മണ്ഡല - മകരവിളക്കു തീർത്ഥാടനകാലത്ത് രജിസ്ട്രേഷൻ നടത്താതെ വരുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തോടെ രണ്ടാഴ്ചയായി ഇതുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കിടയിൽ നിലനിന്ന ആശങ്കയ്ക്ക് പരിഹാരമാകുമെന്നു വേണം കരുതാൻ. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്കു മാത്രമേ ശബരിമലയിൽ ദർശന സൗകര്യം അനുവദിക്കൂ എന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംയുക്ത യോഗം തീരുമാനമെടുത്തത്. മുൻവർഷങ്ങളിലെപ്പോലെ ഇക്കൊല്ലം സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടാകില്ലെന്ന് ബോർഡ് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. തീരുമാനം പുറത്തുവന്നതു മുതൽ വിശ്വാസി സമൂഹം കടുത്ത എതിർപ്പും പ്രതിഷേധവുമായി സംസ്ഥാന വ്യാപകമായി ദേവസ്വത്തിന്റെ തലതിരിഞ്ഞ നടപടിക്കെതിരെ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി ദർശനം സുഗമമാവണമെന്ന് ഞങ്ങളും ആവശ്യപ്പെട്ടിരുന്നു.
സ്പോട്ട് ബുക്കിംഗ് ഇനി വേണ്ടെന്ന തീരുമാനത്തിൽ സർക്കാരും ഉറച്ചുനിന്നതോടെ രാഷ്ട്രീയ തലത്തിലും പ്രശ്നം കത്തിജ്ജ്വലിക്കാൻ തുടങ്ങി. ഭരണകക്ഷിക്കാരുൾപ്പെടെ സ്പോട്ട് ബുക്കിംഗ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ തുടങ്ങിയതോടെ ദേവസ്വം ബോർഡിനും സർക്കാരിനും നേരത്തേ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്പോട്ട് ബുക്കിംഗ് ഉപേക്ഷിക്കരുതെന്ന് പരസ്യ നിലപാടെടുത്തത് ശ്രദ്ധേയമായി. ഓൺലൈൻ രജിസ്ട്രേഷൻ എടുക്കാതെയെത്തുന്ന തീർത്ഥാടകർക്കും സുഗമ ദർശനത്തിന് സൗകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കാനുള്ള സാഹചര്യമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. ഏതായാലും തീർത്ഥാടനകാലം സംഘർഷഭരിതമാകാനുള്ള സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞുവെന്നത് അങ്ങേയറ്റം നല്ല കാര്യമാണ്.
സ്പോട്ട് ബുക്കിംഗ് ഉപേക്ഷിക്കുമെന്ന തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അധികൃതർ വേണ്ടത്ര ആലോചന കൂടാതെ കൈക്കൊള്ളുന്ന അപക്വ തീരുമാനങ്ങൾ സമൂഹത്തിൽ സംഘർഷത്തിന് വിത്തു പാകുമെന്നതിന് നല്ലൊരു ഉദാഹരണമാണ് സ്പോട്ട് ബുക്കിംഗ് ഉപേക്ഷിക്കാൻ എടുത്ത തീരുമാനം. വൈകിയ വേളയിലെങ്കിലും വിശ്വാസി സമൂഹത്തിന്റെ വികാരം മാനിക്കാൻ സർക്കാർ തയ്യാറായത് എന്തുകൊണ്ടും ഉചിതമായി. അതേസമയം, പ്രശ്നത്തിൽ തീരുമാനമെടുക്കാൻ ഇത്രയും ദിവസങ്ങൾ എടുക്കരുതായിരുന്നു. ജനങ്ങളും രാഷ്ട്രീയകക്ഷികളും സാമൂഹ്യ- മത സംഘടനകളുമൊക്കെ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടിട്ടും തീരുമാനമെടുക്കാൻ വൈകിയതിന് ഒരു ന്യായീകരണവുമില്ല ശബരിമല ദർശനത്തിന് വളരെ ദൂരെയുള്ള ഭക്തരും എത്താറുണ്ട്. ഏറെപ്പേരും വെർച്വൽ ക്യൂ എന്താണെന്നുപോലും അറിയാത്തവരായിരിക്കും. മുൻവർഷങ്ങളിൽ ഈ സംവിധാനമില്ലാതെതന്നെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്താൻ അവസരം ലഭിച്ചവരാണവർ.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രമുഖ സാഹിത്യകാരൻ ടി.പദ്മനാഭൻ ഉൾപ്പെടെ 'കേരളകൗമുദി"യിലൂടെ പ്രതികരിച്ചിരുന്നു. ഭക്തരുടെ സുരക്ഷയ്ക്കായാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതെന്ന ദേവസ്വംബോർഡിന്റെ വാദം നിരർത്ഥകവും കഥയില്ലാത്തതുമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഫലപ്രദമായി ക്യൂ സംവിധാനം ഒരുക്കാൻ ഇന്ന് ഒരു പ്രയാസവുമില്ല. എത്രപേർ വന്നാലും അവരുടെ വ്യക്തിഗത വിവരങ്ങൾ പ്രവേശന കവാടത്തിൽ വച്ചുതന്നെ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. അതുകൊണ്ട് ഇതൊന്നും പാടില്ലെന്നു വിധിച്ചത് ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടികൊണ്ടാകണം. സ്പോട്ട് ബുക്കിംഗ് സമ്പ്രദായം ഈ വർഷവും തുടരുമെന്ന് പച്ചയായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും ശബരിമല ദർശനത്തിനെത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കുകതന്നെ ചെയ്യുമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് അക്ഷരാർത്ഥത്തിൽ വിശ്വസിക്കാം. വെർച്വൽ രജിസ്ട്രേഷനില്ലെന്നതിന്റെ പേരിൽ ഒരാളും മടങ്ങിപ്പോകാൻ ഇടവരരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |