കൊച്ചി : കുട്ടികളുടെ മുന്നിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്ന ശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് ഹൈക്കോടതി, ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമായ പ്രവൃത്തികളാണെന്നും കോടതി വ്യക്തമാക്കി. കേസിൽ പ്രതി പോക്സോ, ഐ.പി.സി വകുപ്പുകൾ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത മകനെ മർദ്ദിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ പോക്സോ, ഐ.പി.സി, ജുവനൈൽ ജസ്റ്രിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹർജി നൽകിയത്.
ലോഡ്‌ജിൽ മുറിയടയ്ക്കാതെയാണ് പ്രതി ശാരീരിക ബന്ധത്തിലേർപ്പെട്ടതും വാതിൽ തുറന്നെത്തിയ കുട്ടി രംഗം കണ്ടതും. പിന്നാലെ പ്രതി കുട്ടിയെ മർദ്ദിക്കുകയായിരുന്നു ഇതിന്റെ പേരിൽ പോക്സോ, ഐ.പി.സി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത് ശരിയല്ലെന്നാണ് ഹർജിയിൽ പ്രതി പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ കുട്ടിക്ക് മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് ജസ്റ്റിസ് എ. ബദറൂദ്ദിൻ ചൂണ്ടിക്കാട്ടി. ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വാതിൽ പൂട്ടാതിരുന്നത് കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്നത് കാണുകയും ചെയ്തു. അതു കൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ തല്ലിയെന്ന കേസിൽ ക്രിമിനൽ നിയമപ്രകാരമുള്ള വകുപ്പുകളും നിലനിൽക്കും. അതേസമയം ജുവനൈൽ ജസ്റ്രിസ് നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ കോടതി റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |