കൊ.ച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. മനുഷ്യബോംബാണെന്ന യാത്രക്കാരന്റെ ഭീഷണിയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിസ്താര വിമാനം അരമണിക്കൂറിലേറെ വൈകി. വൈകിട്ട് 3.50ന് മുംബയ്ക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയാണ് ഭീഷണി മുഴക്കിയത്. തുടർന്ന് സി.ഐ.എസ്.എഫുകാർ ഇയാളെ ബലംപ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. 3.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20നാണ് മുംബയിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ദിവസവും കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയർന്നിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി - ദമാം (സൗദി അറേബ്യ), ആകാശ എയറിന്റെ കൊച്ചി - മുംബയ് വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ സന്ദേശം എത്തിയപ്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ട് കഴിഞ്ഞിരുന്നു. . കൊച്ചിയിൽ മാത്രമല്ല രാജ്യത്തെ നിരവധി നഗരങ്ങളിൽ ഇത്തരം വ്യാജ ബോംബ് ഭീഷണി വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ആഴ്ച മാത്രം 20ൽപ്പരം ബോംബ് ഭീഷണി സന്ദേശങ്ങളാണ് രാജ്യത്തെ പല വിമാനത്താവളങ്ങളിലായി എത്തിയത്. എന്താണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ നിരന്തരം ആയി ഉയരുന്നതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് കേന്ദ്രവും.
നിരവധി സെക്ടറുകളിലെ വിമാനങ്ങളിൽ ബ്ലാക് ക്യാറ്റ് സംവിധാനം ഏർപ്പെടുത്താനും കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) കമാൻഡോകളെ പ്രത്യേക പരിശീലനം നല്‍കി സ്‌കൈ മാർഷല്‍ എന്ന പദവിയിൽ വിമാനത്തിനുള്ളില്‍ നിയോഗിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |