തോന്നുകയുള്ളു.
നവീന് അത് തോന്നിയിട്ടുണ്ടാകാം. ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സർക്കാർ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് മരിച്ചിരിക്കുന്നത്. കളക്ടർ കഴിഞ്ഞാൽ രണ്ടാമത്തെയാളാണ്. അത്തരത്തിൽ ഉളള ഒരു വ്യക്തിക്ക് ഇത്തരത്തിൽ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത് ഏറെ വേദനാജനകമാണ്. പ്രതിഷേധാർഹമാണ്'- സണ്ണി ജോസഫ് പ്രതികരിച്ചു.
അതേസമയം, പി പി ദിവ്യയുടെ പരസ്യവിമർശനത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിക്കാൻ തയ്യാറായില്ല. എഡിഎമ്മിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിലേക്കാണ് ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നും, ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |