തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അനാച്ഛാദനം ചെയ്തു.
തദ്ദേശീയ ഇൻഡോർ സോളാർ സെല്ലുകളാൽ പ്രവർത്തിക്കുന്ന ഈ ഓഫ് ഗ്രിഡ് സ്വയം പവർ ചെയ്യുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ CSIR-NIIST ആണ്. വൈദ്യുതിയോ ബാറ്ററിയോ ഉപയോഗിക്കാതെ ടെർമിനലിന് ഉള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിച്ചാണ് മോണിറ്റർ പ്രവർത്തിക്കുക.
പവനചിത്ര എന്ന പേരിലുള്ള മോണിറ്റർ തെയ്യവും അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുമായി മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ടെർമിനലിന് ഉള്ളിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ്, വായു ഗുണനിലവാര സൂചിക എന്നിവ ട്രാക്കുചെയ്യാൻ കഴിയും.കാലാവസ്ഥാ വ്യതിയാനത്തെ സുസ്ഥിര മാർഗങ്ങളിലൂടെ നേരിടാനാകുമെന്നതിന്റെ ആഗോള മാതൃകയാണ് ഈ ഇൻസ്റ്റലേഷൻ.
2027-ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 1,300 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനിഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ക്ഷേത്ര സമുച്ചയങ്ങളുടെ രൂപകല്പനയെ മാതൃകയാക്കി അതേ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ ടെർമിലിന്റെ രൂപകല്പന. വിമാനത്താവളം വികസിപ്പിക്കുന്നതോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. നിർമാണ പ്രവർത്തനങ്ങൾ 2027 ആകുന്നതോടെ പൂർത്തിയാകും എന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |