തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികൾ ആരാണെങ്കിലും പൊതുസമൂഹത്തോടുള്ള ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമെല്ലാം പക്വതയും പൊതുധാരണയുമുണ്ടാകേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കളക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നവീൻ ബാബുവിന്റെ മരണം വലിയ നഷ്‌ടമാണ് സർക്കാരിനുണ്ടാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.
ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകും. നവീൻ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. നല്ല ഉദ്യോഗസ്ഥനാണ് എന്നുതന്നെയാണ് ഇതുവരെയുള്ള ധാരണ. കളക്‌ടറോട് എത്രയും വേഗത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലുടൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നും, ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാസർകോട് നിന്നാണ് കണ്ണൂരിലേക്ക് എഡിഎം ആയി നവീൻ ബാബു എത്തിയത്. ഇന്നലത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാർ എക്‌സ്‌പ്രസിൽ കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. രാവിലെ ട്രെയിനിൽ അദ്ദേഹം ഇല്ലെന്നറിഞ്ഞ് കുടുംബാംഗങ്ങൾ വിവരമറിയച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ട് പെൺമക്കളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |