കൊച്ചി: ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും ബാല പിന്നെയും നിരന്തരമായി ശല്യം ചെയ്യുകയാണെന്ന് വെളിപ്പെടുത്തി നടൻ ബാലയ്‌ക്കെതിരെ പരാതിനൽകിയ യുവതി. ഡിസംബർ മാസത്തിലും ഇക്കാര്യം ബാലയോട് പറഞ്ഞെന്നും ശല്യം തുടർന്നതുകൊണ്ടാണ് പരാതി നൽകിയതെന്നും പരാതിക്കാരി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. ബാല പലതും പറയുമ്പോൾ നാല് പെണ്ണുങ്ങൾക്ക് വീട്ടിലിരുന്ന് പരസ്‌പരം കെട്ടിപ്പിടിച്ച് കരയാൻ മാത്രമേ കഴിയാറുള്ളെന്നും പരാതിക്കാരി പറഞ്ഞു.
പ്രശ്‌നങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം അതിനാലാണ് നിയമപരമായി മുന്നോട്ടുപോയതെന്ന് പരാതിക്കാരി വ്യക്തമാക്കി. തന്നെ വൃത്തികെട്ട സ്ത്രീയായി പൊതുസമൂഹത്തിന് മുന്നിൽ കാണിക്കുകയാണെന്നും മകളുടെ പേര് സിംപതിക്കായി ബാല എടുക്കരുതെന്നുള്ളതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും ഇവർ പറഞ്ഞു. കോടികൾ താൻ തട്ടിയെടുത്തെന്ന് പറയുന്ന ബാല മകളുടെ കല്യാണത്തിന് പോലും പണം നൽകില്ലെന്ന് എഴുതി വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു.
തന്നെയും മകളെയും അപമാനിച്ചെന്ന ആദ്യ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ ഒക്‌ടോബർ 14ന് പുലർച്ചെ അഞ്ചിനാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയ്ക്ക് ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
മാദ്ധ്യമങ്ങളിലൂടെ മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ പ്രചാരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം.
ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ബാല, മകൾക്കും മുൻ ഭാര്യയ്ക്കുമെതിരെ നടത്തിയ പരാമർശങ്ങളിൽ ഇവരുടെ സഹായമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്. ഇവരെ ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |